സാങ്കേതികവിദ്യാവികസനം തൊഴിലിന് ഭീഷണിയാകില്ല: രഘുറാം രാജന്‍

Saturday 24 March 2018 3:22 am IST
"undefined"

കൊച്ചി: നിര്‍മ്മിത പൊതുബുദ്ധിയും (ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ്) യന്ത്രമനുഷ്യനും എത്രത്തോളം വളര്‍ന്നാലും മനുഷ്യന്റെ തൊഴില്‍ അവസരങ്ങള്‍ക്ക് ഭീഷണിയുണ്ടാകില്ലെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. ആഗോള ഡിജിറ്റല്‍ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

നിര്‍മ്മിത ബുദ്ധിയും യന്ത്രമനുഷ്യനും മനുഷ്യന്റെ ജോലികള്‍ക്ക് പകരമാകുമെന്ന ഭീഷണി അമ്പതുകള്‍ മുതലുണ്ട്. എന്നാല്‍ നൈപുണ്യവും സഹാനുഭൂതിയും ആവശ്യമുള്ള തൊഴില്‍ മേഖലകളില്‍ ഇന്നും മനുഷ്യ ആധിപത്യമാണ് തുടരുന്നത്. അവിദഗ്ധ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുന്ന അവസ്ഥയുണ്ട്. എന്നാല്‍ നൈപുണ്യമുള്ള തൊഴിലാളികള്‍ക്ക് ജോലി അവസരങ്ങള്‍ വര്‍ധിക്കുകയാണ്. നഴ്‌സിങ് ഉദാഹരണം. 

സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ കഴിവതും ഇന്ത്യയില്‍ നിന്നുള്ള മൂലധനം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണം. സാമ്പത്തിക വ്യവസ്ഥയ്ക്ക് അത് കൂടുതല്‍ കരുത്തു പകരും. നഷ്ടത്തെക്കുറിച്ചുള്ള ആശങ്ക അതിജീവിച്ച് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ധനസഹായഫണ്ട് രൂപീകരിക്കണം. രാജ്യത്തെ ഡാറ്റയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചും വ്യക്തത വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ആഗോളതലത്തിലുള്ള മത്സരമാണ് ഇന്ത്യയും കേരളവും നേരിടേണ്ടത്. ഇന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് ആഗോള നിലവാരത്തിലുള്ള സ്ഥാപനങ്ങള്‍ ഇവിടെ കുറവാണ്. രാജ്യത്തെ മികച്ച ബുദ്ധി കേന്ദ്രങ്ങള്‍ ഇന്ന് വിദേശത്താണുള്ളത്. ഇവരെ തിരികെ കൊണ്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഇടത്തരം ജനസമൂഹത്തിന് ഉന്നമനം കൊണ്ടു വരണം. റിക്ഷാക്കാരന്റെയും വീട്ടു ജോലി ചെയ്യുന്നവരുടെയും വരുമാനം വര്‍ധിച്ചാല്‍ അവര്‍ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ ശ്രമിക്കും. ഇതു വഴി വിദ്യാസമ്പന്നരായ തലമുറ വളര്‍ന്നു വരും. സാധാരണക്കാരന്റെ ജീവിത നിലവാരം വളരേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.