ദേവസ്വം ഭൂമി വീണ്ടെടുക്കാന്‍ നടപടി സ്വീകരിക്കണം: ഹിന്ദു സംഘടനാ നേതാക്കള്‍

Thursday 22 March 2018 3:46 am IST

തിരുവനന്തപുരം: അന്യാധീനപ്പെട്ടതും, വിവിധ കോടതികള്‍ തീര്‍പ്പ് കല്‍പ്പിച്ചതുമായ ദേവസ്വം ഭൂമികള്‍ വീണ്ടെടുക്കാന്‍ ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിക്കണമെന്ന് വിവിധ ഹിന്ദുസംഘടനാ നേതാക്കള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന് ഹിന്ദുഐക്യവേദി സമര്‍പ്പിച്ച അവകാശ പത്രികയിലെ ദേവസ്വം ബോര്‍ഡ് നടപ്പാക്കേണ്ട ആവശ്യങ്ങള്‍ സംബന്ധിച്ച് ദേവസ്വം കമ്മീഷണറുടെ ചേമ്പറില്‍ നടന്ന ചര്‍ച്ചയിലാണ് ഹിന്ദുസംഘടനാ നേതാക്കള്‍ ഈ ആവശ്യമുന്നയിച്ചത്.

ദേവസ്വം ഭൂമി പാട്ടത്തിന് നല്‍കല്‍, ദേവസ്വം ഭൂമി അന്യാധീനപ്പെടല്‍, ശബരിമല എം.ആര്‍. ഹരിഹരന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിര്‍ദ്ദേശങ്ങള്‍, ദേവസ്വം പിന്‍വാതില്‍ നിയമനം തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചയില്‍ ഉന്നയിച്ചത്.

ദേവസ്വം ഭൂമികള്‍ പാട്ടത്തിന് നല്‍കാനുള്ള തീരുമാനം ആശങ്കാജനകമാണ്. ഭക്തജന സംഘടനകളുടെ സംശയ നിവൃത്തി വരുത്തിയതിന് ശേഷം മാത്രമേ തീരുമാനം കൈകൊള്ളാവൂ എന്ന് ഹിന്ദുസംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. ദേവസ്വം ഭൂമി വീണ്ടെടുക്കാന്‍ മൂന്നാര്‍ മാതൃകയില്‍ പ്രത്യേക ട്രൈബൂണല്‍ രൂപീകരിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് ദേവസ്വം കമ്മീഷണര്‍ പറഞ്ഞു. 

ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ കീഴില്‍ ടെംബിള്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡ് പുനഃക്രമീകരിച്ച് സ്ഥിരം സംവിധാനമായി നിലനിര്‍ത്തണമെന്ന് ഹിന്ദുസംഘടനാ നേതാക്ക ള്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് ശങ്കരന്‍ നായര്‍ കമ്മീഷന്‍, ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍ കമ്മീഷന്‍, ജസ്റ്റിസ് പ്രേമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശകള്‍ എന്നിവ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.

ദേവസ്വം കമ്മീഷണര്‍ എന്‍. വാസു, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ ഗായത്രി ദേവി, ദേവസ്വം ലോ ഓഫീസര്‍ എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. ഹിന്ദുസംഘടനകളെ പ്രതിനിധാനം ചെയ്യുന്ന ശബരിമല അയ്യപ്പസേവാ സമാജം, ദേശീയ സെക്രട്ടറി സ്വാമി അയ്യപ്പദാസ്, വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് എസ്.ജെ. കുമാര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജന. സെക്രട്ടറി ഇ.എസ്. ബിജു, സെക്രട്ടറി കെ. പ്രഭാകരന്‍, ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.എസ്. നാരായണന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. കുഞ്ഞ്, ക്ഷേത്ര ഏകോപന സമിതി സംയോജകന്‍ എം.പി. അപ്പു എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.