കുഞ്ഞനന്തന്റെ ജയില്‍ മോചനത്തെ പിന്തുണച്ച് മുഖ്യമന്ത്രി

Friday 23 March 2018 11:16 am IST
ശിക്ഷായിളവ് നല്‍കുന്നതിന് ചട്ടങ്ങളുണ്ടെന്നും അപ്പീല്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഇളവ് നല്‍കാന്‍ പാടില്ലെന്നാണ് ചട്ടം. ടി.പി. കേസില്‍ സര്‍ക്കാരിന്റെ അപ്പീല്‍ കോടതിയിലുണ്ട്. സുപ്രീം കോടതി വിധിയടക്കം മറികടന്നാണ് പി.കെ. കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കാന്‍ ശ്രമിക്കുന്നത്.
"undefined"

തിരുവനന്തപുരം: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതി പി.കെ. കുഞ്ഞനന്തന് ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കത്തിന് ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.

കുഞ്ഞനന്തന് ശിക്ഷാ ഇളവ് നല്‍കുന്ന കാര്യത്തില്‍ രാഷ്ട്രീയ ഇടപെടലുകളോ രാഷ്ട്രീയ വിവേചനമോ നടത്തിയിട്ടില്ല. നിയമങ്ങളനുസരിച്ചാണ് നടപടികള്‍ സ്വീകരിക്കുന്നത്. ജയിലിലെ തടവുകാര്‍ക്ക് അവധിയും അടിയന്തര അവധിയും നല്‍കുന്നത് സാധാരണമാണെന്നും പിണറായി പറഞ്ഞു.

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് മറുപടി പറയവെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. രാഷ്ട്രീയ കൊലപാതക കേസുകളില്‍ ജീവപര്യന്തം തടവനുഭവിക്കുന്നവര്‍ക്ക് ശിക്ഷ ഇളവ് നല്‍കുന്നത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫ് എംഎല്‍എയാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്.

ശിക്ഷായിളവ് നല്‍കുന്നതിന് ചട്ടങ്ങളുണ്ടെന്നും അപ്പീല്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഇളവ് നല്‍കാന്‍ പാടില്ലെന്നാണ് ചട്ടമെന്നും സണ്ണി ജോസഫ് പറഞ്ഞു. ടി.പി. കേസില്‍ സര്‍ക്കാരിന്റെ അപ്പീല്‍ കോടതിയിലുണ്ട്. സുപ്രീം കോടതി വിധിയടക്കം മറികടന്നാണ് പി.കെ. കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കാന്‍ ശ്രമമെന്നും സണ്ണി ജോസഫ് സഭയില്‍ പറഞ്ഞു.

അതേസമയം വിഷയത്തിലെ മുഖ്യമന്ത്രിയുടെ മൗനം കുഞ്ഞനന്തനെ സര്‍ക്കാര്‍ ഉടന്‍ ജയില്‍ മോചിതനാക്കുമെന്ന സൂചനയാണ് നല്‍കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

കുഞ്ഞനന്തനെ മോചിപ്പിക്കാനുള്ള നീക്കം സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. ഈ നീക്കത്തെ പ്രതിപക്ഷം നിയമപരമായി നേരിടും. നിയമവിരുദ്ധമായ കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ടി.പി. കേസിലെ പ്രതികളെ രക്ഷിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്നും ചെന്നിത്തല പറഞ്ഞു.

കുഞ്ഞനന്തനെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.