സര്‍ക്കാരിന്റെ ആപ്പില്‍ അക്ഷയകേന്ദ്രങ്ങള്‍ ആപ്പിലാകും

Friday 23 March 2018 2:30 am IST
"undefined"

കൊച്ചി: അപേക്ഷ സ്വീകരിക്കലും സര്‍ട്ടിഫിക്കറ്റ് നല്‍കലുമുള്‍പ്പെടെ സര്‍ക്കാര്‍ സേവനങ്ങള്‍ മുഴുവനും ലഭ്യമാക്കാനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച എം കേരളം മൊബൈ ല്‍ ആപ്പ് അക്ഷയ കേന്ദ്രങ്ങള്‍ക്ക് തിരിച്ചടിയാകും. നിലവില്‍ അക്ഷയ കേന്ദ്രങ്ങള്‍ പൊതുജനങ്ങള്‍ക്കായി നല്‍കുന്ന സേവനങ്ങള്‍ മുഴുവനും ആപ്പിലൂടെ ലഭ്യമാകും. 

ഇതോടെ, സംസ്ഥാനത്തെ 2600 ഓളം അക്ഷയ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കിലാകും. അക്ഷയ കേന്ദ്രങ്ങളെ നിലനിര്‍ത്താന്‍ മറ്റുപദ്ധതികള്‍ ആവിഷ്‌കരിക്കാതെയാണ് ആപ്പുമായി സര്‍ക്കാര്‍ മുന്നോട്ടുനീങ്ങിയത്. 

ഇന്നലെ കൊച്ചിയില്‍ നടന്ന ഹാഷ്ടാഗ് ആഗോള ഡിജിറ്റല്‍ ഉച്ചകോടിയി ല്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ആപ്പ് പുറത്തിറക്കിയത്. ആപ്പ് പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുമ്പോഴും, സംസ്ഥാനത്തെ കമ്പ്യൂട്ടര്‍ സാക്ഷരാരാക്കാന്‍ മുഖ്യ പങ്കുവഹിച്ച അക്ഷയ കേന്ദ്രങ്ങളുടെ നിലനില്‍പ്പിനെ സംബന്ധിച്ച്, അദ്ദേഹം ഒന്നും മിണ്ടിയില്ല. അക്ഷയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ട് ഏറെ നാളായെങ്കിലും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഐടി വകുപ്പ് ഇതുവരെ നടത്തിയിട്ടില്ലെന്ന് അക്ഷയ സംരംഭകര്‍ ആരോപിക്കുന്നു. 

തദ്ദേശ സ്ഥാപനങ്ങളില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍, വൈദ്യുതി ബില്‍, വെള്ളക്കരം, സര്‍ട്ടിഫിക്കറ്റുകളുടെ അപേക്ഷ, വിവിധതരം പിഴകള്‍ തുടങ്ങി നിലവില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലൂടെയും അക്ഷയകേന്ദ്രങ്ങളിലൂടെയും ലഭിക്കുന്ന സേവനങ്ങളെല്ലാം മൊബൈല്‍ ആപ്ലിക്കേഷനിലൂടെ കിട്ടും. 

വിവിധ ബില്ലുകള്‍ക്ക് പണമടയ്‌ക്കേണ്ട തീയതിയും ബില്ല് സംബന്ധിച്ച വിവരങ്ങളും ആപ്പില്‍ അറിയാനാകും. കൂടാതെ നികുതി അടയ്ക്കല്‍, ടിക്കറ്റുകള്‍ ബുക്ക് ചെയ്യല്‍, മൊബൈല്‍ റീചാര്‍ജ് എന്നിവയ്ക്കും സൗകര്യമുണ്ട്.  

ഈ സേവനങ്ങള്‍ നല്‍കിയാണ് അക്ഷയ കേന്ദ്രങ്ങള്‍ നിലവില്‍ പിടിച്ചുനില്‍ക്കുന്നത്. സേവനങ്ങള്‍ക്ക് മാന്യമായ ഫീസ് നല്‍കണമെന്നാവശ്യപ്പെട്ട് ഐടി മിഷന് മുന്നില്‍ അക്ഷയ കേന്ദ്രങ്ങള്‍ സമരത്തിലുമാണ്. ആപ്പ് വരുന്നതോടെ അക്ഷയ കേന്ദ്രങ്ങളുടെ വരുമാനം ഇനിയും കുറയും. 

സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളില്‍ ഏറിയ പങ്കും പൊതുസേവന കേന്ദ്രങ്ങളായും പ്രവര്‍ത്തിക്കുന്നുണ്ട്. വെബ്‌സൈറ്റിലുണ്ടാകുന്ന തകരാറുമൂലം പല സേവനങ്ങളും പുതുതായി ഉള്‍പ്പെടുത്താന്‍ കഴിയാത്ത അവസ്ഥയുണ്ട്. ഇതിന് പോലും പരിഹാരം കാണാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.