പരമാത്മാവും ജീവാത്മാവും

Friday 23 March 2018 2:10 am IST

സൃഷ്ടികര്‍മ്മങ്ങള്‍ ആരംഭിക്കുവാന്‍ മഹാവിഷ്ണു ബ്രഹ്മദേവനെ ചുമതലപ്പെടുത്തി. അത് എങ്ങനെ സാധ്യമാവും എന്ന അന്വേഷണത്തിന് വേദങ്ങളില്‍ എല്ലാ ജ്ഞാനവും ഉണ്ട് എന്ന് വ്യക്തമാക്കപ്പെട്ടു. വേദങ്ങള്‍ എവിടെയാണെന്ന് ഭഗവാനില്‍നിന്നുതന്നെ അറിയണമെന്ന് ബ്രഹ്മദേവന് ആഗ്രഹം.

ബ്രഹ്മദേവന്റെ താല്‍പര്യമറിഞ്ഞ് ശ്രീമഹാവിഷ്ണു ബ്രഹ്മദേവനോട് സംസാരിക്കാന്‍ ആരംഭിച്ചു.

''മാ വേദഗര്‍ഭ ഗാസ്തന്ദ്രീം 

സര്‍ഗ ഉദ്യമമാവഹ

തന്മയാപാദിതം ഹ്യഗ്രേ 

യന്മാം പ്രാര്‍ത്ഥയതേ ഭവാന്‍''

ഹേ, വേദഗര്‍ഭ, ആലസ്യം വെടിഞ്ഞാലും. സൃഷ്ടിക്കുള്ള ശ്രമമാരംഭിച്ചാലും. അങ്ങ് എന്നോടു പ്രാര്‍ത്ഥിച്ച കാര്യം ഞാന്‍ നേരത്തെതന്നെ അങ്ങയുടെ ഉള്ളില്‍ തന്നെ നിക്ഷേപിച്ചിട്ടുള്ളതാണ്. ഹേ, ബ്രഹ്മന്‍ സര്‍വ്വജ്ഞാനങ്ങളേയും അങ്ങയുടെ ഉള്ളില്‍ തന്നെ ചേര്‍ത്തുവച്ചിരിക്കുന്നു. ആ ജ്ഞാനത്തെ ഉള്ളില്‍നിന്നു പുറത്തുകൊണ്ടുവന്ന് ഉപയോഗിക്കാന്‍ പ്രാപ്തിയുണ്ടാകുന്നതിന് തപസ്സ് ആരംഭിച്ചാലും. മുന്‍പു സൃഷ്ടിയിലുണ്ടായിരുന്നതിന്റെയെല്ലാം മാതൃക അങ്ങയുടെ ഉള്ളിലുണ്ട്.

''തത ആത്മനി ലോകേ ച 

ഭക്തിയുക്തഃ സമാഹിതഃ

ദ്രഷ്ടാസി മാം തം ബ്രഹ്മന്‍ 

മയി ലോകാംസ്ത്വമാത്മനഃ''

തപ:ശക്തിയില്‍ ഊന്നിക്കൊണ്ട് അങ്ങ് ഉള്ളിലേക്കുതന്നെ നോക്കൂ. അങ്ങയുടെ ആത്മാവിലും ലോകത്തിലും ഞാന്‍ നിറഞ്ഞു നില്‍ക്കുന്നതായി അങ്ങേക്ക് കാണാം. എന്നില്‍ ഈ എല്ലാ ലോകങ്ങളേയും അങ്ങേയ്ക്ക് ദര്‍ശിക്കാനാവും. ഈ ലോകങ്ങള്‍ മുഴുവന്‍ എന്നില്‍ തന്നെ നിലനില്‍ക്കുന്നു. ഹേ ബ്രഹ്മന്‍, ഞാന്‍ അങ്ങയുടെ ഉള്ളില്‍ തന്നെ സ്ഥിതിചെയ്യുന്നുണ്ട്. ഞാന്‍ അങ്ങയിലും അങ്ങ് എന്നിലും നിലനില്‍ക്കുന്നു. സര്‍വലോകങ്ങളും അവിടെത്തന്നെയുണ്ട്.

വിറകില്‍ അഗ്നിയുണ്ട്. എന്നാല്‍ അത് പ്രകടമാകണമെങ്കില്‍ അത് അരണിയില്‍ കടഞ്ഞുനോക്കണം. അതുപോലെ തപം ചെയ്തുനോക്കിയാല്‍ സര്‍വപ്രപഞ്ചത്തിലും സര്‍വഭൂതങ്ങളിലും ഞാന്‍ ഉണ്ട് എന്ന് വ്യക്തമാകും. ഇങ്ങനെ കാണാന്‍ കഴിഞ്ഞാല്‍ സര്‍വപാപങ്ങളും അപ്പോള്‍ തന്നെ ഇല്ലാതാകും.

