ആറുമാസം മുമ്പ് ടാര്‍ചെയ്ത റോഡ് കുത്തിപ്പൊളിച്ച് ഇന്റര്‍ലോക്കിട്ടു

Saturday 24 March 2018 2:00 am IST

 

പേരൂര്‍ക്കട: ആറുമാസം മുമ്പ് ടാര്‍ ചെയ്ത റോഡ് കുത്തിപ്പൊളിച്ച് 50 മീറ്റര്‍ ഭാഗത്ത് ഇന്റര്‍ലോക്കിടുന്നു. സമീപം 50 മീറ്ററില്‍ കൂടി പണി ഉടന്‍ ആരംഭിക്കും. മൊത്തം നാലുലക്ഷം വരുന്ന നഗരസഭാ ഫണ്ട് ഉപയോഗിച്ചാണ് ജോലി.

കുണ്ടും കുഴിയുമില്ലാത്ത റോഡ്, പൈപ്പുപൊട്ടല്‍ പോലുള്ള പ്രശ്നങ്ങളില്ല, വെള്ളക്കെട്ടുള്ളതായി റസിഡന്‍സ് അസോസിയേഷനോ പ്രദേശവാസികള്‍ക്കോ പരാതിയില്ല. എങ്കിലും ഇന്റര്‍ലോക്ക് ചെയ്യുന്നത് പേരൂര്‍ക്കട വാര്‍ഡ് കൗണ്‍സിലറുടെ ഒറ്റ നിര്‍ബന്ധപ്രകാരമെന്ന് നാട്ടുകാര്‍. മണ്ണാമ്മൂല-ഇടക്കുളം റോഡിന്റെ 50മീറ്റര്‍ ഭാഗം ഇന്റര്‍ലോക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ബിജെപി പേരൂര്‍ക്കട വാര്‍ഡ്കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. പേരൂര്‍ക്കട വാര്‍ഡിന്റെ പല ഭാഗത്തും റോഡ് പൊട്ടിപ്പൊളിഞ്ഞു. ഇടറോഡുകള്‍ കുണ്ടുകുഴിയുമായി. പൈപ്പുപൊട്ടി മറ്റൊരു റോഡ് തകര്‍ന്നു. അപ്പോഴാണ് ഇടക്കുളം റോഡ് ഇന്റര്‍ലോക്ക് ചെയ്യുന്നതെന്ന് വാര്‍ഡ് കമ്മിറ്റി ആരോപിക്കുന്നു. 

ഇന്റര്‍ലോക്കിനെയും ടാറിട്ട റോഡിനെയും തമ്മില്‍ നല്ലരീതിയില്‍ യോജിപ്പിച്ചിട്ടില്ലാത്തതിനാല്‍ മഴക്കാലത്ത് യാത്ര പ്രയാസമേറും. വശങ്ങളില്‍ ഓട നിര്‍മിച്ചിട്ടില്ല. ഇവിടം സിമന്റ്പൂശി വിട്ടിരിക്കുന്നു. ഇന്റര്‍ലോക്ക് തുടങ്ങുന്ന പ്രധാന റോഡിന്റെ വശത്തുകൂടി ചെറിയറോഡ് പോകുന്നുണ്ട്. ഈ ഭാഗം വയലേലയാണ്. മഴക്കാലത്ത് ഇന്റര്‍ലോക്കുകളിലൂടെ വെള്ളംഒഴുകി വയലുകള്‍ നിറയും. തികച്ചും അശാസ്ത്രീയമായി, സര്‍ക്കാര്‍ഫണ്ട് ദുരുപയോഗം ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള പണി അവസാനിപ്പിക്കണമെന്നും പണിയിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധബോര്‍ഡുകള്‍ സ്ഥാപിച്ചു. 

ഇന്റര്‍ലോക്കിട്ട ഭാഗം നിരന്തരം പൈപ്പ് പൊട്ടുന്ന സ്ഥലമാണെന്നാണ് കൗണ്‍സിലറുടെ വാദം. മുമ്പേ അനുവദിച്ച ഫണ്ടാണ് ഉപയോഗിക്കുന്നത്. ഇന്റര്‍ലോക്ക് ചരിച്ച് ഇട്ടിരിക്കുന്നതിനാല്‍ ഓട ആവശ്യമില്ലെന്നും ആര് എതിര്‍ത്താലും ബാക്കി പണിയുമായി മുന്നോട്ടുപോകുമെന്നുമാണ് കൗണ്‍സിലറുടെ നിലപാട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.