ഒന്നും ശരിയായില്ല; ലൈഫില്ലാതെ ലൈഫ് പദ്ധതി

Thursday 22 March 2018 4:16 am IST
"undefined"

കൊല്ലം: എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യവുമായി കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ച പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് ആരംഭിച്ച ലൈഫ് പാര്‍പ്പിട പദ്ധതിക്ക് താളം തെറ്റി. കഴിഞ്ഞ ജൂലൈയിലാണ്  പദ്ധതി തുടങ്ങിയത്. മാര്‍ച്ച് 31ന് മുന്‍പ് ആദ്യഘട്ടം പൂര്‍ത്തീകരിക്കാനായിരുന്നു ലക്ഷ്യം. 

വിവിധ പദ്ധതികളില്‍ പെടുത്തി തുടങ്ങുകയും പലകാരണങ്ങളാല്‍ മുടങ്ങുകയും ചെയ്ത  വീടുകളുടെ പൂര്‍ത്തീകരണമായിരുന്നു ആദ്യ ലക്ഷ്യം. കുടുംബശ്രീ വഴി നടത്തിയ കണക്കെടുപ്പില്‍  62491 വീടുകളാണ് കണ്ടെത്തിയത്. മാര്‍ച്ച് 31ന് മുന്‍പ് ഇവ പൂര്‍ത്തീകരിക്കാന്‍ സംസ്ഥാന തലം മുതല്‍ വാര്‍ഡ് തലം വരെ സമിതികള്‍ രൂപീകരിച്ചു. 

ഒരു വീടിന് നാല് ലക്ഷം രൂപ കണക്കില്‍ അനുവദിക്കാനായിരുന്നു തീരുമാനം. മുന്‍പ് കൈപ്പറ്റിയ തുകയുടെ ബാക്കി നല്‍കും. ഈ തുക ഉപയോഗിച്ചും നിര്‍മാണം പൂര്‍ത്തിയാകില്ലെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയോ പ്രാദേശിക സമിതി അധിക തുക കണ്ടെത്തിയോ നല്‍കണം. നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കാണ് മേല്‍നോട്ട ചുമതല. മാര്‍ച്ച് 31ന് പൂര്‍ത്തീകരിക്കണമെന്ന കര്‍ശന നിര്‍ദേശം സര്‍ക്കാര്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നല്‍കിയിരുന്നു. 

എന്നാല്‍ ഒന്നും ശരിയായില്ല. പല സ്ഥലത്തും സമിതികള്‍ രൂപീകരിച്ചതല്ലാതെ ഭവനനിര്‍മാണം ആരംഭിച്ചില്ല. നിര്‍വഹണ ഉദ്യോഗസ്ഥര്‍ ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറല്ല. പ്രഖ്യാപനം എട്ട് മാസം പിന്നിടുമ്പോള്‍ 16300 വീടുകള്‍ മാത്രമാണ് പൂര്‍ത്തിയായത്, 26 ശതമാനം. 4308 വീടുകളുടെ നിര്‍മാണം ആരംഭിക്കാന്‍ പോലും സാധിച്ചിട്ടില്ല. 

തറപൂര്‍ത്തിയായത്-12008, ജനല്‍ നിരപ്പ്-16712, മേല്‍ക്കൂരപൂര്‍ത്തിയായത്-13163. ഭൂരിഭാഗത്തിലും ലൈഫ് പദ്ധതി പ്രഖ്യാപിക്കുന്നതിനു മുന്‍പുള്ള അവസ്ഥ തന്നെ. കൊല്ലം (17ശതമാനം), തൃശൂര്‍ (14 ശതമാനം), വയനാട് (19ശതമാനം) ജില്ലകളാണ് ഏറെ പിന്നില്‍. വയനാട്ടില്‍ 1207 വീടുകളുടെ നിര്‍മാണം ആരംഭിച്ചിട്ടില്ല. തിരുവനന്തപുരം ജില്ലയാണ് മുന്നില്‍ 39 ശതമാനം പൂര്‍ത്തിയായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.