പാക് അതിര്‍ത്തിക്കടുത്ത് ഇന്ത്യന്‍ വ്യോമ താവളം വരുന്നു

Saturday 24 March 2018 3:08 am IST
"undefined"

ന്യൂദല്‍ഹി: ശത്രുപാളയത്തിന്റെ മൂക്കിനു താഴെ സൈനിക വ്യോമ താവളം നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഗുജറാത്തിലെ പാക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബാണസ്‌കന്ദ ജില്ലയിലെ ദീസയിലാണ് ഇന്ത്യന്‍ വ്യോമസേനാ വിഭാഗത്തിന്റെ സ്വപ്‌ന പദ്ധതിയായ വിമാനത്താവളം വരുന്നത്. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമതിയാണ് തീരുമാനമെടുത്തത്.  സേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്ന പദ്ധതി കൂടിയാണിത്. 

ദീസയില്‍ വ്യോമതാവളം വേണമെന്ന ആവശ്യത്തിന് രണ്ട് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. പല കാരണങ്ങളാല്‍ ഇത് കടലാസിലൊതുങ്ങി. എന്നാല്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ മുന്‍കൈയെടുത്തതോടെയാണ് പദ്ധതിക്ക് ജീവന്‍ വച്ചത്. 

4,000 ഏക്കറിലായാലാണ് ദീസ വിമാനത്താവളം ഒരുങ്ങുന്നത്. ആദ്യഘട്ടത്തില്‍ പദ്ധതിക്കായി 1,000 കോടിയാണ് മുടക്കുക. ഇത് റണ്‍വേ വിപുലീകരണത്തിനാണ്. റണ്‍വേ വിപുലീകരിക്കുന്നതോടെ വിവിഐപി ലാന്‍ഡിങ് എളുപ്പമാകും, ഇതിനായുള്ള സൗകര്യങ്ങളുമൊരുക്കും. മാത്രമല്ല വ്യോമസേനക്കായി യുദ്ധവിമാനങ്ങളിറക്കുന്നതിനും മറ്റു കാര്യനിര്‍വാഹക സൗകര്യങ്ങളും തയ്യാറാക്കും. പാക് അതിര്‍ത്തിയോട് ചേര്‍ന്ന് വരുന്നതിനാല്‍ ഏതൊരാക്രമണത്തെയും ദ്രുതഗതിയില്‍ നേരിടാന്‍ സേനക്ക് കഴിയും. ബാര്‍മര്‍-ബുജ് വിമാനത്താവളങ്ങളേക്കാള്‍ ഏറ്റവും അടുത്തുള്ള വിമാനത്താവളം ദീസയിലേതാകും. 

കുറഞ്ഞ കാലങ്ങള്‍ക്കുള്ളില്‍ തന്നെ പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷയെന്ന് വ്യോമസേനാ വൃത്തങ്ങള്‍ അറിയിച്ചു. 2017 സപ്തംബറില്‍ നിര്‍മല സീതാരാമന്‍ ഗുജറാത്തിലെ ജാംനഗറില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ പദ്ധതിയെ കുറിച്ച് വ്യോമസേന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.