തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-എം എല്‍ഡിഎഫില്‍ വേണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് സിപിഐ കേന്ദ്ര നേതൃത്വം. കേരള കോണ്‍ഗ്രസുമായുള്ള സഹകരണത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞത് തന്നെയാണ് നിലപാടെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി ഡി. രാജ പറഞ്ഞു. കേരളത്തിലെടുത്ത തീരുമാനം തന്നെയാണ് പാര്‍ട്ടി തീരുമാനമെന്നും രാജ കൂട്ടിച്ചേര്‍ത്തു.
മാണിയെ എല്‍ഡിഎഫില്‍ വേണ്ടെന്ന കേരളഘടകത്തിന്റെ നിലപാട് കഴിഞ്ഞ ദിവസം സിപിഐ കേന്ദ്രനേതൃത്വം ശരിവച്ചിരുന്നു. കേരള കോണ്‍ഗ്രസ്-എമ്മിനെ എല്‍ഡിഎഫിലെടുക്കുന്നത് രാഷ്ട്രീയപരമായും തെരഞ്ഞെടുപ്പുപരമായും ഗുണം ചെയ്യില്ല. മാണി യുഡിഎഫുമായും ബിജെപിയുമായും ചര്‍ച്ചയിലാണെന്നും വിലപേശല്‍ തന്ത്രമാണു മാണി പ്രയോഗിക്കുന്നതെന്നും സംസ്ഥാന നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു.
അതേസമയം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി കേരള കോണ്‍ഗ്രസ് എമ്മുമായി സഹകരണം വേണോയെന്ന കാര്യത്തില്‍ സിപിഎം- സിപിഐ കേന്ദ്ര നേതൃത്വം വെള്ളിയാഴ്ച നടത്തിയ ചര്‍ച്ചയില്‍ ഭിന്നത നിലനിന്നതോടെ തീരുമാനം ഇരുപാര്‍ട്ടികളും സംസ്ഥാന നേതൃത്വത്തിനു വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: