യുപിയില്‍ ഒമ്പതാം സീറ്റില്‍ ബിജെപിയ്ക്ക് ജയം

Friday 23 March 2018 10:27 pm IST
"undefined"

ന്യൂദല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ഒമ്പത് സീറ്റുകള്‍ നേടി ബിജെപി, എസ്പി-ബിഎസ്പി സഖ്യത്തിന് കനത്ത തിരിച്ചടി നല്‍കി. എട്ട് സീറ്റുകളില്‍ വിജയമുറപ്പിച്ച ബിജെപി ഒമ്പതാം സീറ്റില്‍ എസ്പി, ബിഎസ്പി എംഎല്‍എമാരുടെ വോട്ട് നേടി വിജയിക്കുകയായിരുന്നു. എട്ടു സീറ്റുകളില്‍ വിജയിക്കുവാനുള്ള അംഗബലമാണ് ബിജെപിക്ക് നിയമസഭയിലുള്ളത്. ഒമ്പതാം സീറ്റിനായി പ്രതിപക്ഷ നിരയില്‍ വിള്ളല്‍ വീണത് എസ്പി, ബിഎസ്പി നേതൃത്വങ്ങളെ അങ്കലാപ്പിലാക്കി. 

സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ നിതിന്‍ അഗര്‍വാളും ബിഎസ്പി എംഎല്‍എ അനില്‍ സിങ്ങും ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തു. മഹാരാജി (യോഗി ആദിത്യനാഥ്)നാണ് താന്‍ വോട്ടു ചെയ്തതെന്ന് അനില്‍ സിങ്ങ് പരസ്യമായി പറഞ്ഞു. പോളിങ് ഏജന്റിനെ ബാലറ്റ് പേപ്പര്‍ കാണിക്കാത്തതിനാല്‍ ഇരുവരുടെയും വോട്ടുകള്‍ റദ്ദാക്കണമെന്ന് രണ്ട് പാര്‍ട്ടികളും ആവശ്യപ്പെട്ടെങ്കിലും തെര. കമ്മീഷന്‍ തള്ളി. യുപിയില്‍ പത്ത് സീറ്റുകളാണ് ഉണ്ടായിരുന്നത്. 

എസ്പിയും ബിഎസ്പിയും ഓരോ സ്ഥാനാര്‍ത്ഥികളെയും നിര്‍ത്തി. എസ്പിയുടെ പിന്തുണയോടെ ജയിക്കാമെന്നായിരുന്നു ബിഎസ്പി കണക്കുകൂട്ടിയത്. ബിജെപി ഒന്‍പതാമത്തെ ജയം ലക്ഷ്യമിട്ടിറങ്ങിയതോടെയാണ് മത്സരം കടുത്തത്. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കി എസ്പിയും ബിഎസ്പിയും ബിജെപിയെ പരാജയപ്പെടുത്തിയിരുന്നു.  

നിഷാദ് പാര്‍ട്ടി എംഎല്‍എയും സ്വതന്ത്ര എംഎല്‍എമാരും ബിജെപിക്ക് വോട്ടു ചെയ്തു. തലേദിവസം ബിഎസ്പി അധ്യക്ഷ മായാവതി നടത്തിയ വിരുന്നില്‍ അനില്‍ സിങ്ങ് പങ്കെടുത്തിരുന്നു. പിന്നീട് ഇദ്ദേഹം നേരെ മുഖ്യമന്ത്രി ആദിത്യനാഥിനെ സന്ദര്‍ശിച്ചു. 

എന്‍ഡിഎ കേരള ഘടകം വൈസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ കര്‍ണാടകയിലും ബിജെപി നേതാവ് സരോജ് പാണ്ഡെ ഛത്തീസ്ഗഢിലും വിജയിച്ചു. ബംഗാളില്‍ നാല് തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചപ്പോള്‍ ഒരു സീറ്റില്‍ മത്സരിച്ച സിപിഎം തോറ്റു. തൃണമൂലിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വി വിജയിച്ചു. 

യുപിയില്‍ ബാലറ്റ് പേപ്പറിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ കുറച്ചുനേരം വോട്ടെണ്ണല്‍ തടസ്സപ്പെട്ടു. കര്‍ണാടകയില്‍ ക്രോസ് വോട്ട് ചെയ്ത കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വീണ്ടും വോട്ട് ചെയ്യാന്‍ റിട്ടേണിംഗ് ഓഫീസര്‍ അവസരമൊരുക്കിയതില്‍ ജനതാദള്‍ എസ് പ്രതിഷേധവുമായി രംഗത്തെത്തി. കേരളത്തില്‍ എം.പി. വീരേന്ദ്രകുമാര്‍ ജയിച്ചു. കേരളത്തില്‍ എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധുവായി.16 സംസ്ഥാനങ്ങളില്‍ 58 സീറ്റുകളിലേക്കാണ് ഒഴിവുണ്ടായിരുന്നത്. കേരളത്തില്‍നിന്നുള്ള ബിജെപി നേതാവ് വി. മുരളീധരന്‍ ഉള്‍പ്പെടെ 33 പേരെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. ഇന്നലെ 25 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.