കാലഹരണപ്പെട്ട തൊഴില്‍നിയമ ഭേദഗതി അനിവാര്യം: ബിഎംഎസ്

Saturday 24 March 2018 2:33 am IST

കോട്ടയം: ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന കാലഹരണപ്പെട്ട തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യേണ്ടത് അനിവാര്യമാണെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍. 

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ തൊഴില്‍ നിയമഭേദഗതിക്കെതിരെ കേരള വര്‍ക്കിങ് ജേര്‍ണലിസ്റ്റ് യൂണിയന്‍ കോട്ടയം ജില്ലാകമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുണദോഷ സമ്മിശ്രമായ ഭേദഗതി ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാര്‍ നടപടി ശരിയല്ല. തൊഴിലാളി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് ജനാധിപത്യപരമായ രീതിയില്‍ ഭേദഗതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. 

തൊഴില്‍ നിയമഭേദഗതിക്ക് കാലങ്ങളായി സര്‍ക്കാരുകള്‍ ശ്രമിക്കുന്നതാണ്.1985-ല്‍ രാജീവ്ഗാന്ധി സര്‍ക്കാര്‍ ഇന്‍ഡസ്ട്രയില്‍ റിഡ്രസ്സെല്‍ ആന്‍ഡ് ഗ്രീവന്‍സ് ബില്ല് എന്ന പേരില്‍ ഭേദഗതി കൊണ്ടുവന്നിരുന്നു. പക്ഷെ ബില്ല് വികലമായതിനാല്‍ നടപ്പാക്കാനായില്ല.    

ഗ്രാറ്റുവിറ്റി 10 ലക്ഷം എന്നത് 20 ലക്ഷമാക്കി ഉയര്‍ത്തി നികുതി ഇളവ് നല്‍കിയിരുന്നു. പ്രസവാവധി 12-ല്‍നിന്നും  26 ആഴ്ചയാക്കി ഉയര്‍ത്തി.  ഇങ്ങനെ തൊഴിലാളി ക്ഷേമകരമായ നിരവധി ആനൂകല്യങ്ങള്‍ പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ പുതിയ ഭേദഗതിയില്‍നിന്നും തൊഴിലാളി ദ്രോഹപരമായ നിബന്ധനകള്‍ ഒഴിവാക്കണം.  

കരാര്‍ ജീവനക്കാര്‍ക്കും സ്ഥിര ജീവനക്കാരുടെ അതേ സ്‌കെയിലില്‍ ദേശീയതലത്തില്‍ വേതനം ഏകീകരിക്കാനുള്ള ബില്ലിലെ ഭേദഗതി സ്വാഗതാര്‍ഹമാണ്. എന്നാല്‍ രണ്ടാഴ്ചത്തെ നോട്ടീസ് നല്‍കി കരാര്‍ തൊഴിലാളികളെ  പിരിച്ചുവിടാമെന്നുള്ള നിബന്ധന തൊഴിലാളികളുടെ നട്ടെല്ലൊടിക്കുന്നതാണ്. 

നോട്ടീസ് നല്‍കി 45 ദിവസത്തിനകം തൊഴിലുടമകള്‍ നിര്‍ബ്ബന്ധമായും ലേബര്‍ ആഫീസര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന ഭേദഗതി മുതലാളിമാരുടെ ഒളിച്ചുകളിയെ ഇല്ലാതാക്കും. കരാര്‍വല്‍ക്കരണത്തിന് കാലാവധി നിശ്ചയിക്കുന്നത് നിലവിലുള്ള ഐഎല്‍ഒ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കെഎന്‍ഇഎഫ് ജില്ലാ പ്രസിഡന്റ് ജയിംസുകുട്ടി ജയിംസ് അദ്ധ്യക്ഷനായി. എഐടിയുസി സംസ്ഥാന സെക്രട്ടി അഡ്വ. വിബി. ബിനു ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ സെക്രട്ടറി അഡ്വ. റെജി സഖറിയ, ലതിക സുഭാഷ്, അനിയന്‍ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.