കണ്ണന്താനം ഇടപെട്ടു; കേന്ദ്രം 20 കോടി അനുവദിച്ചു 'മോടി'യാവാന്‍ കോട്ടയം റെയില്‍വേ സ്റ്റേഷന്‍

Saturday 24 March 2018 2:00 am IST
അന്താരാഷ്ട്ര നിലവാരത്തിലേക്ക് കോട്ടയം റെയില്‍വേ സ്റ്റേഷനും.

 

കോട്ടയം: അന്താരാഷ്ട്ര നിലവാരത്തിലേക്ക് കോട്ടയം റെയില്‍വേ സ്റ്റേഷനും. 

പദ്ധതിയുടെ നടത്തിപ്പിനായി 20 കോടിയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. റെയില്‍വേ വകുപ്പ് മന്ത്രി പീയുഷ് ഗോയലുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കോട്ടയം, കോഴിക്കോട്, പാലക്കാട് സ്റ്റേഷനുകളുടെ വികസനത്തിനായി 20 കോടി വീതം അനുവദിക്കാന്‍ തീരുമാനമായത്. 

എ കാറ്റഗറിയില്‍ ഉള്‍പ്പെട്ട കോട്ടയം സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത് ഏറെ പ്രതീക്ഷയോടെയാണ് യാത്രക്കാര്‍ കാത്തിരിക്കുന്നത്. ഏറെ പ്രധാനപ്പെട്ട ശബരിമല തീര്‍ത്ഥാടനകേന്ദ്രവുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകര്‍ കൂടുതലായി എത്തുന്ന സ്റ്റേഷനെന്ന പരിഗണനയും കോട്ടയത്തിന് നേട്ടമായി. മുഖം മിനുക്കലിന്റെ ഭാഗമായി നടത്തേണ്ട പദ്ധതികള്‍ സമര്‍പ്പിക്കാന്‍ റെയില്‍വേ അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഇരു പ്ലാറ്റ് ഫോമുകളിലും ലിഫ്റ്റുകള്‍, എസി വിശ്രമമുറി, എസി ഭക്ഷണശാല, കൂടുതല്‍ യന്ത്രപ്പടികള്‍ എന്നിവ ഉണ്ടാകും. 

നിലവില്‍ കോട്ടയത്ത് മൂന്ന്  പ്ലാറ്റ് ഫോമുകളാണുള്ളത്. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി രണ്ട് പ്ലാറ്റ് ഫോമുകള്‍കൂടി നിര്‍മ്മിക്കാന്‍ നീക്കമുണ്ട്. അങ്ങനെയെങ്കില്‍ ഗുഡ്‌ഷെഡിന്റെ ഭാഗത്തായിരിക്കും പ്ലാറ്റ് ഫോമുകള്‍ നിര്‍മ്മിക്കുക. രണ്ടാം പ്ലാറ്റ് ഫോമിന്റെ അടിത്തറ കോണ്‍ക്രീറ്റ് ചെയ്യുന്നതും പദ്ധതിയില്‍ ഉള്‍പ്പെടും.

പരിമിതികള്‍ ഏറെ.... 

നിലവില്‍ എല്ലാ പ്ലാറ്റ് ഫോമുകള്‍ക്ക് പൂര്‍ണ്ണമായി മേല്‍ക്കൂരയായിട്ടില്ല. 

ഗുഡ്‌ഷെപ്പേര്‍ഡ് റോഡിന്റെ ഭാഗത്ത് പാര്‍ക്കിങ് സൗകര്യമൊരുക്കി ഒരു പ്രവേശന കവാടം കൂടി നിര്‍മ്മിക്കണമെന്ന ആവശ്യവും ശക്തമാണ്. ഇത് നടപ്പിലായാല്‍ റെയില്‍വേ സ്റ്റേഷനില്‍ അനുഭവിക്കുന്ന ഗതാഗതകുരുക്കിന് പരിഹാരമാകും. 

ശബരിമല തീര്‍ത്ഥാടനകാലത്ത് പാര്‍ക്കിംങിന് എറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. 

സ്ഥലപരിമിതിയില്‍ ബുദ്ധിമുട്ടുന്ന സ്റ്റേഷനില്‍ ഓട്ടോമാറ്റിക് കാര്‍ പാര്‍ക്കിങ് സിസ്റ്റം നടപ്പിലാക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.