ഫിറ്റ്‌നസില്ലാതെ കുട്ടികളുമായി സര്‍വീസ്: വാഹനം പിടിച്ചെടുത്തു

Wednesday 21 March 2018 10:21 pm IST

 

കണ്ണൂര്‍: ഫിറ്റ്‌നസില്ലാതെ കുട്ടികളുമായി സര്‍വീസ് നടത്തിയ വാഹനം ആര്‍ടിഒയുടെ പ്രത്യേക വാഹന പരിശോധനയില്‍ പിടിച്ചെടുത്തു. സ്‌കൂള്‍ ബസുകള്‍ ഓടിക്കുന്ന ഡ്രൈവര്‍മാരുടെ യോഗ്യത, സ്‌കൂള്‍ ആവശ്യത്തിന് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ, സ്പീഡ് ഗവേണര്‍, അഗ്‌നിശമന വാഹനങ്ങള്‍ എന്നിവ ഘടിപ്പിച്ചിട്ടുണ്ടോ, സ്‌കൂള്‍ വാഹനങ്ങളില്‍ ഡോര്‍ അറ്റന്‍ഡര്‍മാരെ നിയോഗിച്ചിട്ടുണ്ടോ, സ്‌കൂള്‍ ട്രിപ്പ് എടുക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളില്‍ 'ഓണ്‍ സ്‌കൂള്‍ ട്രിപ്പ്' എന്ന് എഴുതിയിട്ടുണ്ടോ, കുട്ടികളെ കുത്തിനിറച്ചുകൊണ്ടു പോവുന്നുണ്ടോ എന്നീ കാര്യങ്ങള്‍ പരിശോധിച്ചു. 

മത്സ്യം കയറ്റിപ്പോവുന്ന വാഹനങ്ങളില്‍നിന്ന് വെള്ളം റോഡിലേക്ക് ഒഴുക്കിവിടുന്നുണ്ടോ എന്നും സര്‍വീസ് നടത്തുന്ന സ്റ്റേജ് കാര്യേജ് വാഹനങ്ങള്‍ നികുതി അടച്ചിട്ടുണ്ടോ എന്നും ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ചും പരിശോധന നടത്തി. ഇതില്‍ നിയമലംഘനം നടത്തിയ 140 വാഹനങ്ങളുടെ പേരില്‍ കേസെടുത്തു. പിഴയിനത്തില്‍ 81,900 രൂപ ഈടാക്കി.

ഉത്തരമേഖല ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ ഡോ.മുഹമ്മദ് നജീബിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം കണ്ണൂര്‍, തളിപ്പറമ്പ്, തലശ്ശേരി ഓഫീസുകളിലെ ഓഫീസര്‍മാരെ ഉള്‍പ്പെടുത്തി നടത്തിയ പരിശോധനയ്ക്ക് കണ്ണൂര്‍ ആര്‍ടിഒ എം. മനോഹരന്‍, ജോയിന്റ് ആര്‍ടിഒ അബ്ദുല്‍ ശുക്കൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. എന്‍ഫോഴ്‌സ്‌മെന്റ് എംവിഐ എസ്.സനീശന്‍, എംവിഐ ബേബി ജോണ്‍, എഎംവിഐമാരായ കെ.ജെ.ജെയിംസ്, എസ്.പ്രസാദ്, അജ്മല്‍ഖാന്‍, എസ്.ഡി.ശ്രീനി എന്നിവര്‍ പങ്കെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.