ശമ്പളം കൂട്ടാം,​ കാര്‍ വാങ്ങാം; കുടിവെള്ളത്തിന് കാശില്ല

Friday 23 March 2018 2:32 am IST

കൊല്ലം: എംഎല്‍എമാരുടെ ശമ്പളം കുത്തനെ കൂട്ടാം, പുതിയ വാഹനങ്ങള്‍ വാങ്ങാം, മന്ത്രി മന്ദിരങ്ങള്‍ മോടിപിടിപ്പിക്കാം. ചെലവ് ഒരു പ്രശ്നമല്ല. പക്ഷെ കുടിവെള്ളത്തിനുള്ള പണം വെട്ടിക്കുറച്ചു. ചെലവു ചുരുക്കാനാണത്രേ ഇത്. 

കുടിവെള്ളത്തിനായുള്ള പ്രതിഷേധം ശക്തമായതോടെ ടാങ്കറുകളില്‍ വെള്ളം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവാദം നല്‍കി. പക്ഷെ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. തദ്ദേശ സ്ഥാപനങ്ങളുടെ തനത്/ പ്ലാന്‍ ഫണ്ടി ല്‍ നിന്ന് മെയ് 31വരെയേ തുക ചെലവഴിക്കാവൂ. 

ഗ്രാമ പഞ്ചായത്ത് 16.50 ലക്ഷവും നഗരസഭ 27.50 ലക്ഷവും കോര്‍പ്പറേഷന്‍ 38.50 ലക്ഷവും  മാത്രമെ ചെലവഴിക്കാവൂ എന്നാണ് ഉത്തരവ്. കഴിഞ്ഞ വര്‍ഷം ഗ്രാമ പഞ്ചായത്തില്‍ 20 ലക്ഷം, നഗരസഭ 32.05 ലക്ഷം, കോര്‍പ്പറേഷന്‍ 45 ലക്ഷം രൂപയും അനുവദിച്ചിരുന്നു. 15 ലക്ഷം രൂപ കുറവാണ് ഇക്കുറി.

രണ്ടര മാസത്തെ കുടിവെള്ള വിതരണത്തിന് അനുവദിച്ചിരിക്കുന്ന തുക അപര്യാപ്തമാണെന്ന് തദ്ദേശ സ്ഥാപന മേധാവികള്‍ പറഞ്ഞു. മുന്‍കാലങ്ങളെ അപേക്ഷിച്ച് പല പഞ്ചായത്തിലും രൂക്ഷമായ കുടിവെള്ള ക്ഷാമമാണ്. കഴിഞ്ഞ വര്‍ഷത്തെ ടെന്‍ഡര്‍ തുകയ്ക്ക് ഇക്കുറി ടാങ്കറുകള്‍ വരില്ല. അനുവദിച്ച തുകയ്ക്ക് ഒന്നരമാസത്തിലധികം വെള്ളം നല്‍കാന്‍ സാധിക്കില്ലെന്നാണ് ഇവരുടെ വാദം.

ജിപിഎസ് ഘടിപ്പിച്ച ടാങ്കറുകളിലൂടെയാണ് വെള്ളം വിതരണം ചെയ്യേണ്ടത്. റവന്യൂ വകുപ്പ് വാട്ടര്‍ കിയോസ്‌ക്കുകളില്‍ വെള്ളം നിറയ്ക്കണമെന്നും ആവശ്യമായ സ്ഥലങ്ങളി ല്‍ കൂടുതല്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

ജില്ലാതല റവന്യൂ അധികാരികള്‍ക്ക് കുടിവെള്ള വിതരണം മേല്‍നോട്ടം നടത്തുന്നതിനുള്ള സംവിധാനവും ജിപിഎസ് ട്രാക്കിങ്ങിനുള്ള സംവിധാനവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്. ജിപിഎസ് ലോഗും വാഹനത്തിന്റെ ലോഗ് ബുക്കും ക്രോസ് ചെക്ക് ചെയ്ത് സുതാര്യത ഉറപ്പു വരുത്തിയ ശേഷം മാത്രമെ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ തുക വിനിയോഗിക്കാവൂ എന്നും ഉത്തരവില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.