ആപ്പിന് ആശ്വാസം : ഇരട്ടപ്പദവി പരാതി തെരഞ്ഞെടുപ്പ് കമ്മിഷന്‍ വീണ്ടും പരിഗണിക്കും

Friday 23 March 2018 2:53 pm IST

ന്യൂദല്‍ഹി: ആം ആദ്മി എം‌എല്‍‌എമാരെ അയോഗ്യരാക്കിയ നടപടി ദല്‍ഹി ഹൈക്കോടതി തള്ളി. എം‌എല്‍‌എമാരെ അയോഗ്യരാക്കിയ കമ്മീഷന്റെ നടപടി തെറ്റെന്ന് ദല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. എം‌എല്‍‌എമാരുടെ ഭാഗം കേള്‍ക്കാതെയാണ് തീരുമാനം. ഇരട്ടപ്പദവി പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വീണ്ടും പരിഗണിക്കണമെന്നും കോടതി ഉത്തരവിട്ടു.

എംഎല്‍എമാരുടെ വാദം കേള്‍ക്കാതെയാണ് കമ്മീഷന്‍ തീരുമാനമെടുത്തതെന്നായിരുന്നു ആപ്പിന്റെ ആരോപണം.  2015 മാര്‍ച്ച് 23 മുതല്‍ 2016 സെപ്തംബര്‍ എട്ട് വരെ എംഎല്‍എമാരെ പാര്‍ലമെന്റ് സെക്രട്ടറിമാരായി നിയമിച്ചതിനെതിരെ അഭിഭാഷകനായ പ്രശാന്ത് പട്ടേലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ലഫ്റ്റനന്റ് ഗവര്‍ണറുടെ അംഗീകാരമില്ലാതെയാണ് നിയമനമെന്ന് ചൂണ്ടിക്കാട്ടി സെപ്തംബറില്‍ ഹൈക്കോടതി നിയമനം റദ്ദാക്കി. 

പാര്‍ലമെന്റ് സെക്രട്ടറിയെന്നത് ലാഭകരമായ പദവികളുടെ വിഭാഗത്തില്‍നിന്ന് എടുത്തുമാറ്റി ദല്‍ഹി സര്‍ക്കാര്‍ ഇതിനിടെ ഭേദഗതി കൊണ്ടുവന്നിരുന്നെങ്കിലും രാഷ്ട്രപതി അംഗീകരിച്ചില്ല. നിയമനം റദ്ദാക്കപ്പെട്ടതായി എംഎല്‍എമാര്‍ കമ്മീഷനില്‍ വിശദീകരിച്ചെങ്കിലും പദവിയിലിരിക്കെ സ്വീകരിച്ച തീരുമാനങ്ങളും പ്രവൃത്തികളും അന്വേഷണ വിധേയമാണെന്ന് നിരവധി സുപ്രീംകോടതി വിധികളുള്ളതായി കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

21 എംഎല്‍എമാര്‍ക്കെതിരെയാണ് പരാതിയുണ്ടായിരുന്നത്. ഇതില്‍ രജൗരി ഗാര്‍ഡന്‍ എംഎല്‍എയായിരുന്ന ജര്‍ണെയില്‍ സിങ്ങ് രാജിവെച്ച് പഞ്ചാബ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ രജൗരി ഗാര്‍ഡനും ആപ്പിന് നഷ്ടപ്പെട്ടു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ദല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.   

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.