സിപിഎം ഇടപെട്ടു പോലീസ് തല്ലിച്ചതച്ച കര്‍ഷകന്‍ ജീവനൊടുക്കി

Saturday 24 March 2018 3:08 am IST
"undefined"

മലയിന്‍കീഴ്: പോലീസ് മര്‍ദ്ദനത്തില്‍ മനംനൊന്ത് കര്‍ഷകന്‍ ആത്മഹത്യചെയ്തു. ഒറ്റശേഖരമംഗലം വാളിയോട് കൊറിപ്പള്ളി റെജിഭവനില്‍ നിന്ന് മലയിന്‍കീഴ് കരിപ്പൂരില്‍ വാടകയ്ക്ക് താമസിക്കുന്ന അപ്പു(63)വാണ് ഇന്നലെ കൃഷിയിടത്തില്‍ കെട്ടിത്തൂങ്ങി മരിച്ചത്. 

കൃഷിയിടത്തില്‍ നിന്നൊഴിയണമെന്ന ഭൂവുടമയുടെ പരാതി അന്വേഷിക്കാന്‍ സ്റ്റേഷനില്‍ വിളിപ്പിച്ച കര്‍ഷകനെ സിപിഎം ലോക്കല്‍സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതാണ് ആത്മഹത്യക്ക് കാരണം.

വര്‍ഷങ്ങളായി കരിപ്പൂരില്‍ പാരക്കത്ത് കൃഷ്ണന്‍കുട്ടിനായരുടെ പുരയിടം പാട്ടത്തിനെടുത്താണ് അപ്പു കൃഷി ചെയ്യുന്നത്.  ലാഭം കൃത്യമായി നല്‍കാറുമുണ്ട്. 

എന്നാല്‍ പാട്ടത്തുക നല്‍കുന്നില്ലെന്നും   സ്ഥലം ഒഴിയണമെന്നുമാണ് ഉടമ പറയുന്നത്. ഇക്കാര്യം പറഞ്ഞപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയതായി കാട്ടി ഇയാള്‍ അപ്പുവിനെതിരെ പോലീസില്‍പരാതി നല്‍കി. അന്വേഷിക്കാന്‍  21ന് പോലീസ് അപ്പുവിനെ വിളിപ്പിച്ചു. ഇനി പുരയിടത്തില്‍ ഇറങ്ങരുതെന്ന് എഴുതി വയ്പ്പിച്ച് അപ്പുവിനെ വിട്ടയച്ചതായും വൈകിട്ട് എസ്‌ഐയുടെ മൊബൈല്‍ ഫോണില്‍ വിളിച്ച് നിരവധിതവണ അപ്പു ചീത്തവിളിച്ചതായും മലയിന്‍കീഴ് എസ്‌ഐ സുരേഷ്‌കുമാര്‍ പറയുന്നു. എന്നാല്‍ സ്റ്റേഷനില്‍ ഉടമയുടെയും സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെയും മുന്നില്‍ വച്ച് മര്‍ദ്ദിച്ചത് ചോദ്യംചെയ്ത അപ്പുവിനെ പോലീസ് തുടര്‍ച്ചയായി മര്‍ദ്ദിച്ച് അവശനാക്കിയെന്നും കരിപ്പൂരിലെ താമസസ്ഥലത്തിറക്കി വിട്ടെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. അവശനിലയിലായ ഇയാള്‍ ഓട്ടോപിടിച്ച് കഴിഞ്ഞദിവസം പല ബന്ധു വീടുകളിലുമെത്തി ഇത് പറഞ്ഞിരുന്നു. 

 തരിശുഭൂമി കൃഷിയോഗ്യമാക്കിയപ്പോള്‍ ഭൂവുടമ കര്‍ഷകനെ ഒഴിവാക്കാന്‍ കള്ളക്കഥകള്‍ മെനയുകയായിരുന്നെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കര്‍ഷകനൊപ്പം നില്‍ക്കുന്നവരെന്ന് അവകാശപ്പെടുന്ന സിപിഎം ഭൂവുടമയ്‌ക്കൊപ്പം ചേര്‍ന്നപ്പോള്‍ അപ്പുവിന് ജീവനൊടുക്കേണ്ടി വന്നു. 

ഭാര്യ: പരേതയായ ഓമന. മക്കള്‍: ജിജിമോള്‍, റജിമോന്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.