കഞ്ചാവിനായി ഇനി കമ്പത്തിന് പോകേണ്ട... ക്യാമറാവലയിലാകും

Saturday 24 March 2018 2:36 am IST
"undefined"

പീരുമേട് (ഇടുക്കി): സംസ്ഥാനത്തേക്ക്് പ്രധാനമായും കഞ്ചാവ് എത്തിക്കുന്ന സ്ഥലങ്ങളിലൊന്നായ തമിഴ്‌നാട് കമ്പത്ത് കോളനികളടക്കം നിരീക്ഷിക്കുന്നതിന് അത്യാധുനിക ടവര്‍ ക്യാമറ സംവിധാനം ഒരുങ്ങുന്നു. പരിചയമില്ലാതെ മേഖലയില്‍ ചുറ്റിക്കറങ്ങുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും പിടികൂടുന്നതിനുമാണ് ലക്ഷങ്ങള്‍ മുടക്കിയുള്ള ഈ നടപടി.

ഇതിനായുള്ള ജോലികള്‍ തുടങ്ങിക്കഴിഞ്ഞു. കമ്പം ടൗണിലെ വടക്ക് പോലീസ് സ്‌റ്റേഷന് മുന്നില്‍ 40 അടി ഉയരത്തില്‍ ടവര്‍ നിര്‍മ്മാണം പൂര്‍ത്തിയായി. കിലോമീറ്ററുകള്‍ ചുറ്റളവുള്ള ടൗണിന്റെ പ്രധാന ഭാഗങ്ങളിലായി 31 ക്യാമറകള്‍ സ്ഥാപിക്കുന്നതിന്റെ ജോലിയും പുരോഗമിക്കുന്നു. കഞ്ചാവ് വില്‍പ്പന കൂടുതലായും നടക്കുന്ന കോളനികള്‍ കേന്ദ്രീകരിച്ചാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്.

ഇതോടെ ഇവിടെനിന്നുള്ള കഞ്ചാവ് കടത്തല്‍ കുറയുമെന്ന പ്രതീക്ഷയിലാണ് പോലീസ്. മുമ്പ് ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചതിന്റെ കേബിളുകള്‍ നശിപ്പിക്കുന്നതിനാലാണ് ടവര്‍നിര്‍മ്മിച്ച് ക്യാമറകള്‍ സ്ഥാപിക്കാനുള്ള തീരുമാനമായത്. 

പോലീസ് സ്‌റ്റേഷന്റെ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇടങ്ങളില്‍ വൈഫൈ സംവിധാനത്തോട് കൂടിയ ക്യാമറകള്‍ സ്ഥാപിക്കുന്ന നടപടിയും തുടരുന്നു. വിവരങ്ങള്‍ സൂപ്രണ്ട് ഓഫീസില്‍ കാണത്തക്ക രീതിയിലാണ് സംവിധാനം. ആന്ധ്ര ഉള്‍പ്പെടെയുള്ള മറ്റ് ചിലയിടങ്ങളില്‍ നിന്നുമാണ് കമ്പത്ത് കഞ്ചാവ് എത്തിച്ചിരുന്നത്. 

ഇവിടെ നിന്നുമാണ് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നത്. ഇവിടെ സ്ത്രീകള്‍ ഉള്‍പ്പടെ കച്ചവടം നടത്തുന്ന നിരവധിപേരുണ്ട്. അടുത്തിടെ ടൗണില്‍ നിന്ന് പോലീസ് 10 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. സംസ്ഥാനത്ത് പിടിക്കുന്ന കഞ്ചാവ് കേസുകളില്‍ 65 ശതമാനവും കമ്പത്ത് നിന്നെത്തിക്കുന്നതാണ്.വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധിപ്പേരാണ് കഞ്ചാവ് അടക്കമുള്ള ലഹരിപദാര്‍ത്ഥങ്ങളുമായി ജില്ലയിലെ ചെക്ക് പോസ്റ്റുകളില്‍ പിടിയിലാവുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.