മിസോറാമിന്റെ കുതിപ്പ്; ഗോവ കിതയ്ക്കുന്നു

Friday 23 March 2018 3:42 am IST
"undefined"

കൊല്‍ക്കത്ത: ഒഡീഷയെ അഞ്ചുഗോളില്‍ മുക്കി മിസോറാം സന്തോഷ് ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം വിജയമാഘോഷിച്ചു. അതേസമയം ആറുതവണ കിരീടം തലയിലേറ്റിയ ഗോവ വീണ്ടും അടിതെറ്റിവീണു.

ഗ്രൂപ്പ്് ബി യിലെ ആദ്യ മത്സരത്തില്‍ ഗോവയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയ മിസോറാം ഇന്നലെ ഏകപക്ഷീയമായ അഞ്ചുഗോളുകള്‍ക്കാണ് ഒഡീഷയെ തകര്‍ത്തത്.

തുടര്‍ച്ചയായ രണ്ടാം ജയം നേടിയ മിസോറാം ആറു പോയിന്റുമായി മുന്നിട്ടുനില്‍ക്കുകയാണ്.

ലാല്‍ റൊമാവിയ്യയുടെ ഇരട്ട ഗോളാണ് മിസോറാമിന് അനായാസ വിജയമൊരുക്കിയത്. 41, 59 മിനിറ്റുകളിലാണ് ലാല്‍ ഒഡീഷയുടെ വല ചലിപ്പിച്ചത്. ലാല്‍ബിയാഖുല, മല്‍സാംഡാങ് , ലാല്‍റിന്‍പൂനിയ എന്നിവരും ഗോള്‍ നേടി.

സന്തോഷ് ട്രോഫിയിലെ ആദ്യ ലീഗ് മത്സരത്തിനിറങ്ങിയ കര്‍ണാടകയാണ് മുന്‍ ചാമ്പ്യന്മാരായ ഗോവയെ അട്ടിമറിച്ചത്്. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് അവര്‍ വിജയം സ്വന്തമാക്കിയത്.

27-ാം മിനിറ്റില്‍ കപില്‍ ഹോബിളിന്റെ ഗോളില്‍ ഗോവ മുന്നിലെത്തി. പക്ഷെ കളിക്കളം അടിക്കിവാണ കര്‍ണാടകയുടെ കുതിപ്പില്‍ നാലു തവണ ഗോവയുടെ ഗോള്‍ വലയില്‍ പന്ത് കയറിയിറങ്ങി.

ഇടവേളയ്ക്ക് ശേഷം ഏഴുമിനിറ്റിനുള്ളില്‍ കര്‍ണാടക രണ്ട് ഗോള്‍ നേടി. വിഗ്‌നേഷും രാജേഷുമാണ് ലക്ഷ്യം കണ്ടത്. 69-ാം മിനിറ്റില്‍ ഗോവയുടെ മാത്യൂ ഗോണ്‍സാല്‍വസ് സെല്‍ഫ് ഗോള്‍ നേടിയതോടെ കര്‍ണാടക 3-1 ന് മുന്നിലെത്തി. കളിതീരാന്‍ ഒരു മിനിറ്റുള്ളപ്പോള്‍ ലീയോണ്‍ അഗസ്റ്റിന്‍ നാലാം ഗോളും നേടി. ഈ വിജയത്തോടെ കര്‍ണാടകയ്ക്ക്്് ഒരു മത്സരത്തില്‍ മൂന്ന് പോയിന്റായി. അതേസമയം തുടര്‍ച്ചയായ രണ്ടാം തോല്‍വിയേറ്റുവാങ്ങിയ ഗോവയ്ക്ക് പോയിന്റൊന്നുമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.