പാര്‍ട്ടി സഹയാത്രിക വേതനം വെട്ടിക്കുറച്ചെന്ന് 'സഖാക്കളുടെ' പരാതി

Friday 23 March 2018 3:02 am IST

ആലപ്പുഴ: ഇടതുസര്‍ക്കാര്‍ വര്‍ധിപ്പിച്ച വേതനം സിപിഎം സഹയാത്രികയായ സംസ്ഥാന സാക്ഷരത മിഷന്‍ ഡയറക്ടര്‍ വെട്ടിക്കുറച്ചതായി സാക്ഷരത പ്രേരക്മാരുടെ പരാതി. പ്രേരക്മാരില്‍ 95 ശതമാനവും സ്ത്രീകളാണെന്നും അതില്‍ തന്നെ എണ്‍പത് ശതമാനം പേരും സിപിഎമ്മുകാരാണെന്നും പ്രേരക് അസോസിയേഷന്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് പ്രേരക്മാരുടെ അലവന്‍സ്  വര്‍ധിപ്പിച്ചത്. നോഡല്‍ പ്രേരക്- 15,000, പ്രേരക്- 12,500, അസി. പ്രേരക്- 10,500 എന്നിങ്ങനെയായിരുന്നു വര്‍ധന. 

എന്നാല്‍ മൂന്ന് മാസം മാത്രമാണ് വര്‍ധിപ്പിച്ച അലവന്‍സ് ലഭിച്ചതെന്നും തുടര്‍ന്ന് പല കാരണങ്ങള്‍ പറഞ്ഞ് അറുപത് ശതമാനം വരെ വെട്ടിക്കുറച്ചെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു. വര്‍ധിപ്പിച്ച അലവന്‍സില്‍ അറുപത് ശതമാനം സര്‍ക്കാരില്‍ നിന്നുള്ള ഗ്രാന്റില്‍ നിന്നും ബാക്കി നാല്‍പ്പത് ശതമാനം സാക്ഷരതാമിഷന്റെ തനതു ഫണ്ടില്‍ നിന്നും നല്‍കുമെന്നായിരുന്നു ഉത്തരവ്. 

പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാസര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി, പച്ച മലയാളം കോഴ്‌സുകള്‍ എന്നിവയുടെ ഫീസിനത്തില്‍ ലഭിക്കുന്ന പണമാണ് സാക്ഷരത മിഷന്റെ തനതു ഫണ്ട്. നടപ്പു വര്‍ഷം ഈ ഇനത്തില്‍ 17.73 കോടി രൂപയാണ് സാക്ഷരത മിഷന് ലഭിച്ചത്.

കോഴ്‌സുകളുടെ നടത്തിപ്പിന് ആകെ 2.5 കോടി മാത്രമെ വേണ്ടി വരികയുള്ളൂ. പ്രേരക്മാരുടെ വര്‍ധിപ്പിച്ച അലവന്‍സ് നല്‍കുന്നത് 12.80 കോടി രൂപയാണ് വേണ്ടത്. ഈ രണ്ടിനത്തിലും പണം ചെലവഴിച്ചാലും 2.43 കോടി സാക്ഷരതാ മിഷന് ബാക്കിയുണ്ടാകുമെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. മേല്‍പ്പറഞ്ഞ കോഴ്‌സുകളില്‍ ഒരു പ്രേരക് 50 പേരെ ചേര്‍ക്കണമെന്ന കടുത്ത നിബന്ധന ഏര്‍പ്പെടുത്തിയാണ് ഡയറക്ടര്‍ അലവന്‍സ് തുക വെട്ടിക്കുറയ്ക്കുന്നത്.

വടക്കന്‍ കേരളത്തില്‍ സ്വാഭാവികമായും പഠിതാക്കളുടെ എണ്ണം കൂടുതലായിരിക്കും. തെക്കന്‍ കേരളത്തിലെ പ്രേരക്മാര്‍ക്കാണ് ഈ നിബന്ധന തിരിച്ചടിയായിരുക്കുന്നത്. സംസ്ഥാനത്ത് നിലവില്‍ 2,086 സാക്ഷരത പ്രേരക്മാരാണ് പ്രവര്‍ത്തിക്കുന്നത്. 

സാക്ഷരതാ പ്രവര്‍ത്തനത്തില്‍ ഇടതുപാര്‍ട്ടി അനുകൂലികളെയും പ്രവര്‍ത്തകരെയുമാണ് സര്‍ക്കാര്‍ കുത്തിനിറച്ചതെന്ന് ആരോപണം ശരിവയ്ക്കുന്നതാണ് പ്രേരക് അസോസിയേഷന്റെ സാക്ഷ്യപ്പെടുത്തല്‍. പാര്‍ട്ടിയും സര്‍ക്കാരും നല്‍കിയ വാഗ്ദാനങ്ങള്‍ ഇപ്പോള്‍ പാലിക്കുന്നില്ലെന്നാണ് അവരുടെ വിമര്‍ശനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.