വിഭജന രാഷ്ട്രീയത്തിന്റെ പുതുവഴികള്‍

Friday 23 March 2018 2:40 am IST
വിഘടനഗ്രൂപ്പുകളെ സൃഷ്ടിച്ചുള്ള കോണ്‍ഗ്രസ്സ് തന്ത്രം രാഹുലിന് വിപാസന ധ്യാനത്തിലൂടെ ബുദ്ധിയുദിച്ചതിനാല്‍ ഉണ്ടായതല്ല. നല്ലൊരു ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനെ അവര്‍ക്ക് കയ്യില്‍ കിട്ടിയിട്ടുണ്ട്. കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന ഇവന്റ് കമ്പനിയാണ് കോണ്‍ഗ്രസ്സിനായി ഇപ്പോള്‍ ഇന്ത്യയില്‍ പണിയെടുക്കുന്നത്. ഗ്രൂപ്പുകളെ ഉപയോഗിച്ച് രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ ഇതിനകം കേന്ദ്ര സര്‍ക്കാര്‍ മനസ്സിലാക്കിക്കഴിഞ്ഞു. ഫേസ്ബുക്കിനെതിരെ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. അമേരിക്കയില്‍ ട്രംപിന്റെ വിജയത്തിനായി കേംബ്രിഡ്ജ് അനലിറ്റിക്കയും ഫേസ്ബുക്കും ഒത്തുകളിച്ചത് വെളിപ്പെടുകയും, അമേരിക്കയില്‍ വലിയ വിവാദത്തിനിടയാക്കുകയും ചെയ്തിട്ടുണ്ട്.
"undefined"

കോണ്‍ഗ്രസ്സ് മൃദുഹിന്ദുത്വം സ്വീകരിക്കുമ്പോള്‍ അവര്‍ ഹൈന്ദവ ആശയങ്ങളെ നേരിട്ട് എതിര്‍ക്കില്ല. ആ ജോലി ചെയ്യുക ഇടതുപക്ഷവും മൂന്നാം മുന്നണിയും ആയിരിക്കും. കോണ്‍ഗ്രസ്സ് നോട്ടമിടുന്നത് ഭൂരിപക്ഷ ഹിന്ദുവോട്ടുകള്‍ തന്നെയാണ്. അതിനായി രാഹുല്‍ ഗാന്ധി ക്ഷേത്രദര്‍ശനം സ്ഥിരംപരിപാടിയാക്കും. ഹിന്ദുബ്രാഹ്മണ സ്വത്വം ഒരു നെഹ്‌റുകുടുംബാംഗം ആദ്യമായി പുറത്തെടുത്തത് ഇക്കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നല്ലോ. 

വിവിധ തീവ്രവാദ ഗ്രൂപ്പുകളെ കൂടെനിര്‍ത്തുകയും, അത്തരം ഗ്രൂപ്പുകള്‍ ഇല്ലാത്ത ഇടങ്ങളില്‍ അവയെ സൃഷ്ടിക്കുക എന്നുള്ളതും കോണ്‍ഗ്രസിന്റെ തന്ത്രങ്ങളില്‍പ്പെടുന്നു. രാജസ്ഥാനില്‍ ഉപയോഗിച്ച കര്‍ണിസേന ഉദാഹരണം. ഒപ്പം പ്രാദേശികവികാരങ്ങളെ ഉയര്‍ത്തുകയും, പ്രാദേശിക തീവ്രവാദ ഗ്രൂപ്പുകളെ സൃഷ്ടിക്കുകയും  ചെയ്യുന്നു. കര്‍ണാടകത്തില്‍ നിരവധി ചെറു തീവ്രവാദ പ്രാദേശികവാദ ഗ്രൂപ്പുകള്‍ ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. അവയെ ഉപയോഗിക്കുമ്പോള്‍ അത് ഭരണവിരുദ്ധവികാരമായി പരിണമിച്ച് തിരിച്ചടി ഉണ്ടാവാതിരിക്കാനാണ് സിദ്ധരാമയ്യ ഗോവയ്‌ക്കെതിരെ ഹര്‍ത്താല്‍ നടത്തിയത്. കര്‍ണാടകത്തിന് പ്രത്യേക കൊടി, ലിംഗായത്തുകള്‍ക്ക് പ്രത്യേക മതപദവി എന്നതൊക്കെ ഒപ്പം പ്രയോഗിക്കപ്പെടുന്നുണ്ട്.

