വടക്കൻ കേരളത്തിൽ ഇനി പൂരക്കാലം

Sunday 25 March 2018 2:35 am IST
കന്യകമാര്‍ക്ക് പൂരക്കാലം വ്രതാനുഷ്ഠാനത്തിന്റേതാണ്. കാമാപൂജയാണ് പൂരത്തിന് മുഖ്യം. പെണ്‍കൊടികള്‍ ഈ ദിനങ്ങളില്‍ കാമദേവനെ പൂവിട്ടു പൂജിക്കും.
"undefined"

വസന്തോത്സവത്തിന്റെ വരവറിയിച്ച് വടക്കന്‍ കേരളത്തില്‍ ഒരു പൂരക്കാലം കൂടി വന്നണഞ്ഞു.  വടക്കേ മലബാറിലെ കാവുകളും കഴകങ്ങളും ഇനി പൂവിളിയും പൂരക്കളിയും കൊണ്ട് സജീവമാകും. പൂരക്കാലത്ത് കാമദേവന് പൂജാ പുഷ്പമൊരുക്കാന്‍ കന്യകമാര്‍ മത്സരിച്ച് പൂരപ്പൂക്കള്‍ ശേഖരിക്കാനോടുന്ന കാഴ്ച വടക്കേ മലബാറിന്റെ ഗ്രാമങ്ങള്‍ക്ക് സ്വന്തം. മീനമാസത്തിലെ കാര്‍ത്തിക നാള്‍ തൊട്ട് പൂരം നാള്‍ വരയുള്ള ഒമ്പത് ദിവസങ്ങളിലാണ് പൂരോത്സവം കൊണ്ടാടുന്നത്. ഇത് ഊര്‍വ്വരതയുടെ കാലം കൂടിയാണ്. മീനമാസത്തിലെ പൂരം നാളില്‍ കൊടിയിറങ്ങും വിധമാണ് ഉത്തരകേരളത്തിലെ പൂരക്കാലം. ഒരുമാസക്കാലം പൂരോത്സവം നടക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളും വടക്കന്‍ കേരളത്തില്‍ കാണാം. ഇതുതന്നെ അഞ്ചു ദിവസങ്ങളായി കൊണ്ടാടുന്നന്ന ക്ഷേത്രങ്ങളും നിലവിലുണ്ട് ദേശങ്ങളുടെ പ്രത്യേകതകള്‍ അനുസരിച്ച് പൂരാഘോഷ ദിവസങ്ങളുടെ എണ്ണത്തിലും മാറ്റങ്ങളുണ്ട്.

കണ്ണൂര്‍ പള്ളിക്കുന്ന് ശ്രീ മൂകാംബികാ ദേവീ ക്ഷേത്രം, മാടായിക്കാവ്, മാമാനത്ത് മഹാദേവീ ക്ഷേത്രം വെള്ളൂര്‍ കൊടക്കത്ത് കൊട്ടണച്ചേരി ക്ഷേത്രം, തങ്കയം കുന്നച്ചേരി പൂമാല ഭഗവതി ക്ഷേത്രം, രാമവില്യം കഴകത്തിന്റെ ഉപക്ഷേത്രങ്ങളായ പേക്കടം കുറുവാപ്പള്ളി അറ, ഒളവറ മുണ്ട് എന്നീ ക്ഷേത്രങ്ങള്‍, കുറിഞ്ഞിക്ഷേത്രം, കുഞ്ഞിമംഗലം അണീക്കര ക്ഷേത്രം, കാണ്ടോത്ത് ക്ഷേത്രം, വാണിയില്ലം സോമേശ്വരി ക്ഷേത്രം, അതിയടം പാലോട്ട് കാവ്, യാദവ സമുദായ ക്ഷേത്രമായ കുറ്റൂര്‍ കണ്ണങ്ങാട്ട് ക്ഷേത്രം, മുകയ സമുദായ ക്ഷേത്രമായ കൊയോങ്കര പയ്യക്കാല്‍ ഭഗവതി ക്ഷേത്രം തുടങ്ങിയവയാണ് പൂരോത്സവമാഘോഷിക്കുന്ന വടക്കന്‍ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങള്‍. ചെറുവത്തൂര്‍ വീരഭദ്ര ക്ഷേത്രം, പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രം, എന്നിവ ഒരുമാസക്കാലം പൂരോത്സവം നടക്കുന്ന ക്ഷേത്രങ്ങളാണ്.

