മെഡിക്കല്‍കോളേജ് കേന്ദ്രീകരിച്ച് പെണ്‍വാണിഭ സംഘങ്ങള്‍

Saturday 24 March 2018 2:00 am IST

 

പേട്ട: മെഡിക്കല്‍കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് പെണ്‍വാണിഭസംഘങ്ങള്‍. ഒപി, സര്‍ജറി, ഓര്‍ത്തോ തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും സ്ത്രീകളുടെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം വ്യാപകമാകുന്നതായി പരാതി.

രാവിലെ ആശുപത്രിക്കുളളിലേക്ക് സന്ദര്‍ശന സമയം തുടങ്ങുന്നതോടെയാണ് വാണിഭസംഘങ്ങള്‍ ദൗത്യവുമായി രംഗത്തെത്തുന്നത്. പുറത്തുളളവരെ ആശുപത്രിക്കുളളിലെത്തിച്ചും ചികിത്സ തേടിയെത്തുന്ന ചിലരെ പുറത്തെത്തിച്ചുമാണ് കൈമാറ്റങ്ങള്‍. നിര്‍ധനരോഗികളുടെ കൂട്ടിരുപ്പുകാരെയാണ് ഇക്കൂട്ടര്‍ ലക്ഷ്യമിടുന്നത്. പഴയ അത്യാഹിത വിഭാഗത്തിന് സമീപമാണ് ഇവരുടെ താവളം. ആശുപത്രിക്കുളളില്‍ നിന്ന് ആളുകളെ ഇവിടെയെത്തിക്കുമ്പോള്‍ ഒരു വാഹനം ഇവരുടെയടുക്കല്‍ വന്ന് നില്‍ക്കുന്നതോടെ ഏജന്റൊഴികെയുളളവര്‍ അപത്യക്ഷരാവുന്നതായിട്ടാണ് പറയപ്പെടുന്നത്. സംഘത്തില്‍പ്പെട്ട ഒരാളെ സംശയാസ്പദമായ സാഹചര്യത്തില്‍ പോലീസ് പിടികൂടിയെങ്കിലും പരാതിക്കാരില്ലാത്തതില്‍ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഇയാളുടെ പ്രവര്‍ത്തനം ഇന്നും സജീവമാണെന്നു സമീപത്തെ കടക്കാര്‍ ചൂണ്ടിക്കാട്ടുന്നു.    

കാഴ്ചയില്‍ പോലീസ് ഉദ്യോഗസ്ഥനാണെന്ന് തോന്നുന്ന ഇയാളെ ആശുപത്രിക്കുളളിലെ ചില സെക്യൂരിറ്റി ജീവനക്കാര്‍ വരെ ആളറിയാതെ സല്യൂട്ട് ചെയ്യുന്ന അവസ്ഥയാണുളളത്.  ആശുപത്രി ജീവനക്കാരനെന്ന വ്യാജ ഐഡി കാര്‍ഡും ഇയാളുടെ പക്കലുളളതായും പറയുന്നുണ്ട്. പലപ്പോഴും പോലീസ്  ഉദ്യോഗസ്ഥനും ആശുപത്രി ജീവനക്കാരനും ചമഞ്ഞാണ് ഇയാളുടെ പ്രവര്‍ത്തനം. സമീപത്തെ ചില ലോഡ്ജുകളും ഇയാളുടെ പ്രവര്‍ത്തനകേന്ദ്രമാകുന്നതായും പറയപ്പെടുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.