പ്രിയമേറുന്ന നാട്ടുരുചി

Saturday 24 March 2018 10:57 am IST
"undefined"

നാടന്‍ പലഹാരങ്ങളും രുചികളും ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ മെനുവിലേക്കു കുടിയേറുന്നത് പുതിയ കാലത്തിന്റെ രസഗുള. പൊങ്ങച്ചമോ ഫാഷനോ എന്തുമാകട്ടെ ഉണ്ടംപൊരിയും പഴംപൊരിയും സുഖിയനുമൊക്കെ ഇത്തരം ഹോട്ടലില്‍ നിന്നും  വലിയ വിലയില്‍ ചിലര്‍ കഴിച്ചുകാണുമ്പോള്‍ ഒരു സന്തോഷം. പത്തുരൂപയുടെ കഞ്ഞിയും ഇങ്ങനെ നൂറ്റന്‍പതു രൂപയില്‍ മുന്തിയ ഹോട്ടലില്‍ കിട്ടുന്നുണ്ട്. പണത്തിന്റെ ധാരാളിത്തംകൊണ്ടാണെങ്കിലും ചിലര്‍ കഞ്ഞിക്കാരാകുന്നതും രസം. നാടന്‍ വിഭവങ്ങള്‍ ഇങ്ങനെ തട്ടുകട മുതല്‍ മുന്‍നിരക്കടവരെ എത്തി തലമുറ വ്യത്യാസമില്ലാതെ രുചിക്കാലമായി മാറുന്നതും അതിലേറെ രസം.

വഴിയിലും പറമ്പിലുമൊക്കെ ആര്‍ക്കുംവേണ്ടാതെ ചീഞ്ഞും അഴുത്തും അനാഥാവശിഷ്ടമായി കിടന്നിരുന്ന കാലത്തു നിന്നാണ് ചക്ക ഇപ്പോള്‍ കേരളത്തിന്റെ ഔദ്യോഗിക ഫലമായി മാറിയിരിക്കുന്നത്.  ചക്കയുടെ ഔഷധ ഗുണങ്ങള്‍ മുന്‍പില്ലാത്തവിധം അടുത്തകാലത്ത് വലിയ പ്രചാരമായതും മാധ്യമങ്ങളിലും ആള്‍ക്കൂട്ടത്തില്‍വരെ ചര്‍ച്ചയായതുമൊക്കെ ഈ ഔദ്യോഗിക കയറ്റത്തിനു പിന്‍ബലമായി. പ്രകൃതി എന്ന പേരില്‍ ഇത്തരം നാടനിലേക്ക് രോഗഭയംമൂലം ആള്‍ക്കാര്‍ തിരിയുന്നുണ്ട്.

പണ്ട് എല്ലാവരുടേയും ഇഷ്ടങ്ങളായിരുന്നവയും ഇടയ്ക്ക് ഫാസ്റ്റ് ഫുഡിന്റെ തള്ളിക്കേറ്റത്തില്‍ കാണാതായവയും മാറിയ കാലത്തില്‍ തിരിച്ചുവന്നതുമായ വിവിധ പലഹാരങ്ങളുണ്ട്.   വഴിയോരം മുഴുവന്‍ ഫാസ്റ്റ് ഫുഡ് കടകള്‍ നിരന്നതും ഫാസ്റ്റില്‍ രോഗങ്ങള്‍ പിടിപെട്ട് ജീവിത ശൈലീരോഗങ്ങള്‍ എന്ന പേരില്‍ ഭയവും കരുതലും ഒന്നിച്ചപ്പോഴാണ് ഇത്തരം നാടന്‍ പലഹാരങ്ങള്‍ സാധാരണമായതെന്നു തോന്നുന്നു.ഫാസ്റ്റ് ഫുഡ് ഇപ്പോള്‍ കാണാതായി. പകരം ഇപ്പോള്‍ എവിടേയും നാടനെ കാണാം.

പരിപ്പുവട,ഉഴുന്നുവട,ഉളളിവട,നെയ്യപ്പം,പഴം റോസ്റ്റ്,സമൂസ,ഉണ്ണിയപ്പം,ബോണ്ട എന്നുവേണ്ട ഒരുകൂട്ടം പഴയ പലഹാരങ്ങള്‍ തിരിച്ചു വന്നിരിക്കുന്നു. ചിലയിടങ്ങളില്‍ ഉണ്ടംപൊരിക്ക് ബോണ്ടയെന്നും പറയും. സാധാരണ ബോണ്ടയെന്നു പറഞ്ഞാല്‍ അകമെ ഉരുളക്കിഴങ്ങുവെച്ച പലഹാരമാണ്. പഴംപൊരിക്ക് ഏത്തക്കാപ്പം എന്നും പ്രാദേശിക ഭേദമുണ്ട്. ഇത്തരം വിഭവങ്ങളില്‍ ആദ്യം തീരുന്നത് ഉണ്ടംപൊരിയാണ്. സുഖിയനും പഴംപൊരിക്കുമുണ്ട് ആദ്യംതീരുന്ന  ഈ പദവി.

         ഉണ്ടംപൊരിക്ക് ചിലയിടങ്ങളില്‍ നല്ല വലിപ്പമുണ്ടായിരുന്നു. ഇന്നു കാണുന്നതിന്റെ രണ്ടിരട്ടി.അന്നു ചിലര്‍ രണ്ടുംമൂന്നും കഴിച്ച് വിശപ്പടക്കുമായിരുന്നു.അപൂര്‍വം ചിലര്‍ ഉണ്ടംപൊരി കഴിക്കില്ല.സോഡാപ്പൊടി ചേര്‍ക്കുമെന്നാണ് പരാതി.സംഗതി ശരിയാണ് അല്‍പസ്വല്‍പം സോഡാപ്പൊടി ചേര്‍ക്കും.ഇതെല്ലാവര്‍ക്കും അറിയാം.ഉണ്ടംപൊരി തിന്നു മാത്രമല്ലല്ലോ  ജീവിക്കുന്നതെന്നാണ് ഉണ്ടംപൊരി പ്രണയികളുടെ ആശ്വാസം.ഇന്ന് വലിയ ഉണ്ടംപൊരി അങ്ങനെ കാണാറില്ല.

         പണ്ട് ഉണ്ടംപൊരി പരസ്യമായി തിന്നുന്നത് ചിലര്‍ക്കെങ്കിലും എന്തോ കുറവായിരുന്നു. ഇവരാകട്ടെ രഹസ്യമായി ഇതു കഴിക്കുകയും തരംകിട്ടിയാല്‍ വീട്ടിലേക്കു പൊതിഞ്ഞു കൊണ്ടുപോകുകയുംചെയ്യും. പതിറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ എറണാകുളത്തെ പ്രശസ്ത കോളേജിലെ ക്യാന്റീനില്‍ ആദ്യം തീരുന്നത് ഉണ്ടംപൊരിയായിരുന്നു.ഇന്ന് ഇത്തരം പലഹാരങ്ങള്‍ എല്ലാ കോളേജ് ക്യാന്റീനുകളിലുമുണ്ട്. ഇത്തരം നാടന്‍ പലഹാരങ്ങള്‍ക്കൊപ്പം ഗോതമ്പു പുട്ടും ചിരട്ടപ്പുട്ടുമൊക്കെ പലകടകളിലുമായി.പഴയ പൊരിച്ചുണ്ടയും ചില കടകളിലേക്ക് എത്തിനോക്കിയെന്നും കേള്‍ക്കുന്നു.

 

                                         

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.