എസ്പി അബ്ദുള്‍ റഷീദ് വിടുതല്‍ ഹര്‍ജി നല്‍കി

Friday 23 March 2018 3:40 am IST

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ വി.ബി.ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ചാം പ്രതി എസ്പി അബ്ദുള്‍ റഷീദ് വിടുതല്‍ ഹര്‍ജി നല്‍കി. ഹര്‍ജിയില്‍ അടുത്ത മാസം 19 ന് കോടതി വാദം കേള്‍ക്കും. കേസില്‍ താന്‍ പ്രതിയാണോ മാപ്പുസാക്ഷിയാണോ എന്ന് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടില്ല എന്നാണ്  വാദം. 

2011 ല്‍ നടന്ന സംഭവത്തില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കി 2012 ല്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അന്വേഷണം ശരിയായി നടത്താതെ പ്രതികളെ സഹായിക്കുകയാണ് സിബിഐ ചെയ്തതെന്നും അതിനാല്‍ പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഉണ്ണിത്താന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി കേസില്‍ പുനരന്വേഷണം നടത്താന്‍ ഉത്തരവിട്ടു. 

ആദ്യം സമര്‍പ്പിച്ചിരുന്ന കുറ്റപത്രത്തില്‍ ഡിവൈഎസ്പി സന്തോഷ് നായര്‍, എസ്പി അബ്ദുള്‍ റഷീദ് അടക്കം അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ സമര്‍പ്പിച്ച അന്തിമ കുറ്റപത്രത്തില്‍  പുഞ്ചിരി മഹേഷ്, വി.ആര്‍.ആനന്ദ്, എസ്.ഷഫീഖ്, ഡിവൈഎസ്പി എം.സന്തോഷ് നായര്‍, എന്‍.അബ്ദുള്‍ റഷീദ്, ആര്‍.സന്തോഷ് കുമാര്‍ എന്നീ ആറു പ്രതികളാണുള്ളത്. 2017 നവംബര്‍ 9 നാണ് പുനരന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം  അന്വേഷണ ഉദ്യോഗസ്ഥനായ കെ.ജെ. ഡാര്‍വിന്‍  കോടതിയില്‍ സമര്‍പ്പിച്ചത്. 

   2011 ഏപ്രില്‍ 16ന് രാത്രി 9.40 നാണ് ശാസ്താംകോട്ട ജംഗ്ഷനില്‍ ബസിറങ്ങി ജമിനി ഹൈറ്റ്‌സ് ഓഡിറ്റോറിയത്തിനടുത്തേക്ക് നടക്കവെ ഉണ്ണിത്താനെ ഹാപ്പി രാജേഷ്, മഹേഷ്, ആനന്ദ്, ഷഫീഖ് എന്നിവര്‍ ചേര്‍ന്ന് ആക്രമിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.