പേപ്പട്ടി ശല്യം രൂക്ഷം

Saturday 24 March 2018 2:00 am IST

 

കല്ലമ്പലം: ഞെക്കാടും പരിസരങ്ങളിലും പേപ്പട്ടിശല്യം രൂക്ഷമാകുന്നു. ഒറ്റൂര്‍, ചെമ്മരുതി പഞ്ചായത്തുകളിലെ സംഗമസ്ഥലമായ ഞെക്കാടും പൊയ്കയില്‍ ക്ഷേത്രപരിസരത്തും തെരുവുനായ്ക്കളും പേപ്പട്ടികളും ഭീകര അന്തരീക്ഷം സൃഷ്ടിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസങ്ങളില്‍ ഞെക്കാട് മാര്‍ക്കറ്റ് പരിസരത്ത് പേപ്പട്ടിയിറങ്ങിയത് ഭീതിപരത്തി. നാല്‍ക്കാലികളെയും വീട്ടുകാരെയും കടിച്ച നായയെ പിടികൂടാന്‍ സാധിച്ചില്ല. ഞെക്കാട് പൊയ്കയില്‍ വസന്തന്റെ വീട്ടില്‍ തൊഴുത്തില്‍ കെട്ടിയ ആടുകളെ കടിച്ചുകീറിയ പേപ്പട്ടി തൊട്ടടുത്തുള്ള ഗൗരീശത്തില്‍ സത്യദാസിന്റെ അടിനെയും പശുവിനെയും കടിച്ചു. കൂടാതെ മാര്‍ക്കറ്റ് പരിസരത്തുകൂടി നടന്നു പോകുകയായിരുന്ന ഏതാനുംപേര്‍ക്കും കടിയേറ്റിരുന്നു. എല്ലാവരും ആശുപത്രിയില്‍ ചികിത്സതേടി. പേപ്പട്ടി മാര്‍ക്കറ്റിലും ഞെക്കാട് പരിസരത്തും തമ്പടിച്ചിട്ടുള്ള മറ്റു പട്ടികളുമായും കിടപിടികൂടിയാണ് പോയത്. തല്ലിക്കൊല്ലാന്‍ ശ്രമിക്കവെ പേപ്പട്ടി ഓടി രക്ഷപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. പ്രദേശം കേന്ദ്രീകരിച്ച് തെരുവുനായ് ശല്യം പെരുകിയിട്ട് വര്‍ഷങ്ങളായി. മുമ്പും സമാന സംഭവത്തില്‍ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പട്ടി കടിയേറ്റിട്ടുണ്ട്. പ്രദേശത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഒറ്റൂര്‍ ചെമ്മരുതി പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും യാതൊരു ഫലവുമില്ലത്രേ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.