സന്തോഷ് ട്രോഫി; ബംഗാളിന് തുടര്‍ച്ചയായ രണ്ടാം വിജയം

Thursday 22 March 2018 4:50 am IST
"undefined"

കൊല്‍ക്കത്ത: നിലവിലെ ജേതാക്കളായ ബംഗാളിന് സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാം വിജയം. ഗ്രൂപ്പ് എയില്‍ രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് മഹാരാഷ്ട്രയെ തകര്‍ത്തുവിട്ടു.

രബീന്ദ്ര സരോവര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മറ്റൊരു ഗ്രൂപ്പ് എ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ മണിപ്പൂരിനെ ചണ്ഡിഗഢ് സമനിലയില്‍ പിടിച്ചുനിര്‍ത്തി 1-1. തുടക്കത്തില്‍ തന്നെ ഒരു ഗോളിന് പിന്നില്‍ പോയ ബംഗാള്‍ ശക്തമായി തിരിച്ചുവരവിലൂടെയാണ് വിജയം നേടിയത്. ബംഗാളിന്റെ അഞ്ചു ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്.

എട്ടാം മിനിറ്റില്‍ ആതിഥേയരായ ബംഗാളിനെ ഞെട്ടിച്ച് മഹാരാഷ്ട്ര ഗോള്‍ നേടി. ഫ്രീക്കിക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. കിരണ്‍ എടുത്ത ഫ്രീക്കിക്ക് ലീയാന്‍ഡര്‍ ധര്‍മാണി ഗോളിലേക്ക് തിരിച്ചുവിട്ടു. ഓഫ് സൈഡാണെന്ന് ബംഗാള്‍ കളിക്കാര്‍ വാദിച്ചെങ്കിലും ഗോള്‍ അനുവദിച്ചു.

സടകുടഞ്ഞെഴുന്നേറ്റ ബംഗാള്‍ പിന്നെ കളം നിറഞ്ഞ് കളിച്ചു. പക്ഷെ ആദ്യ പകുതിയില്‍ അവര്‍ക്ക് അവസരങ്ങള്‍ മുതലാക്കാനായില്ല. മണിപ്പൂരിനെതിരായ മത്സരത്തിലെ ഹീറോ ദാസും അവസരം നഷ്ടപ്പെടുത്തി. രണ്ടാം പകുതിയില്‍ ബംഗാള്‍ ഗോളടിമേളം തുടങ്ങി. 55-ാം മിനിറ്റില്‍ സമിനില ഗോള്‍ പിറന്നു. എം ചക്ലാദറാണ് സ്‌കോറിങ്ങ് തുടങ്ങിയത്. എട്ട് മിനിറ്റുകള്‍ക്ക് ശേഷം ജിതന്‍ മുര്‍മു ബംഗാളിനെ മുന്നിലെത്തിച്ചു. തുടര്‍ന്ന് 80, 83 മിനിറ്റുകളില്‍ സിങ്ങ് ഗോള്‍ കുറിച്ചു. പരക്കാരനായി ഇറങ്ങിയ രാജന്‍ ബാര്‍മാന്‍ അവസാന നിമിഷത്തില്‍ ബംഗാളിന്റെ അഞ്ചാം ഗോളും കുറിച്ചു.

ആദ്യ മത്സരത്തില്‍ ബംഗാള്‍ മണിപ്പൂരിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു. അടുത്ത മത്സരത്തില്‍ വിജയിച്ചാല്‍ ബംഗാളിന് സെമിഫൈനല്‍ ഉറപ്പാകും. ചണ്ഡിഗഢിനെതിരായ മത്സരത്തിന്റെ 26-ാം മിനിറ്റില്‍ നവോച്ച മണിപ്പൂരിനെ മുന്നിലെത്തിച്ചു. 67-ാം മിനിറ്റില്‍ വിവേക് റാണ ചണ്ഡിഗഢിന്റെ സമനില ഗോള്‍ കണ്ടെത്തി. ആദ്യ മത്സരങ്ങളില്‍ ചണ്ഡിഗഢും മണിപ്പൂരും തോല്‍വി ഏറ്റുവാങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.