അനുഭവച്ചൂടറിയിച്ച് നരക ദിനങ്ങള്‍; സിനിമ ശ്രദ്ധേയമാകുന്നു

Saturday 24 March 2018 2:35 pm IST
കാല്‍നൂറ്റാണ്ടിനു മുമ്പേ എങ്കിലുമാകാമായിരുന്നു. വൈകിയെന്നല്ല, ഇനി വേണ്ടത് കാണിക്കുകയാണ്. ഇങ്ങോട്ടെത്തി കാണാത്തവരെ അങ്ങോട്ട് ചെന്ന് കാണിക്കുക.
"undefined"

ഇരകളിലൂടെ അനുഭവച്ചൂടറിയിച്ച് അടിയന്തരാവസ്ഥയുടെ നരകദിനങ്ങള്‍ സിനിമയ്ക്കുമപ്പുറം ചരിത്രത്തിന്റെ ഭാഗവുമാകുന്നു. എത്രപറഞ്ഞാലും കണ്ടറിയുന്നതിന്റെ വികാരമൊന്നു വേറേതന്നെയെന്നതിന് അടിവരിയിടുകയാണ് കാഴ്ചയുടെ ഈ അശാന്തി മണിക്കൂറുകള്‍. ചിലര്‍ പറയുംപോലെ, വിനോദിപ്പിക്കുന്നതിനപ്പുറം ജീവിതാവസ്ഥയുടെ അനുഭവിപ്പിക്കലാണ് നവ സിനിമയുടെ നിര്‍വചനമെങ്കില്‍ '21 മന്ത്‌സ് ഓഫ് ഹെല്‍' നവസിനിമകളില്‍ മുഖ്യ ഇടം നേടി.

ഇന്ന് സിനിമ കാണുന്നതിന് മുമ്പ് ഒരു പ്രസിദ്ധ സിനിമാ പ്രവര്‍ത്തകന്‍ യാദൃച്ഛികമാകാം, ഇന്നലെ സംസാരിച്ചപ്പോള്‍ വീണ്ടും അടിയന്തരാവസ്ഥ വരണമെന്നും താനതിനെ അനുകൂലിക്കുന്നുവെന്നും പറഞ്ഞു. മാത്രമല്ല, അതിനുള്ള സാദ്ധ്യതകള്‍ ഏറെയുണ്ടെന്ന് ആഹ്ലാദത്തോടെ പറയുകയും ചെയ്തു. അദ്ദേഹം അടിയന്തരാവസ്ഥയ്ക്കു ശേഷം ജനിച്ചയാളാണ്. അടിയന്തരാവസ്ഥക്കാലത്ത് എനിക്ക് പത്തു വയസാണ്. 

സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക്, പ്രത്യേകിച്ച് ആര്‍എസ്എസിന് അന്നും ഉറച്ച വേരുകള്‍ ഉണ്ടായിരുന്ന നാട്ടില്‍, എന്റെ വീടുകളില്‍ പ്രവര്‍ത്തകരുണ്ടായിരുന്നു. അതുകൊണ്ട് രഹസ്യമായും പരസ്യമായും നടന്ന പ്രവര്‍ത്തനങ്ങള്‍ അത്രയൊന്നും ഗൗരവത്തോടെയല്ലെങ്കിലും അറിഞ്ഞു. പങ്കാളിയായെന്നെല്ലാം പറയുന്നത് പരശ്ശതം പേര്‍ ചെയ്ത പ്രവര്‍ത്തനങ്ങളുമായി നോക്കുമ്പോള്‍ അധികമായിപ്പോകും. 

"undefined"
അതുകൊണ്ട് അടിയന്തരാവസ്ഥയെ ഭയമായിരുന്നു, ഇന്നും ഭയമാണ്. ട്രെയിനുകളും സര്‍ക്കാര്‍ ഓഫീസുകളും സമയക്ലിപ്തത പാലിച്ചുവെന്നത് അടിയന്തരാവസ്ഥാ നേട്ടമായി അഭിമാനിക്കുന്നവര്‍ അടിയന്തരാവസ്ഥയെ അറിഞ്ഞിട്ടില്ലെന്ന് ഉറപ്പ്.

