കുപ്പിവെള്ള നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് നിയന്ത്രണം

Friday 23 March 2018 3:10 am IST
"undefined"

കോട്ടയം: കുപ്പിവെളള നിര്‍മ്മാണ യൂണിറ്റുകളെ സംസ്ഥാന ഭൂജല അതോറിട്ടിയുടെ പരിധിയിലാക്കി. ഭൂഗര്‍ഭജലം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കുപ്പിവെള്ള നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് ഇനി ലൈസന്‍സ് അനുവദിക്കണമെങ്കില്‍ ഭൂജല അതോറിട്ടിയുടെ എതിര്‍പ്പില്ലാ രേഖ നിര്‍ബന്ധമാക്കി. അനുമതിയില്ലാതെ ഭൂഗര്‍ഭ ജലം ഉപയോഗപ്പെടുത്തി ചില കുപ്പിവെള്ള നിര്‍മ്മാണ യൂണിറ്റുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് നിലവില്‍ അനുവദിച്ചിട്ടുള്ള ലൈസന്‍സ് പുതുക്കി നല്‍കുന്നതിനും ഇനി മുതല്‍ അതോറിട്ടിയുടെ എന്‍ഒസി നിര്‍ബന്ധമാണ്. ഇക്കാര്യം അതാത് പഞ്ചായത്തിന്റെ സെക്രട്ടറി പരിശോധിച്ച് ഉറപ്പാക്കിയ ശേഷമെ കുപ്പിവെള്ള നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുകയുള്ളു. 

വേനല്‍ കൊടുമ്പിരിക്കൊണ്ടതോടെ കുപ്പിവെള്ളത്തിന്റെ ആവശ്യം വന്‍തോതില്‍ വര്‍ദ്ധിച്ചു. തുടര്‍ന്ന് ഉല്പാദനം കൂട്ടാന്‍ യൂണിറ്റുകള്‍ തീരുമാനിച്ചു. ഇതോടെ ജലമൂറ്റല്‍ കൂടിയിരിക്കുകയാണ്. ജനവാസകേന്ദ്രങ്ങളുടെ സമീപത്തെ ജലസ്രോതസ്സുകളില്‍ നിന്നും നദികളോട് ചേര്‍ന്നുള്ള കിണറുകളില്‍ നിന്നും വലിയയളവില്‍ ജലമൂറ്റല്‍ തുടര്‍ന്നപ്പോള്‍ സമീപത്തെ നീരുറവകള്‍ വറ്റി. ഇത് സമീപ പ്രദേശത്ത് ജലക്ഷാമത്തിന് കാരണമായപ്പോഴാണ് അനുമതിയില്ലാതെ ഭൂഗര്‍ഭജലം ഊറ്റുന്നതിനെതിരെ നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. 

അതേസമയം രാജ്യത്ത് വില്‍ക്കുന്ന 10 കുപ്പിവെള്ളത്തില്‍ മൂന്നെണ്ണത്തില്‍ മാലിന്യം അടങ്ങിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വിഭാഗം കുപ്പിവെള്ള പരിശോധന കാര്യമായി നടത്തുന്നില്ല. ഇത് സംബന്ധിച്ച ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് ഭക്ഷ്യസുരക്ഷാവിഭാഗം അധികൃതര്‍ പറയുന്നത്. പല നിര്‍മ്മാണ യൂണിറ്റുകളും ആദ്യഘട്ടത്തില്‍ ആധുനിക ശുദ്ധീകരണ പ്ലാന്റില്‍ ശുദ്ധീകരിച്ചെടുത്ത വെള്ളം വിതരണം ചെയ്യും. പിന്നീട് പ്രാദേശികമായി ലഭിക്കുന്ന വെള്ളമാണ് കൊടുക്കുന്നത്. പരാതിപ്പെട്ടാല്‍ മാത്രം സാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കാമെന്ന നിലപാടാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്. എന്നാല്‍ പരിശോധനാ ഫലം ലഭിക്കാന്‍ 15 ദിവസമെടുക്കും. അതിന് മുമ്പേ കുപ്പിവെള്ളം വിപണിയില്‍ വിറ്റഴിക്കപ്പെടുന്ന അവസ്ഥയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.