സിപിഎം ക്രൂരത തുറന്ന് പറഞ്ഞ് ഡോ.സരസു ടീച്ചര്‍

Thursday 22 March 2018 9:34 pm IST

 

കണ്ണൂര്‍: വിദ്യാര്‍ത്ഥികളെ വഴിപിഴപ്പിക്കുന്ന ഇടതുപക്ഷ അധ്യാപകരെക്കുറിച്ച് തുറന്നു പറഞ്ഞ് ഡോ:സരസു ടീച്ചര്‍. ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച ജാഗ്രത പരിപാടിയില്‍ സംബന്ധിക്കാന്‍ എത്തിയ പാലക്കാട് വിക്ടോറിയ കോളേജ് റിട്ട:പ്രിന്‍സിപ്പാളായിരുന്ന സരസു ടീച്ചര്‍ക്ക് ഇടതുപക്ഷ കാപട്യത്തെക്കുറിച്ച് പറയാന്‍ ഏറെയുണ്ടായിരുന്നു. 26 വര്‍ഷം സ്വന്തം വീടായി കണ്ട കോളേജില്‍ നിന്നും പടിയിറങ്ങുമ്പോള്‍ തനിക്ക് കുഴിമാടം തീര്‍ത്ത ശിഷ്യഗണങ്ങളെ അതിനു പ്രേരിപ്പിച്ചവര്‍ സഹ അദ്ധ്യാപകരാണെന്ന നഗ്‌നസത്യം തുറന്നു പറഞ്ഞപ്പോള്‍ തന്നെ കേരളത്തിലെ സിപിഎം ഭീകരതയുടെ നേര്‍ചിത്രം വരച്ചു കാട്ടപ്പെടുകയായിരുന്നു. ഗുരുനാഥയെ പ്രതീകാത്മകമായി കൊന്ന് കുഴിമാടത്തില്‍ കിടത്തിയ എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളുടെ ക്രൂരമനസിനെ പരുവപ്പെടുത്തിയ ഇടതുപക്ഷ അധ്യാപകര്‍ നെറികേടിന്റെ നേര്‍സാക്ഷ്യമാണെന്ന് ടീച്ചര്‍ അടിവരയിടുന്നു.

അധികാര സ്വാധീനമുപയോഗിച്ച് കലാലയങ്ങളിലെ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ പോലും ഇത്തരക്കാര്‍ നിശബ്ദമാക്കുന്നു. 25 വര്‍ഷത്തെ അധ്യാപക ജീവതം വിക്ടോറിയ കോളേജില്‍ ചെലവഴിച്ച ശേഷം സ്ഥലം മാറ്റം ലഭിക്കുകയും അവസാന നാളില്‍ അതേ കോളേജില്‍ തന്നെ പ്രിന്‍സിപ്പാള്‍ ആയി എത്താന്‍ സൗഭാഗ്യം ലഭിക്കുകയും ചെയ്ത സരസു ടീച്ചര്‍ക്ക് ലഭിച്ചത് കേരളം ഒരിക്കലും മറക്കാത്ത ദുരനുഭവമായിരുന്നു. കടമ നിര്‍വ്വഹിക്കാതെ ഇടതുപക്ഷ അധ്യാപക സംഘടനയിലെ ചിലര്‍ നടത്തിയ കളികള്‍ക്ക് ടീച്ചര്‍ കൂട്ടുനില്‍ക്കാത്തത് കാരണം ടീച്ചര്‍ ഇവര്‍ക്ക് അനഭിമതയായി. ഇല്ലാത്ത പരാതിയുടെ പേരില്‍ ആദ്യം ദ്രോഹിച്ചു. മാനസികമായി തളര്‍ത്താന്‍ വഴിതേടിയവര്‍ കണ്ടെത്തിയ അവസാന മാര്‍ഗമായിരുന്നു കുഴിമാടത്തില്‍ അടക്കം ചെയ്യല്‍. ഒരു സ്ത്രീയായതു കൊണ്ടു മാത്രമാണ് തന്നെ കൊല്ലാതെ വിട്ടതെന്ന് സരസു ടീച്ചര്‍ പറയുമ്പോള്‍ സിപിഎം ഭീകരതയുടെ ആഴം ബോധ്യമാവും. കേസില്‍ പ്രതിയായ എസ്എഫ്‌ഐ നേതാവിനോട് ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ച് തന്നെ കേസില്‍പ്പെടുത്താനും ചിലര്‍ ശ്രമിച്ചിരുന്നതായി സരസു ടീച്ചര്‍ ജന്മഭൂമിയോടു പറഞ്ഞു.

ഒരു അധ്യാപികയും അതിനു പിന്നിലുണ്ടായിരുന്നു. അവരാണ് വിദ്യാര്‍ത്ഥിയോട് ആത്മഹത്യ ചെയ്യാന്‍ ആവശ്യപ്പെട്ടതും വിദ്യാര്‍ത്ഥിയെ ഉടന്‍ രക്ഷിക്കുമെന്ന് ഹോസ്റ്റലില്‍ പോയി പറഞ്ഞത്. തന്നെ ഘരവോ ചെയ്തതിനും കുഴിമാടം പണിതതിനും കേസ് നല്‍കിയിട്ടും ഭരണസ്വാധീനത്തില്‍ പോലീസ് കേസുകള്‍ അട്ടിമറിക്കുകയായിരുന്നു. വിരമിക്കല്‍ ദിനം ധന്യമാക്കിത്തരേണ്ടവര്‍ കാണിച്ച നെറികേട് കേരളം ഇന്നും എന്നും ചര്‍ച്ച ചെയ്യുമെന്ന പ്രത്യാശ നല്ലതിനായി കാണുകയാണെന്ന് ടീച്ചര്‍ പറയുന്നു. സിപിഎം അസഹിഷ്ണുതയും കൊലപാതകവും സമൂഹത്തില്‍ ചര്‍ച്ചയായതോടെ ഞാനും അതിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഇടതുപക്ഷ അനുഭാവ അധ്യാപക സംഘടനയില്‍ മുന്‍പു പ്രവര്‍ത്തിച്ചതില്‍ നിന്നും എനിക്കു തെറ്റു മനസിലായതിനാല്‍ മാറുകയായിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും എനിക്കു ബന്ധമില്ല. എന്നാല്‍ സിപിഎമ്മിന്റെ ഈ കാട്ടാളത്തം തുറന്നു കാട്ടാന്‍ സാംസ്‌കാരിക കേരളത്തില്‍ ചെറുശബ്ദമായി ഞാനുണ്ടാകുമെന്ന് ടീച്ചര്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.