ഞാനാണ് എല്ലാവരുടെയും പിതാവ്: അമ്മ പ്രകൃതിയും

Saturday 24 March 2018 2:56 am IST

സൃഷ്ടിയുടെ ആരംഭത്തില്‍ എന്റെ നിയന്ത്രണത്തിലുള്ള പ്രകൃതിയുടെയും പുരുഷന്റെയും സംസര്‍ഗ്ഗത്തില്‍ നിന്ന് എല്ലാ ഭൂതങ്ങളും ഉണ്ടാവുന്നു എന്നു കഴിഞ്ഞ ശ്ലോകത്തില്‍ പറഞ്ഞു. എന്നാല്‍ സൃഷ്ടിയുടെ ആരംഭത്തില്‍ മാത്രമല്ല, എപ്പോഴും പ്രാണികള്‍ ജനിച്ചുകൊണ്ടേയിരിക്കുന്നുണ്ടല്ലോ. ദേവന്മാരായും മനുഷ്യരായും പിതൃക്കളായും ഗോക്കളായും മറ്റു നാല്‍ക്കാലികളായും പക്ഷി-വൃക്ഷ-ലതാദികളായും പുഴുക്കളായും ശരീരങ്ങളെടുത്ത് ജീവാത്മാക്കള്‍ ജനിച്ചുകൊണ്ടിരിക്കുന്നുണ്ടല്ലോ.

താസാംയോനിഃ മഹദ്ബ്രഹ്മ (14-4)

അവരെ ജനിപ്പിക്കുന്നത്-ജനയിത്രി-മഹത്തും, ബ്രഹ്മവും ആയ പ്രകൃതി തന്നെയാണ്. (മഹത്, ബ്രഹ്മ. ഈ പദങ്ങളുടെ അര്‍ത്ഥം മുന്‍പ് വിവരിച്ചിട്ടുണ്ട്). അതിനാല്‍ അവരുടെ എല്ലാം അമ്മ-പ്രകൃതി എന്ന എന്റെ ശക്തിതന്നെയാണ്. സര്‍വേശ്വരനും സര്‍വശക്തനുമായ ഈ ഞാന്‍ തന്നെയാണ്, പ്രകൃതിയില്‍ ബീജാധാനം ചെയ്തത്. അതിനാല്‍ ഞാന്‍ തന്നെയാണ് എല്ലാവരുടെയും പിതാവ്. 

''പിതാസിലോകസ്യചരാചരസ്യ'' (ശ്ലോകം 43) (അങ്ങുതന്നെയാണ് ഇളകുന്നതും ഇളകാത്തതുമായ എല്ലാപ്രാണികളുടെയും അച്ഛന്‍). അത് അക്ഷരംപ്രതി ശരിയാണ്!- ''അഹം ബീജ പ്രദഃ പീതാ''

നിരീശ്വരവാദികള്‍ പറയുന്നത് അങ്ങനെയല്ലല്ലോ (14-4)

മനുഷ്യന്‍ ഭക്ഷണം കഴിച്ച്, കൊഴുത്ത് തടിച്ച ദേഹത്തില്‍ ആവിര്‍ഭവിക്കുന്ന ബീജം സ്ത്രീയോനിയില്‍ നിക്ഷേപിക്കുന്നു. അതു ശരീരമായിത്തീരുന്നു. ജീവന്‍ തുടിക്കുന്നു. ഗര്‍ഭം പൂര്‍ണ വളര്‍ച്ചയെത്തിയാല്‍ പ്രസവിക്കുന്നു. ഇത് പ്രകൃതിയിലെ സാധാരണ സംഭവം മാത്രം. ഇതില്‍ ഈശ്വരന് എന്തുകാര്യം?

ഒരു മറുചോദ്യം വിവാഹം കഴിഞ്ഞുകൊല്ലങ്ങള്‍ ഏറെയായിട്ടും, വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ പരിശോധിച്ച് ചികിത്സിച്ചിട്ടും, അച്ഛനും അമ്മയും ആവാന്‍  കഴിയാത്ത എത്രയോ ഭാര്യാഭര്‍ത്താക്കന്മാര്‍  നിരാശരായി കഴിച്ചുകൂട്ടുന്നു. എന്താണ് കാരണം? ബീജത്തിന് ശക്തിയില്ല; ഗര്‍ഭാശയത്തിന് ശക്തിയില്ല. എന്തുകൊണ്ടാണ് ശക്തിയില്ലാത്തത്?