കന്യകമാര്‍ക്ക് പൂരക്കാലം വ്രതാനുഷ്ഠാനത്തിന്റേതാണ്. കാമാപൂജയാണ് പൂരത്തിന് മുഖ്യം. പെണ്‍ കൊടികള്‍ ഈ ദിനങ്ങളില്‍ കാമദേവനെ പൂവിട്ടു പൂജിക്കും. എരിക്കിന്‍പ്പൂവ്, അതിരാണിപ്പൂവ്, വയറപ്പൂവ്, പാലപ്പൂവ്, ആലോത്തിന്‍പൂ, കട്ടപ്പൂ, ചെമ്പകപ്പൂ, മുരിക്കിന്‍പൂ, വയറപ്പൂ, നരയമ്പൂവ്, ചെക്കിപ്പൂവ് തുടങ്ങിയവയാണ് പ്രധാന പൂരപ്പൂക്കള്‍. പൂക്കൂടകളുമായി ഗ്രാമ കന്യകമാര്‍ പൂക്കള്‍ തേടിയിറങ്ങും. പെണ്‍കുട്ടികള്‍ക്കൊപ്പം ആണ്‍കുട്ടികളും പൂക്കള്‍ ശേഖരിച്ചു നല്‍കാനുïാകും. പൂക്കള്‍ തേടി മുത്തശ്ശിയുമൊത്ത് കാടു താïിയും വലിഞ്ഞു കേറിയാല്‍ ഒടിയുമെന്നുറപ്പുള്ള ചെമ്പകത്തില്‍ ചാടിക്കേറി പൂക്കള്‍ ഇറുക്കുന്ന കുറുമ്പന്മാരുടേയും കുറുമ്പികളുടേയും കാലം കൂടിയാണ് പൂരക്കാലം. പൂരദിനത്തിലാണ് പൂവിട്ട പൂജിച്ച കാമനെ യാത്രയാക്കുക. പാലുള്ള മരത്തിന്റെ ചുവട്ടില്‍ കാമന് പൂരക്കഞ്ഞിയും, പൂര അടയും നിവേദിക്കും... നേരത്തെ കാലത്തെ വരനെ കാമാ...തെക്കോട്ട് പോകല്ലേ കാമാ..... എന്നിങ്ങനെ പാടിയാണ് പൂരം നാളില്‍ കാമദേവനെ യാത്രയാക്കുക... കാമദേവന്‍, പത്‌നി, ഗണതി, രാജാവ്, മന്ത്രി, ഭടന്മാര്‍ തുടങ്ങിയ രൂപങ്ങള്‍ കളിമണ്ണില്‍ തീര്‍ത്ത് പൂവിട്ട് പൂജിക്കുന്നു. മുറത്തില്‍ പ്ലാവ്, കാഞ്ഞിരം, പാല എന്നിവയുടെ ഇലകള്‍ ഒമ്പത് വീതം നിരത്തിവെച്ച് അതില്‍ തിരിയിട്ട് കത്തിച്ച് കാമദേവന് പൂരം നാളില്‍ ഉഴിഞ്ഞിടുന്ന ചടങ്ങ് കൂടി ചില സ്ഥലങ്ങളില്‍ കാണാറുണ്ട്.

പൂരം പൂക്കളുടെ കൂടി ഉത്സവമാണ്. കടുത്ത വേനലിനെ അതിജീവിച്ച് ചെത്തി മുതല്‍ ചെമ്പരത്തി വരെ ചിരിച്ചുല്ലസിച്ച നാളുകള്‍. പൂക്കളുടെ പൂരം പെണ്‍കുട്ടികളുടേതു കൂടിയാണ്. അവരുടെ ഭാവി വരന്റെ രൂപമുണ്ടാക്കി അതിനു പൂരച്ചോറും, ഓട്ടു മങ്ങണത്തില്‍ ചുട്ട അപ്പവും നേദിച്ച് വരും കൊല്ലവും നേരത്തെ കാലത്തെ എത്തണേ കാമാ എന്ന് ആശ്ലേഷിച്ച് അവരുടെ കാന്തനെ യാത്രയാക്കുന്ന ചടങ്ങുകള്‍. സൗന്ദര്യത്തിന്റെ, പ്രണയ സാഫല്യത്തിന്റെ പ്രതിരൂപമാണ് കാമദേവന്‍. ദേവനെ വീട്ടിലേക്കെഴുന്നള്ളിക്കുന്ന പൂരം മനസിലേക്ക് ഭാവി വരനെ സ്വീകരിക്കാനൊരുങ്ങുന്ന പെണ്‍കുട്ടികള്‍ക്കുള്ളതാണ്.