തീവ്രഹിന്ദുവാദം, തീവ്രപ്രാദേശികവാദം, തീവ്രജാതിവാദം, തീവ്രഭാഷാവാദം എന്നിവ ചേരുവ ചേര്‍ത്ത് കളിക്കുക എന്നുള്ള തന്ത്രമാണ് കോണ്‍ഗ്രസ്സ് പയറ്റാന്‍ പോകുന്നത്. ഓരോയിടത്തും ഓരോന്ന്. എല്ലാറ്റിന്റെയും മുന ബിജെപിക്കെതിരെ തിരിക്കുക എന്നതാണ് തന്ത്രം.

ഇതിന്റെ ഒരു രൂപമാണ് തമിഴ്‌നാട്ടില്‍ നടക്കുന്നത്. അതിനായി കമല്‍ ഹാസന്‍ ഉപയോഗിക്കപ്പെടുന്നു. കമലിന്റെ പുതിയ പാര്‍ട്ടിയുടെ പിന്തുണക്കാര്‍ തമിഴ്‌നാട്ടിലെ വിഘടനവാദി സമൂഹങ്ങളാണ്. സാമ്പത്തിക പിന്തുണ ഡിഎംകെവഴിയും.

അണ്ണാ ഡിഎംകെയുടെ നേതൃസ്ഥാനത്ത് ആളില്ലാത്ത അവസ്ഥയിലാണ് രജനീകാന്ത് രാഷ്ട്രീയപ്രവേശം പ്രഖ്യാപിക്കുന്നത്. കമല്‍ ഹാസനെ ഇറക്കിയതിന്റെ ആദ്യലക്ഷ്യം, ഇനിയൊരു എംജിആറായി രജനീകാന്ത് മാറാതെ തടയുക എന്നുള്ളതാണ്. ഇരു ദ്രാവിഡമുന്നണികളെയും താല്‍പര്യം ഇല്ലാത്തവര്‍ക്കും, അവരെ മടുത്തവര്‍ക്കും ബദലായി രജനി വരുന്നതിനു പകരം കമല്‍ ഇറങ്ങുക. അത് രജനിയുടെ പാര്‍ട്ടിയില്‍ ആളുകള്‍ കൂടുന്നതിനെ കുറയ്ക്കും. പുതിയ നേതൃത്വം ആഗ്രഹിക്കുന്നവര്‍ വിഭജിക്കപ്പെടും. കമലിന്റെ ജോലി, മറ്റൊരു എംജിആര്‍ ആകലല്ല. ഒരു ഉപകരണമായി പ്രവര്‍ത്തിക്കുക എന്നത് മാത്രമാണ്.

കമല്‍ മുന്നില്‍വച്ച ആശയംതന്നെ, ദക്ഷിണഭാരതത്തിന്റെ പ്രത്യേക ബ്ലോക്ക് എന്നുള്ളതായിരുന്നു. പൗരാണികകാലത്തുള്ള ദക്ഷിണഭാരതം മുഴുവനായടങ്ങുന്ന തമിഴകം, മലയാളിക്ക് മഹാബലിക്കാലം പോലെ തമിഴര്‍ക്ക് മധുരമുള്ള ഓര്‍മ്മയാണ്. തമിഴ് വിദ്യാലയങ്ങളില്‍ പ്രഭാത പ്രാര്‍ത്ഥനയായി ചൊല്ലുന്ന  തമിഴ്ത്തായ് വാഴ്ത്തില്‍ പ്രകീര്‍ത്തിക്കപ്പെടുന്നത് മൂവേന്ദര്‍ കുലങ്ങള്‍ ആദിസംഘകാലം തൊട്ടേ ഭരിച്ച വിശാലമായ തമിഴകമാണ്.  തമിഴ്ത്തായ് വാഴ്ത്ത് ദേശഭക്തിഗീതമാണ്.  നമ്മുടെ ദേശീയഗാനമായ ജനഗണമന ടാഗോറിനാല്‍ രചിക്കപ്പെടുന്നതിനും മുന്‍പേയുള്ള കൃതി. 

