അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയാന്‍ സിപിഎമ്മിന് അവകാശമില്ല: അഡ്വ.മോണിക്ക അറോറ

Thursday 22 March 2018 6:17 pm IST

 

കണ്ണൂര്‍: കേരളത്തില്‍ സ്ത്രീകളെയും കുട്ടികളെയും പോലും കൊലപ്പെടുത്തുകയും ക്രൂരമായി അക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന സിപിഎമ്മിന് ജെഎന്‍യു സര്‍വ്വകലാശാലയിലും മറ്റും അഭിപ്രായസ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞ് നടക്കാന്‍ എന്താണ് അവകാമുള്ളതെന്ന് സുപ്രീം കോടതി അഭിഭാഷക അഡ്വ.മോണിക്ക അറോറ ചോദിച്ചു. കണ്ണൂരില്‍ ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ചുവപ്പ്-ജിഹാദി ഭീകരതക്കെതിരെ ജാഗ്രത എന്ന പേരില്‍ സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ ചുവപ്പ് ഭീകതര സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

കുടുംബനാഥന്‍മാരെ കൊലപ്പെടുത്തുന്നു, വീടുകള്‍ തീയ്യിട്ട് നശിപ്പിക്കുന്നു, സ്ത്രീകളെ ചുട്ടുകൊല്ലുന്നു, ഗര്‍ഭിണിയെ അക്രമിച്ച് ഗര്‍ഭസ്ഥശിശുവിനെ നശിപ്പിക്കുന്നു, ദൈവത്തിന് സമാനമായ ഗുരുക്കന്‍മാര്‍ അക്രമിക്കപ്പെടുന്നു. ഇതാണ് കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ കേരളത്തില്‍ നടക്കുന്നത്. അച്ഛനെയും മകനെയും കുടുംബത്തിന്റെ ഏക അത്താണിയായ സ്ത്രീകളെപ്പോലും ഇല്ലാതാക്കുന്ന മനുഷ്യത്വമില്ലായ്മയാണ് കേരളത്തില്‍ അരങ്ങേറുന്നത്. നിയമവ്യവസ്ഥ തകര്‍ന്നിരിക്കുകയാണ്. എവിടെയാണ് ക്രമസമാധാനമുള്ളത്. ദളിതരും ആദിവാസികളും അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയുമാണ്. ഇതാണോ ദൈവത്തിന്റെ സ്വന്തം നാട്? ഭാരതത്തിന്റെ ഏത് മുക്കിലും മൂലയിലും നടക്കുന്ന നിസ്സാര സംഭവങ്ങള്‍ പോലും ദേശീയ തലത്തില്‍ മോദി സര്‍ക്കാറന്റെ അസഹിഷ്ണുതയായി ഉയര്‍ത്തിക്കാട്ടുകയും സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന സിപിഎം കേരളം ഇന്ത്യയുടെ ഭാഗമല്ലേ എന്ന് പറയണം. അഫ്‌സല്‍ ഗുരുവിനെയും കാശ്മീരിലെ ഭീകരവാദികളെയും അനുകൂലിക്കുന്ന നിലപാട് സ്വീകരിക്കുന്ന സിപിഎം സൈനികരെ അവഹേളിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും അവര്‍ ചോദിച്ചു. ജിഹാദികള്‍ക്ക് വളരാനുള്ള എല്ലാ സാഹചര്യവും ഒരുക്കുന്നതും സിപിഎമ്മാണ്. മതേതരത്വവും ജനാധിപത്യവും പ്രസംഗിക്കുകയും കേരളത്തില്‍ ന്യൂനപക്ഷ പ്രീണനവും ജനാധിപത്യ ധ്വസനവും നടത്തുകയുമാണ് സിപിഎം. മറ്റ് സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങളും മറ്റും മരണപ്പെടുമ്പോള്‍ വാചാലരാവുകയും കേരളത്തിലെ കൊലപാതകങ്ങളെക്കുറിച്ച് മൗനം പാലിക്കുകയുമാണ്. സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തിലും ഇവരുടെ അവകാശങ്ങളെക്കുറിച്ചും അധികാരങ്ങളെക്കുറിച്ചും വാചാലരാകുന്ന സിപിഎം പ്രവര്‍ത്തിയിലുടനീളം സ്ത്രീവിരുദ്ധതയാണ് കൈക്കൊള്ളുന്നത്.

ആദിശങ്കരന്റെ ജന്മനാട്ടില്‍ ദരിദ്രനോടും ദളിതനോടും അനീതി കാട്ടുകയാണ്. എല്ലാവരെയും ഒന്നായി കാണുന്ന പാരമ്പര്യമുള്ള ഭാരതത്തില്‍ വര്‍ഗ്ഗീയതയുടെ പേരില്‍ വിഭജനമുണ്ടാക്കാനാണ് ഇടതുപാര്‍ട്ടികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വിഭാഗീയതയും അക്രമവുമാണ് കേരളത്തിന്റെ വികസന പിന്നോക്കാവസ്ഥക്ക് കാരണം. വികസനത്തിന് സമാധാനമാണ് ആവശ്യം. അരനൂറ്റാണ്ടിലധികമായി കേരളത്തില്‍ സിപിഎം  അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും നേതൃത്വം നല്‍കിവരികയാണ്. ത്രിപുര തെരഞ്ഞെടുപ്പിന് ശേഷം കേരളം മാത്രമാണ് സിപിഎമ്മിന് ഏക ആശ്രയം. മാര്‍ക്‌സിസ്റ്റ്-ജിഹാദി കൂട്ടുകെട്ടിന് അറുതി വരുത്താന്‍ ഇനിയെങ്കിലും സാധ്യമായില്ലെങ്കില്‍ കേരളത്തിന്റെ ഭാവി ഇരുളടഞ്ഞതാകുമെന്നും അവര്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.