കനിഷ്ക് ജ്വല്ലറി ബാങ്കുകളിൽ നിന്ന് 824 കോടി തട്ടി

Thursday 22 March 2018 4:25 am IST

ചെന്നൈ: കനിഷ്‌ക് ജ്വല്ലറി ശൃംഖല 14 ബാങ്കുകളില്‍ നിന്ന് 824.15 കോടി രൂപ തട്ടിയെടുത്തതായി പരാതി. പലിശയടക്കം 1000 കോടി രൂപയുടെ നഷ്ടമാണ് ബാങ്കുകള്‍ക്കുണ്ടായിരിക്കുന്നത്. ജനുവരി 25-ാം തീയതി തട്ടിപ്പിനെതിരെ പരാതിയുമായി ആദ്യം സിബിഐയെ സമീപിച്ചത് എസ്ബിഐ ആണ്. 

കണക്കുകളില്‍ കൃത്രിമം കാണിച്ചുവെന്നും ഒറ്റ രാത്രികൊണ്ട് സ്ഥാപനം അടച്ച് പൂട്ടിയെന്നും ചൂണ്ടിക്കാണിച്ചായിരുന്നു പരാതി. തട്ടിപ്പ് നടത്തിയ അക്കൗണ്ടിനെക്കുറിച്ച്  2017 നവംബര്‍ 11ന് എസ്ബിഐ ആര്‍ബിഐയ്ക്ക് വിവരം നല്‍കിയിരുന്നു. ജനുവരിയോടെ മറ്റ് ബാങ്കുകളും ഇതേകാര്യം ആര്‍ബിഐയെ അറിയിച്ചു. 2017 മാര്‍ച്ചിലാണ് ആദ്യമായി തിരിച്ചടവില്‍ ജ്വല്ലറി പിഴവ് വരുത്തിയതെന്ന് എസ്ബിഐ വ്യക്തമാക്കി. ഏപ്രില്‍ മാസത്തോടെ 14 ബാങ്കുകളിലേക്കുള്ള തരിച്ചടവും അവര്‍ നിര്‍ത്തുകയായിരുന്നു. ഭൂമേഷ് കുമാര്‍ ജെയിന്‍, ഭാര്യ നീതാ ജെയിന്‍ എന്നിവരാണ് ചെന്നൈയിലെ ടി നഗര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജ്വല്ലറി ശൃംഖലയുടെ ഉടമകള്‍.

 മൗറീഷ്യസില്‍ താമസമാക്കിയ ദമ്പതികളെ ബാങ്കുകള്‍ പലവട്ടം ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല. ജ്വല്ലറികള്‍ കാലിയാക്കി അവ അടച്ച് പൂട്ടിയിരിക്കുകയാണ്. 2007 മുതല്‍ എസ്ബിഐയില്‍ നിന്ന് കനിഷ്‌ക് ഗോള്‍ഡ് എന്ന സ്ഥാപനം വായ്പയെടുത്തിട്ടുണ്ട്. ഐസിഐസിഐ ബാങ്കില്‍  നിന്ന് എടുത്ത വായ്പകൂടി 2008ല്‍ എസ്ബിഐ ഏറ്റെടുത്തിരുന്നു. 2011 ല്‍ പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകള്‍ക്കൊപ്പം മള്‍ട്ടിപ്പിള്‍ ബാങ്കിങ്ങ് സംവിധാനത്തിലേക്ക്  വായ്പകള്‍ മാറ്റുകയും പിന്നീട് 2012 മുതല്‍ ജ്വല്ലറിയിലേക്ക് സ്വര്‍ണ്ണം വാങ്ങിയിരുന്നത് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് എടുത്ത വായ്പ ഉപയോഗിച്ചായിരുന്നുവെന്നും എസ്ബിഐ അറിയിച്ചു. അതേസമയം പരാതി ലഭിച്ചിട്ടും സിബിഐ ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.