രാഹുലിന്റെ സമൂഹ മാധ്യമ പ്രചാരണം കേംബ്രിജ് അനാലിറ്റിക്കയ്ക്ക്

Friday 23 March 2018 3:25 am IST

ന്യൂദല്‍ഹി: യുഎസ് തെരഞ്ഞെടുപ്പില്‍ ഫേസ്ബുക്കിലെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയ ബ്രിട്ടീഷ് കമ്പനി കേംബ്രിജ് അനാലിറ്റിക്കയുമായുള്ള കോണ്‍ഗ്രസ് ബന്ധം കൂടുതല്‍ വിവാദത്തിലേക്ക്. രാഹുലിന്റെ സാമൂഹ്യ മാധ്യമ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത് വിവാദ കമ്പനിയാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ആരോപണത്തിന് വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞുമാറിയ രാഹുലും കോണ്‍ഗ്രസ്സും ഇറാഖില്‍ ഇന്ത്യക്കാരെ ഐഎസ് ഭീകരര്‍ കൊലപ്പെടുത്തിയ വിഷയം ചര്‍ച്ചയാവാതിരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന  വാദമുയര്‍ത്തി പ്രതിരോധിക്കാനാണ് ശ്രമിച്ചത്. കമ്പനിയുടെ രാജ്യത്തെ ഇടപെടലുകള്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് ബിജെപി വക്താവ് സമ്പിത് പാത്ര പറഞ്ഞു. 

 സത്യത്തില്‍നിന്ന് ഒളിച്ചോടാന്‍ കോണ്‍ഗ്രസ്സിന് സാധിക്കില്ലെന്ന് രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി. പുറത്തുവന്ന വിവരങ്ങളെ പ്രതിരോധിക്കാനും വിശദീകരണം നല്‍കാനും പാര്‍ട്ടിക്ക് സാധിക്കുന്നില്ലെങ്കില്‍ തനിക്കൊന്നും പറയാനില്ല. എക്കണോമിക് ടൈംസില്‍ അഞ്ച് മാസം മുന്‍പ് വന്ന വാര്‍ത്ത ഇപ്പോഴാണ് കോണ്‍ഗ്രസ് നിഷേധിക്കുന്നത്. കമ്പനിയുമായുള്ള കോണ്‍ഗ്രസ്സ് ബന്ധം സംബന്ധിച്ച് 2017 ഒക്ടോബര്‍ ഒമ്പതിന് 'മോദിയെ തടയാന്‍ രാഹുലിന്റെ ബ്രഹ്മാസ്ത്രം' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത പത്രസമ്മേളനത്തില്‍ അദ്ദേഹം ഉയര്‍ത്തിക്കാട്ടി. 

 കേംബ്രിജ് അനാലിറ്റിക്കയാണ് കോണ്‍ഗ്രസ്സിന്റെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. വികസനത്തിന് ഭ്രാന്ത് പിടിക്കുന്നു, ഗബ്ബര്‍ സിംഗ് ടാക്‌സ് തുടങ്ങിയ പ്രയോഗങ്ങള്‍ കമ്പനിയുടേതാണ്. 2019ലെ തെരഞ്ഞെടുപ്പിലെ സഹകരണത്തിനായി കോണ്‍ഗ്രസ് കരാറുണ്ടാക്കി. 

ഇപ്പോള്‍ പുറത്താക്കപ്പെട്ട സിഇഒ അലക്‌സാണ്ടര്‍ നിക്‌സുമായി നിരവധി തവണ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. അദ്ദേഹം പറഞ്ഞു. 2010ല്‍ ബിഹാര്‍ തെരഞ്ഞെടുപ്പിന് ബിജെപി-ജെഡിയു മുന്നണി കമ്പനിയെ ഉപയോഗിച്ചെന്ന കോണ്‍ഗ്രസ് ആരോപണം സമ്പിത് പാത്ര നിഷേധിച്ചു. 2013ലാണ് കമ്പനി സ്ഥാപിച്ചത്. 

തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ വിവരം ചോര്‍ത്തുന്ന വിഷയം കേന്ദ്ര സര്‍ക്കാര്‍ തമാശയായല്ല കാണുന്നത്. അന്വേഷിക്കാന്‍ പോവുകയാണ്. സത്യം പുറത്തുവരണം, അദ്ദേഹം വ്യക്തമാക്കി. 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.