'നരക യാതനകളുടെ 21 മാസങ്ങള്‍' (21 മന്ത്‌സ് ഓഫ് ഹെല്‍) അടിയന്തരാവസ്ഥയുടെ മര്‍ദ്ദനപര്‍വ്വത്തിന്റെ ചരിത്രമാണ്. കഥയല്ല, വിനോദ ചിത്രമല്ല, സങ്കല്‍പ്പ കഥയുമല്ല എന്നാല്‍ ഡോക്യുമെന്ററി മാത്രല്ല. അതാണ് ഈ കാശ്ചയുടെ രണ്ടുമണിക്കൂറിന്റെ പ്രത്യേകത. കയ്യൂരിന്റെ കഥ പറഞ്ഞ ലെനിന്‍ രാജേന്ദ്രന്റെ മീനമാസത്തിലെ സൂര്യന്‍ പോലെയൊന്നാകുമെന്ന് പ്രതീക്ഷിച്ച് കാണരുത്. അന്ന് മുന്‍ മുഖ്യമന്ത്രി നായനാര്‍ പറഞ്ഞതുപോലെ പ്രേമവും ഇല്ലാത്ത സംഘര്‍ഷവും അവതരിപ്പിച്ച് സിനിമയെ കച്ചവട വിജയമാക്കിയ അതുപോലുള്ള മറ്റ് സമരസിനിമകളില്‍നിന്ന് ഏറെയേറെ വേറിട്ടു നില്‍ക്കുന്നുണ്ട് 21 മന്ത്‌സ് ഓഫ് ഹെല്‍.

അനുഭവിപ്പിക്കലാണ്. സഹനസമരത്തിന്റെ, മര്‍ദ്ദക ഭരണത്തിന്റെ, ത്യാഗ ദിനങ്ങളുടെ തീവ്രത. ഗാന്ധിജിയും ഗാന്ധിയും കാക്കിയും കാക്കിയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ പാറുന്ന തീപ്പൊരിക്കഷണങ്ങള്‍ കാണുമ്പോള്‍ കണ്ണില്‍ തറയ്ക്കും. കണ്ണീരോ ചോരയോ അടര്‍ന്നു വീഴുന്നതെന്ന് തീയേറ്ററിലെ ഇരുട്ടില്‍ തപ്പിനോക്കും. കഥാപാത്രങ്ങളുടെ കാല്‍ക്കല്‍ വീഴാന്‍ തോന്നും. അഹിംസയെന്തെന്ന് ജീവിച്ചു കാണിച്ചതിന്. 

"undefined"
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധി, അത് രാജ്യരക്ഷയ്ക്കായിരുന്നില്ല, സ്വയരക്ഷയ്ക്കായിരുന്നുവെന്ന് അടിയന്തരാവസ്ഥയ്‌ക്കെതിരേ നടന്ന സമരത്തില്‍ പങ്കെടുത്തവര്‍ പറയുന്നതൊന്നു മാത്രമാണ് സംഭാഷണത്തിലൂടെ വെളിപ്പെടുത്തുന്ന രാഷ്ടീയം. മറ്റെല്ലാം കണ്ടറിയട്ടെ എന്ന നിലപാടിലാണ് സംവിധായകന്‍ യദുകൃഷ്ണന്റെ വിജയവും. 

ജനാധിപത്യവും സ്വാതന്ത്ര്യവും നിഷേധിച്ചപ്പോള്‍ അതിനെതിരെ പൊരുതിയവരെ ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമായ പോലീസ് കൈകാര്യം ചെയ്യുന്നവിധമാണ് ഈ സിനിമ. പോലീസ് സ്‌റ്റേഷനില്‍ മഹാത്മാഗാന്ധിയുടെ ചിത്രം. പോലീസ് വിളിക്കുന്നതും വിളിപ്പിക്കുന്നതും പ്രധാനമന്ത്രി ഇന്ദിരാഗാനന്ധിയുടെ മഹത്വം. അടിയന്തരാവസ്ഥയെ എതിര്‍ത്തതിന് പിടിയിലായ ആര്‍എസ്എസ് പ്രവര്‍ത്തകനെ, കരിയില്‍ മൂത്രമൊഴിപ്പിച്ച് കലക്കി, അതില്‍  ലിംഗം മുക്കി സ്‌റ്റേഷന്‍ ഭിത്തിയില്‍ 'ഇന്ദിരാഗാന്ധി കീ ജയ്' എന്ന് പോലീസ് എഴുതിക്കുന്ന മര്‍ദ്ദന രംഗമുണ്ട്. ഭിത്തിയില്‍ ഇടത്തേയ്ക്ക് നോക്കി ചിരിച്ചിരിക്കുന്ന ഗാന്ധിജിയുടെ ചിത്രവും. ജനാധിപത്യത്തിന്റെ അവസ്ഥയും ദുരവസ്ഥയും ഈ രണ്ട് ഫ്രെയിമിലൂടെ യദുകൃഷ്ണന്‍ കണ്ണില്‍കുത്തും വിധം അവതരിപ്പിക്കുന്നു. 

