പ്രപഞ്ചം നിലനില്‍ക്കുന്നിടത്തോളം ആധാര്‍ വിവരങ്ങള്‍ സുരക്ഷിതം

Thursday 22 March 2018 4:52 pm IST

ന്യൂദല്‍ഹി: ആധാറിനായി സ്വീകരിച്ച ബയോമെട്രിക് വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് പോലും കൈമാറിയിട്ടില്ലെന്ന് യുഐ‌ഡി‌എ‌ഐ. സുപ്രീംകോടതിയിലെ പവര്‍ പോയിന്റ് പ്രസന്റേഷനില്‍ യുഐ‌ഡി‌എ‌ഐ സി‌ഇഒയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ അന്വേഷണ ഏജന്‍സികള്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ഒരിക്കല്‍പ്പോലും വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. പ്രപഞ്ചം നിലനില്‍ക്കുന്നിടത്തോളം ആധാര്‍ വിവരങ്ങള്‍ ഹാക്ക് ചെയ്യുക അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

ബയോമെട്രിക് വെരിഫൈ ചെയ്യാന്‍ കഴിയാത്തതിന്റെ പേരില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നില്ലേയെന്ന് കോടതി ആരാഞ്ഞു. എന്തുകൊണ്ടാണ് 49,000 സ്വകാര്യ എന്‍‌റോള്‍‌മെന്റ് ഏജന്‍സികളുടെ അംഗീകാരം റദ്ദാക്കിയതെന്നും കോടതി ചോദിച്ചു. സമൂഹത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും ആധാര്‍ പരിഹാരമല്ലെന്നും ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടാന്‍ കാരണം സംവിധാനത്തിന്റെ മനോഭാവമെന്നും യുഐ‌ഡി‌എ‌ഐ അറിയിച്ചു. 

ആധാറിന്റെ സുരക്ഷിതത്വം സംബന്ധിച്ച് യു‌ഐ‌ഡി‌എ‌ഐക്ക് വിശദീകരണം നല്‍കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് രണ്ടര മണിയ്ക്ക് കോടതി മുറിയില്‍ പവര്‍‌പോയിന്റ് അവതരണം നടത്തി. അറ്റോര്‍ണി ജനറലിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് സുപ്രീംകോടതി വിശദീകരണം നല്‍കാന്‍ അനുമതി നല്‍കിയത്. ആധാര്‍ വിവരങ്ങള്‍ ചോരാതിരിക്കാന്‍ കൃത്യമായ മുന്‍‌കരുതല്‍ സംവിധാനങ്ങള്‍ ഉണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ നേരത്തെ അറിയിച്ചിരുന്നു. പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അന്തരം ആധാര്‍ കുറയ്ക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. 

ആധാറിലെ വിവരങ്ങള്‍ സുരക്ഷിതമല്ലെന്നും എപ്പോള്‍ വേണമെങ്കിലും ചോരാമെന്നുമായിരുന്നു ഹര്‍ജിക്കാര്‍ ഉന്നയിച്ച പ്രധാന വാദം. വിവരങ്ങള്‍ എങ്ങനെയാണ് കൃത്യമായി സൂക്ഷിക്കുന്നതെന്ന് പവര്‍ പോയിന്റ് പ്രസന്റേഷനിലൂടെ അവതരിപ്പിക്കാമെന്ന് യുഐ‌ഡി‌എ‌ഐ ചെയര്‍മാന്‍ കോടതിയെ അറിയിച്ചിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.