നെല്‍വയല്‍ സംരക്ഷണ സമരത്തെ അവഹേളിക്കുന്നത് വെട്ടിനിരത്തിയവര്‍

Thursday 22 March 2018 4:07 am IST

ആലപ്പുഴ: കീഴാറ്റൂരില്‍ നെല്‍വയല്‍ സംരക്ഷിക്കാന്‍ സമരം ചെയ്യുന്ന വയല്‍ക്കിളികളെ കഴുകന്‍മാര്‍ എന്ന് ആക്ഷേപിച്ച മന്ത്രി ജി. സുധാകരന്‍ തള്ളിപ്പറയുന്നത് വെട്ടിനിരത്തല്‍ സമരത്തെ. നെല്‍വയല്‍ സംരക്ഷിക്കാനെന്ന പേരില്‍ വെട്ടിനിരത്തല്‍ സമരത്തിന് വി.എസ്. അച്യുതാനന്ദനൊപ്പം നേതൃത്വം നല്‍കിയത് ജി. സുധാകരനായിരുന്നു.

കുടിവെള്ള ക്ഷാമവും നെ ല്‍വയല്‍ സംരക്ഷണവും എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സിപിഎം നിയന്ത്രണത്തിലുള്ള കേരളാ സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന്‍ നെല്‍വയല്‍ സംരക്ഷണ സമരം ആരംഭിച്ചത്. 1997 ജൂണില്‍ കുട്ടനാട്ടിലെ മങ്കൊമ്പില്‍ ചേര്‍ന്ന സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തത് അച്യുതാനന്ദനായിരുന്നു.

സംസ്ഥാനത്ത് ഏറ്റവുമധികം നെല്‍കൃഷി ഉണ്ടായിരുന്നത് 1970കളുടെ തുടക്കത്തിലായിരുന്നു. അന്ന് 15 ലക്ഷം ഹെക്ടറിലേറെ സ്ഥലത്താണ് കൃഷിയുണ്ടായിരുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കുറഞ്ഞു. 

1997ല്‍ കെഎസ്‌കെടിയു നെല്‍വയല്‍ സംരക്ഷണ സമരം ആരംഭിച്ചപ്പോള്‍ നെല്‍പ്പാടം ഏഴുലക്ഷം ഹെക്ടറായിരുന്നു. ഈ സ്ഥിതി തുടര്‍ ന്നാല്‍ നെല്‍വയലുകള്‍ ഇല്ലാതാകുമെന്നും, ഭക്ഷ്യസുരക്ഷയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനും ഭീഷണിയാകുമെന്നുമാണ് അന്ന് കെഎസ്‌കെടിയു പറഞ്ഞത്. 

അവശേഷിക്കുന്ന നെല്‍വയലുകളെങ്കിലും മാറ്റിമറിക്കരുതെന്നും, നെല്‍കൃഷി വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കെഎസ്‌കെടിയു സമരം. സമരം കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്ന വെട്ടിനിരത്ത ല്‍ സമരമായി അധഃപതിച്ചു. സമരത്തിന്റെ ആദ്യ ഇരയായിരുന്നു കുട്ടനാട് നെടുമുടി പൂപ്പള്ളി ജെസ് കോട്ടേജില്‍ എന്‍.ടി. ജോസഫ് എന്ന കര്‍ഷകന്‍. 

പൂപ്പള്ളിയിലെ അഞ്ചേക്കര്‍ ഭൂമിയിലായിരുന്നു  വെട്ടിനിരത്തല്‍. ജോസഫ് അന്ന് അരുണാചല്‍ പ്രദേശിലായിരുന്നു. ഭാര്യ എല്‍സമ്മ മാത്രമാണ് നാട്ടിലുണ്ടായിരുന്നത്. അവര്‍ വാഴയും തെങ്ങിന്‍ തൈകളുംവരെ വെട്ടിനിരത്തി കൊടികള്‍ കുത്തി. സംസ്ഥാനത്തിന്റെ പാലഭാഗത്തും കാര്‍ഷിക വിളകള്‍ നശിപ്പിച്ച് വെട്ടിനിരത്തല്‍ സമരം അരങ്ങേറി. 

ഇതിനുശേഷം സിപിഎമ്മുകാര്‍ നിലംനികത്തി റിയല്‍ എസ്റ്റേറ്റിലേക്ക് തിരിഞ്ഞു. സമരത്തിന് തുടക്കം കുറിച്ച കുട്ടനാട്ടില്‍ പിന്നീട് നിലംനികത്തി പാര്‍ട്ടി ഓഫീസും ഹാളും നിര്‍മിച്ചാണ് സിപിഎം നെല്‍വയല്‍ സംരക്ഷണ സമരത്തെ ഒറ്റു കൊടുത്തത്. സമരത്തിന് നേതൃത്വം നല്‍കിയ വിഎസ്സും, സുധാകരനും ഇതിന് മൗനസാക്ഷികളായി മാറി. ഇപ്പോള്‍ നെല്‍വയലുകള്‍ സംരക്ഷിക്കാന്‍ സമരം നടത്തുന്നവരെ അധിക്ഷേപിക്കുമ്പോള്‍ സിപിഎം തള്ളിപ്പറയുന്നത് തങ്ങള്‍ കൂടി പങ്കെടുത്ത മുന്‍കാല സമരങ്ങളെയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.