തമിഴകസങ്കല്‍പ്പത്തെ വളച്ചൊടിച്ച് ദക്ഷിണഭാരതത്തിന്റെ പ്രത്യേക ബ്ലോക്കെന്ന ആശയം വച്ച് കുറച്ചുനാള്‍ മുന്‍പ് കമല്‍ പാര്‍ട്ടി ഉണ്ടാക്കിയശേഷം, ഇപ്പോള്‍ ഡിഎംകെ നേതാവ് സ്റ്റാലിന്‍ അതിലേക്ക് എത്തിക്കഴിഞ്ഞു. കമലിന്റെ പാര്‍ട്ടിക്കും അതിന്റെ  ആശയങ്ങള്‍ക്കുള്ള പിന്‍ബലം ഡിഎംകെയുടെ തന്നെയാണ്. ഡിഎംകെ, കോണ്‍ഗ്രസ്സിന്റെ ഘടകകക്ഷിയാണ്. അതായത്, രാജ്യം മുഴുവന്‍ കോണ്‍ഗ്രസ്സ് പയറ്റുന്ന വിഘടനാശയങ്ങളെ പേറുന്ന ചെറുഗ്രൂപ്പുകളെ സൃഷ്ടിച്ചുള്ള കളിയുടെ തമിഴ്‌നാട്ടിലെ റോള്‍ അഭിനയിക്കുക കമല്‍ ഹാസനാണ്.

പൗരാണികമായ തമിഴകമെന്ന മനോഹര സങ്കല്‍പ്പത്തെ മറികടന്ന,് വേണ്ടിവന്നാല്‍ വിഭജനത്തെയും പിന്തുണയ്ക്കുമെന്ന് സ്റ്റാലിന്‍ പറയുകയുണ്ടായി.   അയാള്‍ ഇങ്ങനെ പറഞ്ഞിട്ടും കോണ്‍ഗ്രസ്സ് എതിരായി പ്രതികരിച്ചിട്ടില്ല എന്നത് കാണാതെ പോകരുത്. 

ദേശീയപാര്‍ട്ടി എന്നറിയപ്പെട്ടിരുന്ന കോണ്‍ഗ്രസ്സിന്റെ ഭരണപരാജയങ്ങളുടെ ഫലമായിരുന്നു ഭാരതത്തില്‍ വിവിധ തീവ്രവാദങ്ങളും വിഘടന ഗ്രൂപ്പുകളും ഉണ്ടായത്. പഞ്ചാബിലാണെങ്കില്‍, സിഖ് ഭീകരവാദത്തെ ഉണ്ടാക്കിയതുപോലും കോണ്‍ഗ്രസ്സാണ്. ശ്രീലങ്കയിലും തമിഴ്‌നാട്ടിലും എല്‍ടിടിഇ ഉണ്ടായതും കോണ്‍ഗ്രസ്സിന്റെ പണിതന്നെയായിരുന്നു. അക്കാലത്ത് നേരിട്ടോ പരോക്ഷമായോ തീവ്രവാദ ഗ്രൂപ്പുകള്‍ ഉണ്ടാകാന്‍ കാരണമായ കോണ്‍ഗ്രസ്സ് ഇപ്പോള്‍ ഇത്തരം വിഭാഗങ്ങളെ ഇന്ത്യയിലെങ്ങും ഓടിനടന്ന് സൃഷ്ടിക്കുന്ന തിരക്കിലാണ്.

വാസ്തവത്തില്‍ ഇതാണ് ഗുജറാത്തില്‍ ബിജെപിക്ക് സീറ്റുകള്‍ കുറഞ്ഞതും രാജസ്ഥാനില്‍ തോല്‍ക്കാനും കാരണമായത്. ബിജെപിയുടെ ശക്തികേന്ദ്രങ്ങളിലാണ് കോണ്‍ഗ്രസ്സ് ആ കളികള്‍ കളിച്ചത്. മേഘാലയയിലും ത്രിപുരയിലും നാഗാലാന്‍ഡിലും ഒന്നും ബിജെപിയുടെ മുന്നേറ്റം കോണ്‍ഗ്രസ്സ് പ്രതീക്ഷിച്ചിരുന്നില്ല. മാത്രവുമല്ല, അവിടങ്ങളില്‍ കളിക്കാനായി കാലുറപ്പിക്കേണ്ട മണ്ണുപോലും കോണ്‍ഗ്രസ്സിനുണ്ടായിരുന്നുമില്ല.

