കുഞ്ഞനന്തന് 9 മാസത്തിനിടെ 211 ദിവസത്തെ പരോള്‍

Saturday 24 March 2018 3:05 am IST
"undefined"

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 13-ാം പ്രതി കുഞ്ഞനന്തന് 9 മാസത്തിനിടെ സര്‍ക്കാര്‍ അനുവദിച്ചത് 211 ദിവസത്തെ പരോള്‍. പരോള്‍ കാലയളവില്‍ പാര്‍ട്ടിസമ്മേളനങ്ങളില്‍ പങ്കെടുക്കുകയും സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനങ്ങള്‍ നടത്തുകയും ചെയ്തു. നിയമസഭയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

കുഞ്ഞനന്തനെ മോചിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. തടവുകാരുടെ മോചനം സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സണ്ണി ജോസഫ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. സര്‍ക്കാര്‍ നിയമവശങ്ങള്‍ പരിശോധിച്ചുവരികയാണെന്നും അതനുസരിച്ച് മാത്രമേ തീരുമാനങ്ങള്‍ എടുക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷവും ബിജെപിയും സഭയില്‍ നിന്നിറങ്ങിപ്പോയി.

അപ്പീല്‍ നില്‍ക്കുമ്പോഴോ വധശിക്ഷ വിധിക്കാവുന്ന കുറ്റം ചെയ്തതിനാലോ ഇളവുകള്‍ നല്‍കരുതെന്ന് ടിപി കേസിന്റെ വിധിന്യായത്തില്‍ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. കേസില്‍ സര്‍ക്കാരും ടിപിയുടെ ഭാര്യ രമയും പ്രതികളും ഹൈക്കോടതി നല്‍കിയ അപ്പീല്‍ തീര്‍പ്പാക്കിയിട്ടില്ല. ഇത്തരം ഒരു കേസിലെ പ്രതിയെയാണ് മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. 

മുന്‍ സര്‍ക്കാര്‍ 482 തടവുകാരെ വിട്ടയച്ചെന്നും എന്നാല്‍ ഈ സര്‍ക്കാര്‍ ഇതുവരെ തടവുകാരെ ഒന്നും വിട്ടയച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 70 വയസ്സു കഴിഞ്ഞവരെ മോചിപ്പിക്കുന്നതിന്റെ ഭാഗമായി 59 പേരുടെ ലിസ്റ്റ് ജയില്‍ ഉപദേശകസമിതിക്ക് മുമ്പാകെ വന്നിരുന്നു. ഈ ലിസ്റ്റ് പരിശോധന നടത്തുകയാണ്. പിണറായി പറഞ്ഞു.

കേരളത്തില്‍ നിയമസംരക്ഷണമല്ല പാര്‍ട്ടി ഭരണത്തിന്റെ സംരക്ഷണമാണുള്ളതെന്നാണ് ടിപി കേസിലെ പ്രതികളെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ സൂചിപ്പിക്കുന്നതെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.