 വേദം പ്രമാണമാക്കി ആചാര്യന്മാര്‍ വിശദീകരിക്കുന്നു (14-4)

സൃഷ്ടിയുടെ ആരംഭത്തില്‍ പരമാത്മാവായ ഭഗവാന്‍ ''ദ്വിതീയം ഐച്ഛത്'' (രണ്ടാമതായി വേണം) എന്ന് ഇച്ഛിച്ചു. അപ്പോള്‍ പ്രകൃതിയുണ്ടായി. അതുപോലെ-

''യഥാസ്ത്രീപുമാംസൗ സംപരിഷ്വക്തൗ

സ ഇമമേവാത്മാനം ദ്വേധാപാതയത്

തതഃ പതിശ്ച പത്‌നീ ചാദവതാം''

(= സ്ത്രീ പുരുഷന്മാര്‍ കൂടിച്ചേരുന്നതുപോലെ, പരമപുരുഷന്‍ പ്രകൃതിയുമായി ചേരുന്നു. അനന്തരം മായയാല്‍ പ്രകൃതിയാല്‍, ആത്മാവിനെ-തന്നെ-ചുറ്റപ്പെട്ടതായി വേറെ ആവിര്‍ഭവിപ്പിച്ചു.)

എല്ലാ പുരുഷന്മാരും സ്ത്രീകളും ഭഗവാന്റെയും പ്രകൃതിയുടെയും പ്രതിനിധികളാണ്. ഭഗവാന്റെ അംശങ്ങളായ ജീവാത്മാക്കള്‍, ഭഗവാന്റെ തന്നെ ബീജങ്ങളുമാണ്. ഈ ജീവാത്മാക്കള്‍ ഭൗതിക പ്രകൃതിയുമായി സമ്പര്‍ക്കം പുലര്‍ത്തുക എന്നതിനെയാണ് ഗര്‍ഭധാനം എന്നുപറയുന്നത്. പ്രകൃതി പുരുഷന്മാരുടെ സാന്നിധ്യം, യഥാക്രമം സ്ത്രീയിലും ഭര്‍ത്താവിലും താല്‍ക്കാലികമായി ഉണ്ടാവുന്നുണ്ട്. കഴിഞ്ഞുപോയ ജന്മങ്ങളിലെ കര്‍മ്മഫലമായാണ്. പാപം സ്ത്രീപുരുഷന്മാരില്‍ ഉള്ളതുകൊണ്ട്, ഭഗവാന്റെ പ്രകൃതിയുടെയും താല്‍ക്കാലിക സാന്നിദ്ധ്യം ഭാര്യാഭര്‍ത്താക്കന്മാരില്‍-ഉണ്ടാവുന്നില്ല. അതുകൊണ്ട് ഗര്‍ഭധാരണം നടക്കുന്നില്ല.

അരിക്കൂമ്പാരത്തില്‍ തേള്‍ മുട്ടയിടാറുണ്ട്. ചിലര്‍ അരിയില്‍ നിന്നാണ് തേളുകള്‍ ജനിക്കുന്നതെന്നു കരുതുന്നു. അത് വാസ്തവമല്ല. പെണ്‍ തേള്‍ അരിയില്‍ മുട്ടയിട്ടതുകൊണ്ടാണ് തേള്‍ ഉണ്ടായത്.  അരിക്കൂമ്പാരമല്ല ആ തേളിന്റെ ഉല്‍പത്തി സ്ഥാനം; തേള്‍ തന്നെയാണ്. ഭൗതികതലത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരെയാണ് അച്ഛനും അമ്മയുമായി നാം കാണുന്നതെങ്കിലും, ആത്മീയതലത്തില്‍ ഭഗവാന്‍ തന്നെയാണ് യഥാര്‍ത്ഥ അച്ഛന്‍; പ്രകൃതീ ശക്തി തന്നെയാണ് യഥാര്‍ത്ഥ അമ്മയും; മാതാപിതാക്കളില്‍ താല്‍ക്കാലികമായി ഉണ്ടാവുന്ന ഭഗവാന്റെ സാന്നിദ്ധ്യത്തെയും പ്രകൃതീശക്തിയുടെ സാന്നിധ്യത്തെയും മുന്‍നിര്‍ത്തിയാണ് ഉപനിഷത്ത്.

''പിതൃ ദേവോ ഭവ''- ''മാതൃദേവോ ഭവ'' എന്ന് നമ്മോട് ഉപദേശിക്കുന്നത് എന്നും മനസ്സിലാക്കണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.