തൊഴില്‍രംഗത്ത് വന്‍മാറ്റത്തിന് വഴിയൊരുക്കി കേന്ദ്രസര്‍ക്കാര്‍

Thursday 22 March 2018 12:15 pm IST
"undefined"

ന്യൂദല്‍ഹി: തൊഴില്‍രംഗത്ത് വന്‍മാറ്റത്തിന് വഴിയൊരുക്കി കേന്ദ്രസര്‍ക്കാര്‍.എല്ലാ വ്യവസായമേഖലകളിലും കരാര്‍ തൊഴിലും നിശ്ചിത കാലാവധി തൊഴിലും അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. 'ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ്(സ്റ്റാന്‍ഡിങ് ഓര്‍ഡേഴ്‌സ്) കേന്ദ്ര ഭേദഗതി ചട്ടം 2018' ഭേദഗതി ചെയ്താണ് തൊഴില്‍മന്ത്രാലയം പുതിയ ഉത്തരവ് പുറത്തിറക്കിയത്.

നിലവിലുള്ള സ്ഥിരം ജീവനക്കാരെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിശ്ചിത കാലാവധി തൊഴിലാളികളാക്കി മാറ്റാന്‍ തൊഴിലുടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അനുമതിയില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. നിശ്ചിതകാല തൊഴിലാളിയുടെ ജോലിസമയം, ശമ്പളം, അലവന്‍സുകള്‍ മറ്റാനുകൂല്യങ്ങള്‍ എന്നിവ സ്ഥിരം തൊഴിലാളിയുടേതിനെക്കാള്‍ കുറയരുത്.സ്ഥിരം തൊഴിലാളിക്ക് മറ്റുനിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ അതിനാവശ്യമായ സേവനകാലാവധി നോക്കാതെതന്നെ, സേവനം ചെയ്തകാലത്തിന് ആനുപാതികമായി നല്‍കണം.

നിലവിലെ നിയമമനുസരിച്ച്, ചുരുങ്ങിയത് അഞ്ചുകൊല്ലം ജോലിയെടുത്താലേ ഗ്രാറ്റ്വിവിറ്റി ലഭിക്കൂ. എന്നാല്‍, നിശ്ചിതകാല തൊഴില്‍ രണ്ടോ മൂന്നോ വര്‍ഷമാണെങ്കിലും അതനുസരിച്ച് ഗ്രാറ്റ്വിറ്റി നല്‍കണം. ഇപ്പോള്‍ മിക്കവാറും മേഖലകളില്‍ കരാര്‍ ഒന്നോ രണ്ടോ വര്‍ഷത്തേക്കുമാത്രം നല്‍കി പിന്നീട് പുതുക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ ഗ്രാറ്റ്വിവിറ്റി നല്‍കേണ്ടതില്ല. ഈ സ്ഥിതിയ്ക്ക് മാറ്റമുണ്ടാകും. 

താത്കാലിക തൊഴിലാളിയെ ശിക്ഷാനടപടിയുടെ പേരില്‍  പിരിച്ചുവിടരുത്. ശിക്ഷിക്കാനാണ് പിരിച്ചുവിടുന്നതെങ്കില്‍ നേരത്തേ വിശദീകരണം ചോദിക്കണം. അവധിയിലുള്ള സ്ഥിരംതൊഴിലാളി തിരിച്ചുവരുമ്പോള്‍, പകരം നിയമിച്ച താത്കാലിക തൊഴിലാളിയെ പിരിച്ചുവിടാമെങ്കിലും കാരണം രേഖാമൂലം അറിയിക്കണം.

നൂറില്‍ക്കൂടുതല്‍ തൊഴിലാളികള്‍ ജോലിചെയ്യുന്നതും മിനിമം വേജസ് ആക്ട് ബാധകവുമായ എല്ലാ സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളിലും ഇപ്പോള്‍ 1946-ലെ സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ നിയമം ബാധകമാണ്. ആ നിയമത്തിന്റെ ചട്ടമാണ് ഭേദഗതിചെയ്തത്. ചട്ടം വരുന്നതോടെ സംഘടിത മേഖലയില്‍ സ്ഥിരംസ്വഭാവമുള്ള തൊഴില്‍ അവസാനിക്കും. പുതിയ നിയമനങ്ങള്‍ക്കായിരിക്കും ചട്ടം ബാധകമാവുക. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.