ചെങ്കണ്ണിനെ നിസ്സാരമായി കാണരുത് : ഡോ.ശ്രീനി എടക്ലോണ്‍

Thursday 22 March 2018 10:31 pm IST

 

തലശ്ശേരി: വേനല്‍ നാളുകളിലെ പൊടിക്കാറ്റില്‍ ഭീകരനായ ചെങ്കണ്ണ് രോഗാണുക്കള്‍ കണ്ണില്‍ പറന്നെത്തുമെന്നും കരുതിയിരിക്കണമെന്നും പ്രഗത്ഭ നേത്രരോഗ ചികിത്സാ വിദഗ്ദനും തലശ്ശേരി കോംട്രസ്റ്റ് കണ്ണാശുപത്രി ചീഫ് സര്‍ജനുമായ ഡോശ്രീനി എടക്‌ളോന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ബാക്ടീരിയ കാരണവും വൈറസ് മുഖേനയും രോഗം എത്തും. ബാക്ടീരിയ മുഖേനയാണെങ്കില്‍ ചികിത്സ ലഭിച്ചാല്‍ പത്ത് ദിവസത്തിനകം സുഖപ്പെടും. വൈറസ് ബാധയാണെങ്കില്‍ ചിലരില്‍ വര്‍ഷങ്ങളോളം ഇതിന്റെ രോഗാണുക്കള്‍ കണ്ണുകളില്‍ നശിക്കാതെ നിലനില്‍ക്കും. രോഗം വന്നാല്‍ ഒരിക്കലും സ്വയം ചികിത്സിക്കരുത്. 

എത്രയും പെട്ടെന്ന് നേത്രരോഗ വിദഗ്ദന്റെ സേവനം തേടണം. രോഗികള്‍ ഉപയോഗിച്ച തോര്‍ത്ത്, സോപ്പ് എന്നിവ മറ്റുള്ളവര്‍ ഉപയോഗിക്കരുത്. വീടിന് വെളിയിലിറങ്ങുമ്പോള്‍ കറുത്ത കണ്ണട, കുട, തൊപ്പി എന്നിവ ഉപയോഗിക്കാന്‍ തയ്യാറാവണം. തണുത്ത വെള്ളത്തില്‍ മുക്കിയ പരുത്തിത്തുണികൊണ്ട് ഇടക്കിടെ കണ്ണ് നനയ്ക്കുന്നത് നല്ലതാണ്. പൊടിപടലങ്ങളുള്ള സ്ഥലത്ത് നിന്നും കഴിവതും മാറി നില്‍ക്കുന്നതാണ് അഭികാമ്യം. അള്‍ട്രാവയലറ്റ് രശ്മികള്‍ കൂടുതല്‍ ഭൂമിയിലെത്തുന്നതിനാലാണ് ഉഷ്ണ സമയങ്ങളില്‍ ചെങ്കണ്ണ് രോഗം വ്യാപകമാവുന്നത്. ഉച്ച സമയത്തെ യാത്ര കഴിവതും ഒഴിവാക്കണം. എയര്‍ കണ്ടിഷന്‍ മുറികളിലും കൂടുതല്‍ സമയം ചിലവഴിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.