വിഘടനവാദത്തിന്റെ ഏറ്റവും പുതിയ കളിയാണ് കര്‍ണാടകത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസ്സ് കളിക്കുന്നത്.  കശ്മീര്‍ കഴിഞ്ഞാല്‍ സ്വന്തം പതാകയുള്ള സംസ്ഥാനമാക്കി അവര്‍ കര്‍ണാടകത്തെ മാറ്റി.  രണ്ടാഴ്ച മുന്‍പാണ് 'കര്‍ണാടകത്തിന്റെ പതാക' പുറത്തിറങ്ങിയത്. അവിടത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍, ഇപ്പോള്‍  പ്രധാന ഹിന്ദുസമുദായമായ ലിംഗായത്തുകളിലെ ചിലരുടെ ആവശ്യപ്രകാരം, അതിനെ വേറൊരു മതമായി കാണണം എന്നുള്ള നയം സ്വീകരിച്ചുകഴിഞ്ഞു.  ലിംഗായത്തുകള്‍, വീരശൈവര്‍ എന്നിവര്‍ നാമംകൊണ്ടുതന്നെ മനസ്സിലാക്കാവുന്ന വിധത്തില്‍ ശൈവസമുദായങ്ങളാണ്. ശിവാരാധകരായ ശൈവന്മാര്‍ ഹിന്ദുക്കളല്ലാതെ മറ്റെന്താകാന്‍? പക്ഷേ, കോണ്‍ഗ്രസ്സ് അക്കൂട്ടരിലെ വിഘടനവാദികളുടെ ഒപ്പം കളിക്കുകയാണ്.  

വാസ്തവത്തില്‍ ലിംഗായത്തുകളെ പ്രത്യേകമതം ആക്കണമെന്ന നിര്‍ദ്ദേശം ആദ്യം ഉണ്ടാകുന്നത് ചന്ന ഉട്ടങ്കി എന്ന ബാസല്‍ മിഷന്‍ ഉപദേശി വഴിയാണ്.  അതായത്, കൃത്യമായും അതൊരു സുവിശേഷാശയമാണ്. തികഞ്ഞ ഇവാഞ്ചലിസ്റ്റ് തന്ത്രം. ചന്ന ഉട്ടങ്കിയുടെ നേതൃത്വത്തിലാണ് ലിംഗായത്തുകളെ പ്രത്യേക മതമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ആദ്യപ്രക്ഷോഭം നടക്കുന്നത്. ലിംഗായത്തുകളുടെ ബസാവാചാര്യനെ ചന്ന ഉട്ടങ്കി െ്രെകസ്തവനായും, യേശുവിനേയും ബസവണ്ണയേയും പരസ്പര പൂരകങ്ങളായ വ്യക്തിത്വങ്ങളായും വിവക്ഷിക്കുന്നു.  ബസവണ്ണ ശരിയായ െ്രെകസ്തവനും യേശു ശരിയായ ലിംഗായത്തുമാണെന്ന് ഉട്ടങ്കി പ്രസ്താവിക്കുന്നുണ്ട്.   നാഗാരാധകരും ശൈവന്മാരുമായ ലിംഗായത്തുകള്‍, നാഗം പിശാചാണ് എന്ന് പ്രസ്താവിക്കുന്ന ഒരാശയത്തിലൂടെ വഴിമാറേണ്ട ആവശ്യമില്ല.  അതവരുടെ സ്വത്വത്തെ ഇല്ലാതാക്കും. 

ചന്ന ഉട്ടങ്കിയുടെ ശ്രമം ഒറ്റപ്പെട്ട സംഭവമല്ല. ഇന്ത്യയിലെ പ്രധാന ഹിന്ദുസമുദായങ്ങളെക്കൊണ്ട് ഹിന്ദുക്കളല്ല എന്ന് പറയിപ്പിക്കുന്ന തന്ത്രം അന്നേ തുടങ്ങിയതുമാണ്. അതിനായി ഭാരതത്തില്‍ പലയിടങ്ങളിലും ഓരോ സമുദായങ്ങളെ കണ്ടെത്തിയിട്ടുണ്ട്.  കേരളത്തില്‍ അവര്‍ നോട്ടമിട്ടിരുന്നത് ഈഴവ-നാടാര്‍ സമുദായങ്ങളെ ആയിരുന്നു. ഈഴവസമുദായം ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹത്താല്‍ സംഘടിച്ചതിനാല്‍ കേരളത്തില്‍ നടപ്പാക്കാന്‍ പറ്റാതെ പോയി.  ആന്ധ്രയിലും തമിഴ്‌നാട്ടിലുമൊക്കെ പല ദളിതസമുദായങ്ങളും ഇക്കൂട്ടരുടെ തന്ത്രങ്ങളില്‍ വീണുകഴിഞ്ഞിട്ടുണ്ട്.  ഇതൊക്കെ കോണ്‍ഗ്രസ്സ് ഇപ്പോള്‍ അവരുടെ രാഷ്രീയലാഭത്തിനായി ഉപയോഗിക്കാന്‍ പോകുന്നു. പണ്ടേ നടന്നുവന്നിരുന്ന  ഹിന്ദുവിഭജനം കോണ്‍ഗ്രസ്സിന് ഇപ്പോള്‍ ലാഭമുണ്ടാക്കാന്‍ പറ്റിയ നിക്ഷേപം ആയിട്ടുണ്ട്. 