അഹിംസപ്പാര്‍ട്ടിയെന്നു സ്വയം പുകഴ്ത്തുന്ന കോണ്‍ഗ്രസ് പാര്‍ട്ടി അധികാരം കൊണ്ട് ഭീതിദ മര്‍ദ്ദനം നടത്തുമ്പോള്‍ മര്‍ദ്ദിക്കുന്ന പോലീസിനേക്കാള്‍ കരുത്തുണ്ടായിട്ടും സഹനത്തിന്റെ മൂര്‍ത്തികളായി അഹിംസാ സമരം നടത്തുന്നത് കാണിക്കുന്ന ഫ്രെയിമിലുമുണ്ട് അഹിംസയ്ക്ക് വാദിച്ച ചിരിക്കുന്ന ഗാന്ധിയുടെ ചിത്രം. അതെ, ലക്ഷ്യം കാണുന്ന പെര്‍ഫക്ഷനിലേക്ക് സിനിമയെ സംവിധായകന്‍ വളര്‍ത്തിയെന്നതിനുദാഹരണമാണ്. 

"undefined"
ഞെട്ടും, വികാരംകൊള്ളും, ക്ഷോഭം അടക്കാന്‍ പാടുപെടും സിനിമ കണ്ടിരിക്കുമ്പോള്‍. അന്ന് ലോക് സംഘര്‍ഷ സമിതി നയിച്ചവരില്‍ പ്രമുഖരായ, ആര്‍എസ്എസ് നേതാക്കളും പ്രവര്‍ത്തകരും സഹിച്ച ത്യാഗങ്ങളുടെ അനുഭവ കഥ കെ. രാമന്‍പിള്ള, എം. രാജശേഖരപ്പണിക്കര്‍, വേലായുധന്‍, ശംഭു, സുകുമാരന്‍, വൈക്കം ഗോപകുമാര്‍, സീതാലക്ഷ്മി, കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ വിവരിക്കുന്നു. ആ വിവരണങ്ങളുടെ ദൃശ്യം അവതരിപ്പിക്കുന്നു. അതാണ് ചിത്രത്തിന്റെ ഘടന. 

അന്നത്തെ മര്‍ദ്ദന വീരന്മാരായ പോലീസ് ഉന്നത ഉദ്യോഗസ്ഥരും സാഡിസ്റ്റുകളായ പോലീസുകാരും ചേര്‍ന്ന് ചെയ്തുകൂട്ടിയ ഉരുട്ടലും പട്ടിപ്പൂട്ടും ഗരുഡന്‍ പറവയും പുനരാവിഷ്‌കരിച്ച് ആ ക്രൂര മര്‍ദ്ദനങ്ങള്‍ക്കിടയിലും സംഘടനയുടെ നിര്‍ദ്ദേശം അണുവിടെ തെറ്റിക്കാതെ പ്രവര്‍ത്തിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ജീവിതം അനുഭവിച്ച ദൃശ്യങ്ങള്‍ സിനിമയെ സിനിമയ്ക്കപ്പുറം ചരിത്രത്തിലേക്കും ജനമനസിലേക്കും കടത്തിയിരുത്തുന്നു. ഒരു പറ്റം ചെറുപ്പക്കാരാണ് സിനിമയിലെ കഥാപാത്രങ്ങളായി വേഷമിടുന്നത്. 

സിനിമയുടെ ആദ്യ പൊതു പ്രദര്‍ശനം കാണാന്‍ ക്രൂര മര്‍ദ്ദനത്തിന്റെ ഇരകളായ വൈക്കം ഗോപകുമാര്‍, എം. രാജശേഖരപ്പണിക്കര്‍, സുകുമാരന്‍, കൃഷ്ണന്‍കുട്ടി സമരനേതൃത്വത്തിലുണ്ടായിരുന്ന കെ. രാമന്‍പിള്ള (ഇവര്‍ സിനിമയിലുണ്ട്), സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള, സമരത്തിന്റെ ഭാഗമായിരുന്നവരും ഉണ്ടായിരുന്നു. 

"undefined"
സംവിധായകന്‍ യദുകൃഷ്ണന്‍ അടിയന്തരാവസ്ഥയ്ക്കു ശേഷം ജനിച്ചയാളാണ്. സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഒട്ടേറെപ്പേരുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് 43 വര്‍ഷം ആകുമ്പോഴാണ് ഈ സംരംഭം. കാല്‍നൂറ്റാണ്ടിനു മുമ്പേ എങ്കിലുമാകാമായിരുന്നു. വൈകിയെന്നല്ല, ഇനി വേണ്ടത് കാണിക്കുകയാണ്. ഇങ്ങോട്ടെത്തി കാണാത്തവരെ അങ്ങോട്ട് ചെന്ന് കാണിക്കുക. അത്യാവശ്യമാണത്, കാരണം ചരിത്രങ്ങളിലെ നുണക്കഥകള്‍ അത്രയ്ക്ക് ശക്തിപ്പെട്ടുവരുമ്പോള്‍ സത്യത്തിന് തോല്‍വി പറ്റരുതല്ലോ....

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.