കാര്‍ത്തി ചിദംബരത്തിന് ഉപാധികളോടെ ജാമ്യം

Friday 23 March 2018 3:13 pm IST

ന്യൂദല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് ദല്‍ഹി ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. 10 ലക്ഷത്തിന്റെ ബോണ്ടിലാണ് ജാമ്യം നല്‍കിയത്. രാജ്യത്തിന് പുറത്തു പോകാനോ, ബാങ്ക് അക്കൗണ്ടുകള്‍ ക്ളോസ് ചെയ്യാനോ, സാക്ഷികളെ സ്വീധീനിക്കാനോ പാടില്ല.

2007ല്‍ ഐഎന്‍എക്‌സ് മീഡിയ വിദേശത്തുനിന്നു 305 കോടിരൂപ നിക്ഷേപിച്ചെന്നാണ് കേസ്. അന്ന് ധനകാര്യ മന്ത്രിയായിരുന്ന പി.ചിദംബരത്തിന്റെ സ്വാധീനത്താല്‍ കാര്‍ത്തിയാണ് ചരടുകള്‍ വലിച്ചതെന്നും, ഇതിനായി ഐ.എന്‍.എക്‌സ് മീഡിയ ഉടമസ്ഥരായിരുന്ന പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി എന്നിവരില്‍ നിന്നും കാര്‍ത്തി കമ്മിഷന്‍ വാങ്ങിയെന്നുമാണ് ആരോപണം. ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷണല്‍ ബോര്‍ഡിന്റെ അനുമതിക്കായി ഏഴു കോടി ഡോളര്‍ കാര്‍ത്തി ചിദംബരത്തിന് നല്‍കിയെന്ന് അടുത്തിടെ ഇന്ദ്രാണി മുഖര്‍ജി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കാര്‍ത്തിയെ ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് അറസ്റ്റ് ചെയ്‌തത്. 

മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ ഇപ്പോള്‍ ജയിലിലാണ് മുഖര്‍ജി ദമ്പതിമാര്‍. കേസുമായി ബന്ധപ്പെട്ട് ചിദംബരത്തിന്റെയും മകന്റെയും വസതികളിലും ഓഫീസിലും നടത്തിയ പരിശോധനയില്‍ കാര്‍ത്തിക്കെതിരെ മതിയായ തെളിവുകള്‍ ലഭിച്ചിരുന്നു. ഐഎന്‍എക്‌സ് മീഡിയ കമ്പനിയില്‍ നിന്ന് കോഴ കൈപ്പറ്റിയതിനുള്ള വൗച്ചറുകളും മറ്റു രേഖകളുമാ‍ണ് കണ്ടെത്തിയിരുന്നത്. 

കാര്‍ത്തിയെ കഴിഞ്ഞമാസം 28നാണ് സിബിഐ ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പിതാവിനും കാര്‍ത്തിക്കും സമൂഹത്തിലുള്ള പദവി കണക്കിലെടുത്തു മാത്രം പ്രത്യേക സെല്‍ അനുവദിക്കണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും ഇത് ലഭിച്ചിരുന്നില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.