വിഘടനഗ്രൂപ്പുകളെ സൃഷ്ടിച്ചുള്ള കോണ്‍ഗ്രസ്സ് തന്ത്രം രാഹുലിന് വിപാസന ധ്യാനത്തിലൂടെ ബുദ്ധിയുദിച്ചതിനാല്‍ ഉണ്ടായതല്ല. നല്ലൊരു ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനെ അവര്‍ക്ക് കയ്യില്‍ കിട്ടിയിട്ടുണ്ട്. കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന ഇവന്റ് കമ്പനിയാണ് കോണ്‍ഗ്രസ്സിനായി ഇപ്പോള്‍ ഇന്ത്യയില്‍ പണിയെടുക്കുന്നത്. ഗ്രൂപ്പുകളെ ഉപയോഗിച്ച് രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ ഇതിനകം കേന്ദ്ര സര്‍ക്കാര്‍ മനസ്സിലാക്കിക്കഴിഞ്ഞു.  ഫേസ്ബുക്കിനെതിരെ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയത് ഇതിന്റെ ഭാഗമാണ്.  അമേരിക്കയില്‍ ട്രംപിന്റെ വിജയത്തിനായി കേംബ്രിഡ്ജ് അനലിറ്റിക്കയും ഫേസ്ബുക്കും ഒത്തുകളിച്ചത് വെളിപ്പെടുകയും, അമേരിക്കയില്‍ വലിയ വിവാദത്തിനിടയാക്കുകയും ചെയ്തിട്ടുണ്ട്.  ഇന്ത്യ ഇനി ശ്രദ്ധിക്കേണ്ടത്, സോഷ്യല്‍ മീഡിയയിലൂടെ നിശ്ശബ്ദമായി പൗരന്മാരെ സ്വാധീനിക്കുകയും, കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ പോകുകയും ചെയ്യുന്ന ഇത്തരം ഇവന്റ് കമ്പനികളെയാണ്. 

വിഘടനഗ്രൂപ്പുകളെ സൃഷ്ടിച്ചു കളിക്കുന്ന കോണ്‍ഗ്രസ്സ് തന്ത്രം അവര്‍ക്കും രാജ്യത്തിനും വൈകാതെ തിരിച്ചടിയാകും. നവറാഡിക്കല്‍ വാദങ്ങള്‍ ഉണ്ടാക്കുന്ന കനലുകള്‍ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞാലും അണയാതെ കിടക്കും. കൂടുതല്‍ സംസ്ഥാനങ്ങള്‍ പതാകകളും പദവികളും ചോദിക്കും. കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ തന്ത്രം തിരിച്ചറിഞ്ഞു ബിജെപിക്ക് പ്രതിരോധിക്കാനായില്ലെങ്കില്‍ റാഡിക്കല്‍ ഗ്രൂപ്പുകളെ പ്രതിനിധാനം ചെയ്യുന്ന കോണ്‍ഗ്രസ്സ് മുതലെടുക്കുന്ന സ്ഥിതി സംജാതമാകും. റാഡിക്കല്‍ വാദങ്ങളുടെ കനലുകള്‍ അണയ്ക്കാന്‍ പക്ഷേ ഭരണത്തിലേറിയാലും കോണ്‍ഗ്രസ്സിനാകില്ല. ചരിത്രത്തില്‍ത്തന്നെ അവര്‍ക്കതിനായിട്ടുമില്ല. അങ്ങനെവന്നാല്‍, ഇന്ത്യയെ പതിനാറോ ഇരുപതോ ആയി വിഭജിക്കുക എന്നുള്ള ചൈനീസ് സ്വപ്‌നത്തിനായിരിക്കും അത് ഊര്‍ജ്ജം പകരുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.