കലവൂര്‍ എന്‍. ഗോപിനാഥിന് അന്ത്യാഞ്ജലി

Friday 23 March 2018 2:00 am IST

 

കലവൂര്‍: അണമുറിയാത്ത ആരാധകരുടെ ആദരം ഏറ്റുവാങ്ങി ഔദ്യോഗിക ബഹുമതികളോടെ വോളികളക്കളത്തിലെ മാന്ത്രിക വിസ്മയമായിരുന്ന കലവൂര്‍ ഗോപിനാഥ് ഓര്‍മയായി. കേരളത്തിന്റെ വിവിധ മേഖലകളില്‍ നിന്നും ശിഷ്യന്മാരും അദ്ദേഹത്തിന്റെ സഹായ ഹസ്തം സ്വീകരിച്ചവരും ഉള്‍പ്പെടെ ആയിരങ്ങളാണ് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്.

 അദ്ദേഹത്തെ അവസാനമായി ഒരു നോക്കുകാണാന്‍ എത്തിയവരുടെ പ്രവാഹം തുടരുന്നതിനിടയില്‍ ഏറെ വൈകിയാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത്. മകന്‍ ബിനു ചിതയ്ക്ക് തീ പകര്‍ന്നു. പൊതു പ്രവര്‍ത്തകന്‍, പ്രഗല്‍ഭനായ വോളിബോള്‍ കോച്ച് തുടങ്ങിയ നിലകളില്‍ സമസ്ത ജനവിഭാഗങ്ങളുടെയും ആദരവും സ്‌നേഹവും പിടിച്ചുവാങ്ങിയ കലവൂര്‍ ഗോപിനാഥ് ബുധനാഴ്ച വൈകിട്ടാണ് വിടവാങ്ങിയത്. മരണവിവരം അറിഞ്ഞ സമയം മുതല്‍ കലവൂര്‍ വേലിക്കകത്ത് വീട്ടിലേയ്ക്ക് ജനപ്രവാഹമായിരുന്നു. രാഷ്ട്രീയ-സാമൂഹ്യ,സാംസ്‌ക്കാരിക,കായിക മേഖലകളിലെ പ്രശസ്തരടക്കം ആയിരങ്ങളാണ് അന്ത്യോപചാരമര്‍പ്പിച്ചത്. അദ്ദേഹം 16 വര്‍ഷത്തോളം എസ്എന്‍ഡിപി അമ്പലപ്പുഴ താലൂക്ക് യൂണിയന്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ച താലൂക്ക് യൂണിയന്‍ ഓഫീസില്‍ രാവിലെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചു. ഇവിടെയും നിരവധിപേര്‍ അന്തേിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു. തുടര്‍ന്ന് ഉച്ചയോടെ മൃതദേഹം തിരികെ വീട്ടിലേയ്ക്ക് കൊണ്ടുവരുമ്പോള്‍ വീട്ടുവളപ്പും പരിസരവുമാകെ ജനസഞ്ചയമായിരുന്നു. 

 മന്ത്രിമാരായ പി. തിലോത്തമന്‍, ഇ. ചന്ദ്രശേഖരന്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, കെ. സി. വേണുഗോപാല്‍ എംപി, വി.എം. സുധീരന്‍, കളക്ടര്‍ ടി.വി. അനുപമ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, ജില്ലാ പ്രസിഡന്റ് കെ. സോമന്‍,  വിഎച്ച്പി സംസ്ഥാന സംഘടനാ സെക്രട്ടറി എം.സി. വത്സന്‍, വിഭാഗ് സെക്രട്ടറി പി.ആര്‍. ശിവശങ്കരന്‍, വി.എന്‍. രാജശേഖരന്‍, ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് സുരേഷ് ശാന്തി, ആര്‍  നാസര്‍, എം. ലിജു, പന്ന്യന്‍ രവീന്ദ്രന്‍, ടി. ജെ. ആഞ്ചലോസ്, സ്വാമിമാരായ അസ്പര്‍ശാനന്ദ, ശിവബോധാനന്ദ, ശിവസ്വരൂപാനന്ദ,ഷേയ്ഖ് പി. ഹാരിസ്, മുന്‍വോളിബോള്‍ താരം റിട്ട. ഐജി എസ്. ഗോപിനാഥ് തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.