കീഴാറ്റൂരിലെ സമരക്കാര്‍ എരണ്ടകള്‍: സുധാകരന്‍

Saturday 24 March 2018 2:45 am IST

തിരുവനന്തപുരം: കീഴാറ്റൂരില്‍ സമരക്കാര്‍ വയല്‍ കഴുകന്മാര്‍ മാത്രമല്ല, എരണ്ടകള്‍ കൂടിയാണെന്ന് മന്ത്രി ജി. സുധാകരന്‍. കര്‍ഷകരെ ദുരിതത്തിലാക്കുകയാണ് അവര്‍. 'എരണ്ടകള്‍ വന്ന് കര്‍ഷകരെ ഇല്ലാതാക്കുകയാണ്. രണ്ടായിരം കിളികള്‍ പാടത്തേക്ക് പറന്നുവീഴും. നെല്ലെല്ലാം കൊത്തിക്കൊണ്ടുപോവും. കര്‍ഷകര്‍ ആത്മഹത്യ ചെയ്യേണ്ട സ്ഥിതിയാവും.' ഇപ്പോഴത്തെ അലൈന്‍മെന്റ് മാറ്റേണ്ട കാര്യമില്ല. അല്ലെങ്കില്‍ ദേശീയപാത വേണ്ടെന്ന് തീരുമാനിക്കണം. സര്‍ക്കാരിന് ഒരു തീരുമാനവുമില്ല. കേന്ദ്രസര്‍ക്കാരിന്റേതാണ് പദ്ധതി. പണം നല്‍കുന്നതും അവരാണ്. കീഴാറ്റൂരില്‍ എലിവേറ്റഡ് പാത നിര്‍മിക്കണമെന്ന ജെയിംസ് മാത്യു നിയമസഭയില്‍ ഉന്നയിച്ച ആവശ്യം ദേശീയപാതാ അതോറിറ്റിയുടെ പരിഗണനയ്ക്ക് അയച്ചതായും സുധാകരന്‍ പറഞ്ഞു. 

ദേശീയപാതാ അതോറിറ്റിയാണ് അലൈന്‍മെന്റ് നിശ്ചയിച്ച് ഭൂമിയേറ്റെടുക്കാന്‍ വിജ്ഞാപനമിറക്കുന്നത്. ഏത് സ്ഥലം ഏറ്റെടുക്കണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാനാവില്ല. പണം നല്‍കുന്നതും കേന്ദ്രമാണ്. 30 മീറ്റര്‍ വീതിയുള്ള ദേശീയപാതയ്ക്ക് ഇരുവശത്തും തുല്യമായേ ഭൂമിയേറ്റെടുക്കൂ. മലപ്പുറത്ത് ദേശീയപാത 66 ന്റെ വികസനത്തിനുള്ള അലൈന്‍മെന്റ് പ്രകാരം ആരാധനാലയങ്ങളൊന്നും പൊളിക്കേണ്ടി വരില്ല. സ്ഥലമെടുപ്പിന് ഉദ്യോഗസ്ഥര്‍ കല്ലിടുന്നത് നിയമപ്രകാരമാണെന്നും ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.