ഏകദിനവേദി; തീരുമാനം ഒരാഴ്ചയ്ക്കകം

Thursday 22 March 2018 4:40 am IST
"undefined"

കൊച്ചി: ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരം കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഒരാഴ്ചയ്ക്കകമുണ്ടാകും. കോടികള്‍ മുടക്കി ഫിഫ നിര്‍മ്മിച്ച ടര്‍ഫിന് കേടുപാടുപറ്റാതെ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് പിച്ച് നിര്‍മ്മിക്കാനാകുമോയെന്ന് വിദഗ്ധ സമിതി പരിശോധിക്കും. ഈ ആഴ്ച തന്നെ പരിശോധനയുണ്ടാകും. 

ഇന്നലെ ജിസിഡിഎ ആസ്ഥാനത്ത് ചെയര്‍മാന്റെ സാനിധ്യത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷനും ഫുട്‌ബോള്‍ അസോസിയേഷനും കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും വ്യക്തമായ നിലപാട് എടുക്കാനായില്ല. സ്റ്റേഡിയത്തില്‍ ക്രിക്കറ്റും ഫുട്ബോളും നടത്താന്‍ സാധിക്കുമെങ്കില്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് സ്റ്റേഡിയം ഉടമസ്ഥരായ ജിസിഡിഎ വ്യക്തമാക്കി. 

ഫിഫ നിര്‍മിച്ച 'ടര്‍ഫിന്  കേടുപാടുകള്‍ സൃഷ്ടിക്കാതെ ക്രിക്കറ്റ് പിച്ച് നിര്‍മിച്ച് കളി നടത്തുകയാണെങ്കില്‍ ജിസിഡിഎ പിന്തുണ നല്‍കുമെന്ന് ചെയര്‍മാന്‍ സി.എന്‍. മോഹനന്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധന നടത്താന്‍ തീരുമാനിച്ചത്. പിച്ച് നിര്‍മിക്കുന്നത് സംബന്ധിച്ച് വിദഗ്ധ സമിതി ഗ്രൗണ്ട് പരിശോധിച്ചശേഷം  അന്തിമ തീരുമാനം പ്രഖ്യാപിക്കും. 

ക്രിക്കറ്റും ഫുട്ബോളും വേണം

കൊച്ചി: കൊച്ചിയില്‍ ക്രിക്കറ്റും ഫുട്‌ബോളും വേണമെന്ന് യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗവും അഭിപ്രായപ്പെട്ടു. കൊച്ചിയില്‍ ക്രിക്കറ്റും ഫുട്ബാളും നടത്തുന്നതിനോട് ആര്‍ക്കും വിയോജിപ്പില്ലെന്ന് ജിസിഡിഎ ചെയര്‍മാനും വ്യക്തമാക്കി. കെസിഎ, കെഎഫ്എ, ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികള്‍ക്കും ജിസിഡിഎയ്ക്കും സര്‍ക്കാറിനും ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ നിന്ന് മാറി തലസ്ഥാനത്ത് കളി നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചാല്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പൂര്‍ണമായും അംഗീകരിക്കുമെന്ന് സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു. എങ്കിലും കൊച്ചിയില്‍ കളി നടത്തുവാനാണ് കെസിഎയ്ക്ക് താത്പര്യം. ധാരാളം സമയം മുമ്പിലുണ്ട്. അനുകൂല തീരുമാനമുണ്ടായാല്‍ ഏപ്രില്‍ അവസാനത്തോടെ പിച്ചിന്റെ നിര്‍മാണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ക്രിക്കറ്റിനായി ഒരുക്കുന്ന ഗ്രൗണ്ട് 22 ദിവസംകൊണ്ട് ഫുട്‌േബാളിനു പാകപ്പെടുത്തിയെടുക്കാനാകുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളുടെ അഭിപ്രായം. നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ലീഗ് അഞ്ചാം സീസണിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചിട്ടില്ല. നവംബര്‍ ഒന്നിന് കൊച്ചിയില്‍ ക്രിക്കറ്റ് നടന്നാല്‍ പിന്നീട് 25 ദിവസം കഴിഞ്ഞേ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കാനാകൂ. അതേസമയം, അന്താരാഷ്ട്ര നിലവാരത്തിലുള്ള ടര്‍ഫിന് അതേപോലെ വീണ്ടും പാകപ്പെടുത്താന്‍ സാധിക്കില്ലെങ്കില്‍ മാത്രമേ കൂടുതല്‍ ആലോചനകള്‍ക്ക് സ്ഥാനമുള്ളു. ഇക്കാര്യത്തില്‍ അന്തിമതീരുമാനം പ്രഖ്യാപിക്കണ്ടത് സര്‍ക്കാരാണ്. രണ്ടു സ്റ്റേഡിയത്തിലും ക്രിക്കറ്റിനും ഫുട്ബാളിനും സാധ്യതയുണ്ടെങ്കില്‍ നടത്തണമെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. 

സ്റ്റേഡിയത്തിന് ബ്ലാസ്റ്റേഴ്‌സുമായുള്ള കരാര്‍ മാര്‍ച്ച് 31ന് അവസാനിക്കും. ഐഎസ്എല്‍ മത്‌സരം എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. സെപ്റ്റംബറില്‍ തുടങ്ങാന്‍ ഉദ്ദേശ്യമുണ്ടെന്നാണ് ടീം പ്രതിനിധികള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ ക്രിക്കറ്റ് തലസ്ഥാനത്തേക്ക് മാറ്റുമെന്ന് ഉറപ്പിക്കാം. കെസിഎ പ്രസിഡന്റ് റോങ്ക്‌ലിന്‍, കെഎഫ്എ പ്രസിഡന്റ് കെഎംഐ മേത്തര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.