ജലരേഖയാവുന്ന ജലസംരക്ഷണം

Friday 23 March 2018 2:58 am IST
"undefined"

ജലസംരക്ഷണത്തിന്റെ ആവശ്യകത ഓര്‍മ്മിപ്പിച്ച് ഒരു ജലദിനംകൂടി കടന്നുപോയി. ജനജീവിതത്തിന്റെ അവിഭാജ്യഘടകമായ ജലത്തിനു വേണ്ടിയുള്ള ആവശ്യകത ദിനംതോറും വര്‍ദ്ധിച്ചുവരികയാണ്. അതുസംബന്ധിച്ച് ബോധവല്‍ക്കരണവും മറ്റുമായ പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം നടക്കുന്നുണ്ടെന്നാണ് വെപ്പ്. എന്നാല്‍ അതൊക്കെ ഫലപ്രാപ്തിയിലെത്തുന്നുണ്ടോ എന്ന കാര്യം സംശയമാണ്. മറ്റ് പലതിലുമെന്ന പോലെ ജലത്തിനുവേണ്ടിയും ഒരു ദിനം എന്നതിലേക്ക് കാര്യങ്ങള്‍ മാറിമറിയുകയാണ്.

നാടും നഗരവും ചുട്ടുപൊള്ളുന്ന സ്ഥിതിവിശേഷത്തില്‍ വെള്ളത്തിന്റെ ആവശ്യകത വന്‍തോതില്‍ വര്‍ദ്ധിച്ചുവരികയാണ്. ഏറ്റവും കൂടുതല്‍ മഴ കിട്ടുന്ന ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ വെള്ളം അമൂല്യ വസ്തുവാകുന്നുവെന്നത് ആശ്ചര്യമുളവാക്കുന്നു. ജലത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുപോലും മാറുന്ന സ്ഥിതിയായിരിക്കുന്നു. വെള്ളം കിട്ടാത്തപ്പോള്‍ മാത്രം വെള്ളത്തിനെക്കുറിച്ച് ഉപന്യസിക്കുക എന്നതാണ് നടപ്പുരീതികള്‍. നമ്മള്‍തന്നെയാണ് നമുക്കു ശത്രു എന്നു പറയേണ്ടിവരും.

റിയല്‍ എസ്റ്റേറ്റ് രംഗം കൊഴുത്തുതടിച്ചതു മുതല്‍ തുടങ്ങുന്നു ഇവിടത്തെ ജലക്ഷാമം. നാട്ടിലെ ഏത് ജലസ്രോതസ്സും കെട്ടിയടച്ച് കെട്ടിടസമുച്ചയമുണ്ടാക്കുന്ന സാമ്പത്തിക ശാസ്ത്രത്തിന് അനേകം കൈവഴികളായതോടെ തോടും പുഴയും മണ്‍മറയുകയായി. കെട്ടിടങ്ങള്‍ മത്സരിച്ചുയര്‍ത്തുന്ന തിരക്കില്‍ പുഴയും തോടും ആര്‍ക്കും പ്രശ്‌നമല്ലെന്നായി. അവയൊക്കെ നികത്തിയെടുക്കുകയെന്ന ശാഠ്യത്തിന് ബലം കൂടി. അതിനായി മാഫിയാ തലത്തില്‍ തന്നെ പ്രവര്‍ത്തനം നിര്‍ബാധം നടക്കുകയും ചെയ്തു. കോണ്‍ക്രീറ്റ് കാട്ടില്‍ കിടന്ന് വെള്ളത്തിനായി അലറിക്കരയുന്ന സ്ഥിതിവിശേഷമാണ് ഇതുവഴിയുണ്ടായത്.

ഭൂമിയുടെ സ്‌നേഹമാണ് ജലമെന്ന് പറയാറുണ്ട്. എന്നാല്‍ ആ സ്‌നേഹത്തെ സിമന്റിട്ട് നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. ജലാവബോധത്തിനായി സര്‍ക്കാറുകള്‍ ചിലതൊക്കെ ചെയ്യുന്നുണ്ടെന്ന് വരുത്തുന്നുവെങ്കിലും അതിനൊരു ക്രമപ്രവൃദ്ധമായ തലമില്ല. ഒരുഭാഗത്ത് പുഴസംരക്ഷണമുള്‍പ്പെടെയുള്ളവ കൊട്ടിഘോഷിച്ച് നടത്തുമ്പോള്‍ മറുഭാഗത്ത് അവ നികത്താന്‍ തീവ്ര ശ്രമം നടക്കുന്നു. അത്തരക്കാര്‍ക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നു. അതിന് അരുനില്‍ക്കുന്നതോ സര്‍ക്കാരും. പിന്നെ എങ്ങനെയാണ് ജലസംരക്ഷണം സാധ്യമാവുക?

കുട്ടിക്കാലത്തുതന്നെ വെള്ളത്തെക്കുറിച്ചും അത് സംരക്ഷിക്കേണ്ടതിനെക്കുറിച്ചും അവബോധം ഉണ്ടാവണം. ഇതൊക്കെ പ്രകൃതിയുടെ വരദാനമാണെന്ന്് ചൂണ്ടിക്കാണിക്കുകയും അത് സംരക്ഷിക്കാന്‍ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്ന് ഓര്‍മ്മിപ്പിക്കുകയും വേണം. വെള്ളം മനുഷ്യന്റെ നിലനില്‍പ്പിന് എത്രമാത്രം അത്യാവശ്യമാണോ അത് സംരക്ഷിക്കാനും അതേ താല്‍പ്പര്യം കാണിക്കണം. ഓരോരുത്തരും സ്വന്തം വീട്ടില്‍ ജലസംരക്ഷണത്തിന് പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ തേടുകയെന്നതാണ് ഇക്കാര്യത്തില്‍ ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന മാര്‍ഗം. ശാസ്ത്രീയമായ അറിവുകള്‍ നല്‍കാന്‍ ഭരണകൂടവും തയാറാവണം. പ്രചാരണങ്ങളുടെ കെട്ടുകാഴ്ചയിലൂടെ കുറെ പണം ചെലവിടാമെന്നല്ലാതെ ഒന്നും നടക്കില്ല. അടുത്ത യുദ്ധം വെള്ളത്തിനു വേണ്ടിയാവുമെന്ന പ്രവചനവും ഇന്നത്തെ സ്ഥിതിവച്ചു നോക്കിയാല്‍ വെറുതെയാവില്ല. വരള്‍ച്ചയുടെ കൊടും ദുരിതത്തില്‍പ്പെട്ട് കാലപുരിയിലേക്ക് പോകാതിരിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴേ തുടങ്ങണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.