ജയിലില്‍ കൂട്ടുകാരിയുമായി ആകാശിന്റെ സല്ലാപത്തില്‍ അന്വേഷണത്തിന് ഉത്തരവ്

Saturday 24 March 2018 3:53 pm IST

കണ്ണൂര്‍: ഷുഹൈബ് വധക്കേസില മുഖ്യപ്രതി സിപി‌എം പ്രവര്‍ത്തകന്‍ ആകാശ് തില്ലങ്കേരി പെണ്‍കുട്ടിക്കൊപ്പം ജയിലില്‍ കഴിഞ്ഞ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിജിപിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

മധ്യമേഖല ജയില്‍ ഡിഐജി സാം തങ്കയ്യനോട് അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാനാണ് ഡിജിപി നിര്‍ദ്ദേശിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വധിച്ച കേസിലെ പ്രതികള്‍ക്ക് ജയിലില്‍ വഴിവിട്ട സഹായങ്ങള്‍ ലഭിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ കഴിഞ്ഞ ദിവസമാണ് ഡിജിപിക്ക് പരാതി നല്‍കിയത്. 

കേസിലെ മുഖ്യപ്രതിയായ ആകാശ് തില്ലങ്കേരിക്ക് മൂന്ന് ദിവസത്തിനിടെ 12 മണിക്കൂര്‍ കൂട്ടുകാരിയുമായി ജയിലില്‍ കൂടിക്കാഴ്ച നടത്താന്‍   ഉദ്യോഗസ്ഥര്‍ അവസരമൊരുക്കിയെന്നും ഷുഹൈബ് കേസിലെ പ്രതികളുടെ സെല്‍ പൂട്ടാറില്ലെന്നും ഇവര്‍ക്ക് ജയിലില്‍ വലിയ സ്വാതന്ത്ര്യമാണെന്നും സുധാകരന്റെ പരാതിയില്‍ പറയുന്നു.

തടവുകാരുമായി കൂടിക്കാഴ്ച നടത്താന്‍ അനുമതി നല്‍കാത്ത സ്ഥലത്താണ് ആകാശും കൂട്ടുകാരിയും സംസാരിച്ചത്. യുവതിയുമായി നേരത്തെ കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിന് സമീപം നിന്ന് ആകാശ് സെല്‍ഫിയെടുത്തത് വിവാദമായിരുന്നു. മുഖം രക്ഷിക്കാന്‍ ആകാശിനെ സിപി‌എം അടുത്തിടെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിന് ശേഷവും ആകാശിനെ സിപി‌എം-ഡിവൈ‌എഫ്‌ഐ നേതാക്കള്‍ ജയിലില്‍ സന്ദര്‍ശിക്കാറുണ്ട്. 

നേരത്തെ മട്ടന്നൂരിലെ മറ്റൊരു കൊലപാതക കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ സമയത്തും കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലില്‍ ആകാശിന് പ്രത്യേക പരിഗണന നല്‍കിയിരുന്നു. സിപി‌എം അധികാരത്തിലെത്തിയ ശേഷം കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലില്‍ സിപി‌എമ്മുകാര്‍ സകല നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് മുന്നോട്ട് പോകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.