രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സാന്ത്വനമേകാന്‍ അനന്തകൃപ പൂര്‍ത്തിയായി

Saturday 24 March 2018 3:20 am IST

തിരുവനന്തപുരം: രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സാന്ത്വനമേകാന്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിനു സമീപം പണിത അനന്തകൃപ മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ. 

മെഡിക്കല്‍കോളേജ് ക്യാമ്പസിലെ റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍, ശ്രീചിത്തിര തിരുനാള്‍ മെഡിക്കല്‍ സെന്റര്‍ എന്നിവിടങ്ങളില്‍ ചികിത്സയ്ക്കായി കേരളത്തിനകത്തു നിന്നും പുറത്തുനിന്നും നിരവധി പേര്‍ എത്തുന്നു. ചിലര്‍ക്ക് ദീര്‍ഘനാള്‍ ചികിത്സയും വേണ്ടി വരുന്നു. ഇവിടങ്ങളില്‍ കൂട്ടിരിപ്പുകാരെ അനുവദിക്കാറില്ല. ചികിത്സയ്ക്കു പോലും പണമില്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥയില്‍ വാടകയ്ക്ക് മുറി എടുത്ത് താമസിക്കാനാകാതെ കൂട്ടിരിപ്പുകാര്‍ ആശുപത്രി വരാന്തകളില്‍ അന്തിയുറങ്ങുന്നത് പതിവ് കാഴ്ചയാണ്. 

ഇനി ഇവര്‍ക്ക് അനന്തകൃപ തണലേകും. മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം ചാലക്കുഴി റോഡില്‍ കാപ്പില്‍ ലൈനിലാണ് കൊച്ചിന്‍ഷിപ്പ് യാര്‍ഡിന്റെയും പൊതുസമൂഹത്തിന്റെയും സഹായത്തോടെ അനന്തകൃപ എന്ന പേരില്‍ വാസഗൃഹം നിര്‍മിച്ചത്. നിര്‍ധനരായ രോഗികള്‍ക്ക് താമസസൗകര്യത്തോടൊപ്പം ആഹാരം, ജീവന്‍ രക്ഷാ മരുന്നുകള്‍, ആംബുലന്‍സ്, ചികിത്സാസഹായം എന്നീ സൗകര്യങ്ങള്‍ ഈ കേന്ദ്രത്തില്‍നിന്നും ലഭ്യമാകും. മൂന്ന് നിലകളിലായി പണിത കെട്ടിടത്തില്‍ നൂറ്റമ്പതോളം പേര്‍ക്ക് ഒരേ സമയം താമസിക്കാന്‍ സാധിക്കുമെന്ന് സേവാഭാരതി സംസ്ഥാന സെക്രട്ടറി ഡി. വിജയന്‍ പറഞ്ഞു.

സേവാഭാരതി സംസ്ഥാന അധ്യക്ഷന്‍ ഡോ. പ്രസന്നമൂര്‍ത്തിയുടെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോ ണ്‍സ് കണ്ണന്താനം അനന്തകൃപയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. 

സീമാജാഗരണ്‍ ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍, ഒ. രാജഗോപാല്‍ എംഎല്‍എ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് എംഡി മധു എസ്. നായര്‍, ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ആശ കിഷോര്‍, ഗായകന്‍ ജി. വേണുഗോപാല്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍നായര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.