ഫണ്ട് ചെലവഴിക്കാന്‍ തട്ടിക്കൂട്ട് പദ്ധതികള്‍

Saturday 24 March 2018 2:00 am IST

 

ആലപ്പുഴ: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പദ്ധതി പണം ചെലവഴിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ നെട്ടോട്ടം. തട്ടിക്കൂട്ട് പദ്ധതികള്‍ പോലും തയ്യാറാക്കുന്നതായി ആക്ഷേരം ഉയരുന്നുണ്ട്. 

 ജില്ലയില്‍ 75 ശതമാനത്തില്‍ താഴെ മാത്രമാണ് ചെലവഴിച്ചിട്ടുള്ളതെന്നാണ് അനൗദ്യോഗിക കണക്ക്. അടുത്ത സാമ്ബത്തിക വര്‍ഷം മുതല്‍ ചെലവഴിക്കാത്ത പണം വിനിയോഗിക്കാനുള്ള സ്പില്‍ ഓവര്‍ പ്രോജക്ടുകള്‍ ഇല്ലെന്ന ഉത്തരവ് ഇറങ്ങിയതോടെ എങ്ങനെയും അനുവദിച്ച പണം ചെലവാക്കാനുള്ള നെട്ടോട്ടത്തിലാണ് വിവിധ പഞ്ചായത്തുകള്‍. 

 അനുവദിച്ച പണം ചെലവാക്കിയില്ലെങ്കില്‍ അടുത്ത വര്‍ഷത്തെ വിഹിതത്തില്‍ കുറവ് ഉണ്ടാകും. നൂറ് ശതമാനം ചെലവാക്കിയാല്‍ വിഹിതത്തില്‍ വര്‍ധനയും ലഭിക്കും. അടുത്തിടെയാണ് സ്പില്‍ ഓവര്‍ പ്രോജക്ടുകള്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ധനവ്യയ സെക്രട്ടറി ഉത്തരവിറക്കിയത്. 

 സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ ഇറക്കിയ ഉത്തരവ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി. ഇത് പട്ടിക വിഭാഗങ്ങള്‍ക്കായി നടത്തുന്ന ക്ഷേമ പദ്ധതികളെയും നിര്‍മാണങ്ങളേയും ബാധിക്കും. അങ്കണവാടി, സ്‌കൂള്‍ കെട്ടിടങ്ങള്‍ തുടങ്ങിയവ ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാകാറില്ല. 

 ഇത്തരം നിര്‍മാണങ്ങള്‍ പാതിവഴിയില്‍ മുടങ്ങാനുള്ള സാദ്ധ്യതയുണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ പറയുന്നു.  നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് നിര്‍മാണങ്ങളുടെയും മറ്റും ബില്ലുകള്‍ കൂടുതലും മാറുന്നത്. എന്നാല്‍ ട്രഷറി നിയന്ത്രണം മൂലം ബില്ലുകള്‍ മാറാന്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലായിരുന്നു. 

 കരാറുകാരുടെ നിസഹകരണ സമരവും ഇത്തവണ റോഡുകള്‍ ഉള്‍പ്പടെയുള്ളവയുടെ നിര്‍മ്മാണങ്ങള്‍ക്ക് തടസമായി.പദ്ധതി തുക മുഴുവന്‍ ചെലവഴിച്ച് സംസ്ഥാന തലത്തില്‍തന്നെ ഒന്നാമതെത്തിയത് കുട്ടനാട് താലൂക്കിലെ മുട്ടാര്‍ ഗ്രാമപഞ്ചായത്ത്. 211.86 ശതമാനമാണ് ഇവിടെ ചെലവഴിച്ചത്. 1.18 കോടിയുടെ ബജറ്റ് വിഹിതം അടക്കം 2.50 കോടിരൂപയുടെ പദ്ധതികളാണ് നടപ്പുവര്‍ഷം മുട്ടാറ്റില്‍ നടപ്പാക്കിയത്. 

 സംസ്ഥാനത്ത് 37 ഗ്രാമപഞ്ചായത്തുകള്‍ മാത്രമാണ് പദ്ധതി തുക പൂര്‍ണമായും ചെലവഴിച്ചത്. ബ്ലോക്ക് പഞ്ചായത്തുകളുടെ വിഭാഗത്തില്‍ അമ്പലപ്പുഴയാണ് ഒന്നാമതെത്തിയത്. 3.26 കോടിയായിരുന്നു ഇവിടെ ബജറ്റ് വിഹിതം. എന്നാല്‍ 3.32 കോടി ചെലവഴിക്കാനായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.