തിരിച്ചടി ഭയന്ന് വിഎസിനെ അനുനയിപ്പിക്കാന്‍ ശ്രമം

Friday 23 March 2018 2:00 am IST

 

 

ആലപ്പുഴ: ജില്ലയിലെ സിപിഎമ്മില്‍ വിഎസ് പക്ഷത്തെ ചിറകരിയുന്നതിന് നേതൃത്വം നല്‍കിയവരില്‍ പ്രധാനിയായ ചെങ്ങന്നൂരിലെ സിപിഎം സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ ഭരണപരിഷ്‌ക്കാര  സമിതി ചെയര്‍മാന്‍ അച്യുതാനന്ദനെ സന്ദര്‍ശിച്ചത് തിരിച്ചടി ഭയന്ന്. 

  തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പോലും ക്ഷണിക്കാതിരുന്ന സ്ഥാനാ ര്‍ത്ഥിയും പാര്‍ട്ടി ഔദ്യോഗിക നേതൃത്വവും ഇപ്പോള്‍ അനുനയ നീക്കവുമായെത്തിയത് പരിഹാസ്യമാണെന്നാണ് വിഎസ് അനുകൂലികള്‍ കുറ്റപ്പെടുത്തുന്നത്. ശോഭന ജോര്‍ജിന് കണ്‍വന്‍ഷനില്‍ കസേര ലഭിച്ചപ്പോള്‍ അച്യുതാനന്ദന് പടിക്ക് പുറത്തായിരുന്നു സ്ഥാനം. കടുത്ത വിഎസ് പക്ഷക്കാരനായ കെ.കെ. രാമചന്ദ്രന്‍ നായര്‍ മരിച്ച ഒഴിവില്‍ വിഎസ് അനുകൂലികളെ ഒഴിവാക്കിയാണ് സജി സ്ഥാനാര്‍ത്ഥിത്വം നേടിയെടത്തത്.

 സി.എസ്. സുജാത, പി. വിശ്വംഭര പണിക്കര്‍ തുടങ്ങിയവരിലാരെങ്കിലും ഇവിടെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് വിഎസ് അനുകൂലികള്‍  പ്രതീക്ഷിച്ചിരുന്നത്. കെ.കെ. രാമചന്ദ്രന്‍ നായര്‍ നിരവധി വര്‍ഷങ്ങള്‍ പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടതിന് കാരണവും വിഎസിനൊപ്പം അടിയുറച്ച് നിന്നതാണ്. ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് അച്യുതാനനന്ദന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെന്ന് അറിയപ്പെട്ടിരുന്ന മുന്‍ എംഎല്‍എ കൂടിയായ സി.കെ. സദാശിവനെ സംസ്ഥാന സമിതിയില്‍ നിന്ന് വെട്ടിനിരത്തിയത്. 

 ജില്ലയില്‍ അവശേഷിക്കുന്ന വിഎസ് അനുകൂലികള്‍ പൊതുവേ നിരാശരാണ്. ഉപതെരഞ്ഞെടുപ്പില്‍ ഇതെല്ലാം തിരിച്ചടിയാകുമെന്ന് ബോദ്ധ്യമായ സാഹചര്യത്തിലാണ് വി.എസ്. അച്യുതാനന്ദനെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തി അനുനയിപ്പിക്കാന്‍ ഇടതുസ്ഥാനാര്‍ത്ഥി ശ്രമിച്ചത്. 

 എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്ന് ഉറപ്പു നല്‍കാന്‍ വിഎസ് തയ്യാറായില്ലെന്നാണ് വിവരം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.