മൗനം വെടിഞ്ഞു, സുക്കര്‍ബെര്‍ഗ് മാപ്പു ചോദിച്ചു

Thursday 22 March 2018 7:58 am IST
"undefined"

ന്യൂയോര്‍ക്ക്: അഞ്ചു ദിവസത്തെ മൗനം അവസാനിപ്പിച്ച് ഫേസ്ബുക് സിഇഒ മാര്‍ക് സുക്കര്‍ബെര്‍ഗ് ലോകത്തോടു മാപ്പു ചോദിച്ചു. ഞങ്ങള്‍ക്കു തെറ്റുപറ്റി, ക്ഷമിക്കുക, നിങ്ങളുടെ വിവരങ്ങള്‍ സൂക്ഷിക്കേണ്ടതായിരുന്നു...

ബ്രിട്ടിഷ് കമ്പനിയായ കേംബ്രിജ് അനലിറ്റിക്ക കോടിക്കണക്കിനാളുകളുടെ ഫേസ്ബുക് രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തലിനുശേഷം വിവാദം കത്തിപ്പടര്‍ന്നപ്പോഴും പ്രതികരിക്കാതെ ഒളിച്ചു നില്‍ക്കുകയായിരുന്നു സുക്കര്‍ബെര്‍ഗ്.

ഇന്നലെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തിലൂടെയും പിന്നീടു വിവിധ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തിലൂടെയുമാണ് സുക്കര്‍ബെര്‍ഗ് വിശദീകരണവും ഖേദപ്രകടനവും നടത്തിയത്. 

അമേരിക്കയിലെ തെരഞ്ഞെടുപ്പു ഘട്ടത്തില്‍ ഡൊണാള്‍ഡ് ട്രംപിന്റെ പ്രചരണത്തിനായി പ്രത്യേക പ്രോഗാം തയാറാക്കിയാണ് കേംബ്രിജ് അനലിറ്റിക്ക അഞ്ചു കോടി അമേരിക്കക്കാരുടെ ഫേസ്ബുക് അക്കൗണ്ടുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയത്. ബ്രിട്ടിഷ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും അനലിറ്റിക്ക സിഇഒ അലക്‌സാണ്ടര്‍ നിക്‌സിനെ പുറത്താക്കുകയും ചെയ്തിട്ടും സുക്കര്‍ബെര്‍ഗ് പ്രതികരിച്ചിരുന്നില്ല. സുക്കര്‍ബെര്‍ഗ് എവിടെ എന്ന തരത്തിലുള്ള കാംപെയിന്‍ പോലും സോഷ്യല്‍മീഡിയയില്‍ ആരംഭിച്ചിരുന്നു.

ഇതോടെ വെളിച്ചത്തുവരാന്‍ ഫേസ്ബുക് സിഇഒ നിര്‍ബിന്ധതനായി. വ്യക്തിപരമായ വിവരങ്ങള്‍ ഫേസ്ബുക്കിനോടു പങ്കുവെച്ചവരുടെ വിശ്വാസം ഞങ്ങള്‍ തകര്‍ത്തു എന്നു തിരിച്ചറിയുന്നു, സുക്കര്‍ബെര്‍ഗ് ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു. അതെല്ലാം ഞങ്ങളുടെ പക്കല്‍ സുരക്ഷിതമായിരിക്കും എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഞങ്ങള്‍ക്കു തെറ്റുപറ്റി. നിങ്ങളുടെ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമായിരുന്നു. അതിനു സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നു പറയുന്നതില്‍ കാര്യമില്ല. തെറ്റുപറ്റി, അതു തിരുത്താന്‍ ഏറെക്കാര്യങ്ങള്‍ ചെയ്യാനുണ്ട്, സുക്കര്‍ബെര്‍ഗ് പറഞ്ഞു.

അക്കൗണ്ടുകളിലെ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന്റെ ഭാഗമായി തിരുത്തല്‍ നടപടികള്‍ക്ക് ഫേസ്ബുക് തുടക്കമിട്ടു. ചില ചട്ടങ്ങള്‍ക്ക് അനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ഫേസ്ബുക് തീരുമാനിച്ചു എന്നാണ് സൂചന. അമേരിക്കന്‍ കോണ്‍ഗ്രസിനു മുമ്പാകെ ഹാജരായി വിശദീകരണം നല്‍കാന്‍ തയാറാണെന്നും സുക്കര്‍ബെര്‍ഗ് പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.