കീഴാറ്റൂര്‍: പാര്‍ട്ടി പറഞ്ഞത് പച്ചക്കള്ളം; അലൈന്‍മെന്റ് മാറ്റില്ലെന്ന് കേരളം

Saturday 24 March 2018 5:00 am IST

ന്യൂദല്‍ഹി: കണ്ണൂര്‍ കീഴാറ്റൂരിലെ വയലേലകളില്‍ കൂടിയുള്ള ബൈപ്പാസിന്റെ അലൈന്‍മെന്റില്‍ മാറ്റം വരുത്താന്‍ പറ്റില്ലെന്ന് കേരളം. മാറ്റം വരുത്തിയാല്‍ സഹകരിക്കില്ലെന്നും ഇപ്പോഴത്തെ രീതിയില്‍ കീഴാറ്റൂരിലൂടെ തന്നെ ബൈപ്പാസ് നിര്‍മ്മിക്കണമെന്നും കേരളം കേന്ദ്രത്തോട് വ്യക്തമാക്കി.

ബൈപ്പാസ് എങ്ങനെയാവണമെന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും ദേശീയപാതാ അതോറിറ്റി നിശ്ചയിച്ച അലൈന്‍മെന്റില്‍ ഭൂമി ഏറ്റെടുത്ത് കൊടുക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി ജി.സുധാകരനും  പറഞ്ഞിരുന്നു. ഇന്നലെയും മന്ത്രി ഇതേ നിലപാട് നിയമസഭയില്‍  ആവര്‍ത്തിച്ചു. സമരം സിപിഎമ്മിന്റെ പരിസ്ഥിതി വിരുദ്ധ നിലപാട് തുറന്നുകാട്ടിയതോടെ കേന്ദ്ര സര്‍ക്കാരിന്റെ തലയിലിടാന്‍ വ്യാജപ്രചാരണം നടത്തുകയാണ് സിപിഎം. 

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ദിവസം നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍   ദേശീയപാതാ അതോറിറ്റി അധികൃതരാണ് സംസ്ഥാനത്തിന്റെ പിടിവാശി അറിയിച്ചത്. അലൈന്‍മെന്റില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസും ഗഡ്കരിക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഉദ്യോഗസ്ഥര്‍ ബിജെപി നേതാക്കളെ അറിയിച്ചു. 

ബംഗാളില്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഭൂമി നല്‍കാന്‍ കര്‍ഷകരെ വെടിവെച്ചുകൊന്ന അതേ നയമാണ് കീഴാറ്റൂരും സിപിഎമ്മിനെന്ന് പി.കെ. കൃഷ്ണദാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കണം. ബിനാമി ഇടപാടിലൂടെ സിപിഎം നേതാക്കള്‍ സ്വന്തമാക്കിയ കുന്നുകള്‍ സംരക്ഷിക്കാനാണ് ബൈപ്പാസ് നിര്‍മ്മിക്കാന്‍ വയല്‍നികത്തുന്നത്. മൂലധനശക്തികളുടെ കാവല്‍ ഭടന്മാരായി സിപിഎം മാറി. ബൈപ്പാസ് നിര്‍മാണം ഉടന്‍ നിര്‍ത്തിവെയ്ക്കണമെന്നും ദേശീയപാതാ അതോറിറ്റിയിലെയും പരിസ്ഥിതി മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ഉടന്‍ പ്രദേശം സന്ദര്‍ശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.