കെട്ടിട നികുതി കുടിശ്ശിക പിരിക്കാനെത്തിയ റവന്യു സംഘത്തെ കയ്യേറ്റം ചെയ്തതായി പരാതി

Thursday 22 March 2018 9:41 pm IST

 

ഇരിട്ടി: കെട്ടിട നികുതി കുടിശ്ശിക പരിക്കാനെത്തിയ റവന്യു സംഘത്തെ വീട്ടുടമസ്ഥന്‍ കയ്യേററം ചെയ്യുകയും അസഭ്യം വിളിക്കുകയും ചെയ്തതായി പരാതി. റവന്യു ജീവനക്കാരുടെ പരാതിയില്‍ വീട്ടുടമസ്ഥനെതിരെ കരിക്കോട്ടക്കരി പോലീസ് കേസ്സെടുത്തു. വള്ളിത്തോട് ആനപ്പന്തിയിലെ പട്ടാക്കുളം ജോര്‍ജ്ജ്കുട്ടിക്കെതിരെയാണ് കേസ്സെടുത്തത്. ജോര്‍ജ്ജ് കുട്ടിയുടെ പുതുതായി നിര്‍മ്മിച്ച വീട്ടിനുള്ള ഒറ്റത്തവണ റവന്യു നികുതി രണ്ട് വര്‍ഷമായി അടച്ചിരുന്നില്ല. ആറായിരം രൂപ വരുന്ന നികുതി മൂന്ന് തവണയായി ഒടുക്കുന്നതിന് സമയവും അനുവദിച്ചിരുന്നു ഇതുപ്രകാരം ജനുവരി, ഫിബ്രവരി, മാര്‍ച്ച് മാസങ്ങളില്‍ രണ്ടായിരം രൂപ വീതം ഒടുക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. 

കഴിഞ്ഞ രണ്ട് മാസത്തെയും കുടിശ്ശിക ഒടുക്കാഞ്ഞതിനെ തുടര്‍ന്ന് വില്ലേജ് അധികൃതര്‍ നിരവധി തവണ ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. സാമ്പത്തിക വര്‍ഷാവസാനമായതിനാല്‍ ഇരിട്ടി തഹസില്‍ദാറുടെ നിര്‍ദ്ദേശ പ്രകാരം റവന്യു സംഘം റവന്യു റിക്കവറിക്കായി ബുധാനാഴ്ച്ച വൈകിട്ട് ജോര്‍ജ്ജ് കുട്ടിയുടെ വീട്ടിലെത്തി. പണം ആവശ്യപ്പെട്ടപ്പോള്‍ വാക്കേറ്റം ഉണ്ടാവുകയും ഡപ്യൂട്ടി തഹസില്‍ദാര്‍ കെ.പി.പോള്‍, അയ്യന്‍കുന്ന് വില്ലേജ് ഓഫീസര്‍ നിരിഷ്‌കുമാര്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സാബു എന്നിവരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചീത്ത വിളിക്കുകയും ചെയ്തുവെന്നാണ് പരാതി. റവന്യൂ സംഘത്തിന്റെ പരാതിയില്‍ കരിക്കോട്ടക്കരി എസ്.ഐ.ജോര്‍ജ്ജ് കുട്ടിയുടെ നേതൃത്വലുള്ള പോലീസ് വീട്ടിലെത്തി തെളിവെടുത്തു. റവന്യു സംഘത്തെ കയ്യേറ്റം ചെയ്തിട്ടില്ലെന്നും നികുതി കുടിശ്ശിക തിങ്കളാഴ്ച്ച ഒടുക്കാമെന്ന് പറഞ്ഞപ്പോള്‍ സമ്മതിക്കാതെ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തതെന്ന് ജോര്‍ജ്ജ് കുട്ടി പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.