എന്നില്‍ തന്നെ ലയിച്ചു നില്‍ക്കുന്ന ജീവാത്മാവിനെ ആ തലത്തില്‍ തന്നെ കാണാന്‍ കഴിഞ്ഞാല്‍ എന്നെ പ്രാപിക്കാന്‍ കഴിയും. ജീവാത്മാവിനെ പരമാത്മാവില്‍ നിന്നും വേര്‍പെട്ടവനായിക്കാണുന്നതാണ് പ്രശ്‌നം. അത് ഒന്നായിട്ടു കണ്ടാല്‍ ദോഷങ്ങളൊന്നും ബാധിക്കുന്നില്ല.

''ഋഷിമാദ്യം ന ബധ്‌നാതി 

പാപീയാന്‍ സ്ത്വാം രജോഗുണഃ

യന്മനോ മയി നിര്‍ബദ്ധം 

പ്രജാഃ സംസൃജതോപി തേ''

ഹേ ബ്രഹ്മന്‍ ആദിഋഷിയായി അങ്ങ് ഗണിക്കപ്പെടുന്നതാണ്. സൃഷ്ടിക്കുവേണ്ടി അങ്ങ് രജോഗുണത്തെ ഉള്‍ക്കൊള്ളുമ്പോള്‍ രജോഗുണത്തിന്റെ ഭാഗമായ പാപങ്ങള്‍ ഒന്നുംതന്നെ അങ്ങയെ ബാധിക്കുന്നതല്ല. അങ്ങയുടെ മനസ്സ് എന്നില്‍ തന്നെ ബദ്ധമായിക്കിടക്കും.

ഹേ ബ്രഹ്മന്‍, വേദഗര്‍ഭനും ആദിഋഷിയുമായ അങ്ങക്ക്, ആവശ്യമായി വരുന്ന ഘട്ടങ്ങളിലെല്ലാം സൃഷ്ടിക്ക് ഉപയുക്തമായ ജ്ഞാനം സ്വയമേവ ലഭിക്കുന്നതാണ്. ജ്ഞാനസ്വരൂപിണിയായ പ്രകൃതി അങ്ങക്ക് സഹായമായി നില്‍ക്കും. അങ്ങേക്ക് എന്നും വിഷ്ണു പ്രസാദമുണ്ടാകും. അങ്ങ് എന്നെ സ്തുതിച്ചു ചൊല്ലിയ സ്‌തോത്രങ്ങള്‍ നിത്യവും ജപിക്കുന്നുവോ അവരോടെല്ലാം ഞാന്‍ പ്രസാദിക്കും. അവരുടെ എല്ലാ ആഗ്രഹങ്ങളും ഞാന്‍ പൂര്‍ത്തീകരിക്കും.

വിഷ്ണുവിന്റെ അനുഗ്രഹത്താല്‍ സൃഷ്ടികര്‍മത്തിന് ബ്രഹ്മഹൃദയം കരുത്താര്‍ജിച്ചു. സര്‍ഗം എന്ന ഭഗവത്‌ലീല അവിടെയാരംഭിക്കുന്നു. തപശ്ശക്തികൊണ്ട് മനസ്സിനെ കൂടുതല്‍ പാകപ്പെടുത്തി ബ്രഹ്മദേവന്‍ കര്‍മമാരംഭിച്ചു.

ചെയ്യുന്ന കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് ഭഗവദിച്ഛകൊണ്ടാണ്. കര്‍മ്മം ചെയ്യാനുള്ള ശക്തി ലഭിക്കുന്നതും ഭഗവാനില്‍ നിന്നുതന്നെയാണ്. അതിനായി ഹൃദയത്തെ പാകപ്പെടുത്തുന്നതും ഭഗവാന്‍ തന്നെ. ചെയ്യുന്നതും ചെയ്യിക്കുന്നതും എല്ലാം ഭഗവാന്‍ തന്നെ. കര്‍മം തുടങ്ങുന്നതും ഭഗവാനില്‍നിന്ന്. പൂര്‍ത്തീകരിക്കുന്നതും ഭഗവാനില്‍തന്നെ. കര്‍മവും ഭഗവാന്‍. കര്‍മഫലവും ഭഗവാന്‍. കര്‍മഫലം തരുന്നതും ഭഗവാന്‍ അനുഭവിക്കുന്നതും ഭഗവാന്‍. നല്‍കുന്നതും സ്വീകരിക്കുന്നതും ഭഗവാന്‍.

ഇതൊക്കെയറിയാമെങ്കിലും സാധാരണ എല്ലാവരും ചോദിച്ചുപോകും പിന്നെ ഞാനാര്?

ആ ചോദ്യത്തിനുത്തരം തേടിയാണ് ഓരോ ജീവിതയാത്രയും. അതിന്റെ ഉത്തരം തിരിച്ചറിഞ്ഞാല്‍ പിന്നെ ജീവിതവിജയമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.