കോപാകുലനായ ശിവന്റെ മൂന്നാം കണ്ണിനാല്‍ ഭസ്മമായിപ്പോയ സൗന്ദര്യത്തിന്റെ, പ്രണയത്തിന്റെ, ഭാവിയുടെ പ്രതിപുരുഷനായ കാമദേവനെ പുനര്‍ജീവിപ്പിക്കാന്‍ രതീദേവി നടത്തുന്ന യജ്ഞത്തെ ഓര്‍മ്മിപ്പിക്കുന്ന ഉത്സവമാണിത്. രതി തന്റെ ഇഷ്ടദേവനോട് യാചിക്കുന്നു. എന്റെ കാന്തനെ, കാമനെ മഹാദേവന്‍ ശപിച്ച് ഭസ്മമാക്കിയിരിക്കുന്നു. തിരിച്ചു തരണം, ജീവനോടെ. ഭഗവാന്‍ പറഞ്ഞു. പ്രയാസപ്പെടï. രതി ഒരു കാര്യം ചെയ്യൂ. പൂക്കള്‍ കൊണ്ട് കാമവിഗ്രഹം ഉണ്ടാക്കി ധ്യാനിക്കുക. വടക്കേമലബാറിലെ പെണ്‍കുരുന്നുകള്‍ തന്റെ ഭാവി വരന് ഐശ്വര്യമുണ്ടാകുവാന്‍ പൂക്കള്‍ കൊണ്ട് രൂപമുണ്ടാക്കി ധ്യാനിക്കുന്നു. ആയുരാരോഗ്യ സൗഖ്യത്തിനായ് പ്രയത്‌നിക്കുന്നു. 

പൂരക്കാലമായാല്‍ പതിനെട്ടുനിറങ്ങളില്‍ പൂരക്കളിയുടെ ചടുല ചലനങ്ങള്‍ നിറയും. കാമന്റെ തിരിച്ചു വരവിനായി പതിനെട്ടു കന്യകമാര്‍ പതിനെട്ടു നിറങ്ങളില്‍ പാടിക്കളിച്ചതാണ് പൂരക്കളി എന്നാണ് ഐതിഹ്യം. കായിക പ്രധാനമായ ഈ കളി പില്‍ക്കാലത്ത് പുരുഷന്മാര്‍ ഏറ്റെടുത്തതാണത്രേ. പൂരംകുളിക്ക് മുമ്പായാണ് ഓരോ ക്ഷേത്രത്തിലെയും പൂരക്കളി, മറത്തുകളി എന്നിവ നടന്നു വരുന്നത്. ഇതിന്റെ പ്രാരംഭ നടപടികളെന്ന നിലയില്‍ സംസ്‌കൃത പണ്ഡിതന്മാരായ പൂരക്കളി പണിക്കന്മാരെ നേരത്തെ നിശ്ചയിച്ച പ്രകാരം അതാത് ക്ഷേത്രങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകും. മറത്തുകളിയാണ് പൂരക്കളിയിലെ പാണ്ഡിത്യ പ്രധാനമായ ഇനം.  കാവുകളിലെ, അല്ലെങ്കില്‍ ക്ഷേത്രങ്ങളിലെ പണിക്കന്മാര്‍ കളരിമുറയില്‍ കെട്ടിച്ചുറ്റി ശാസ്ത്രം, തര്‍ക്കം, ജ്യോതിഷം, നാട്യശാസ്ത്രം, രാഷ്ട്രമീമാംസ എന്നി വിഷയങ്ങളിലെല്ലാം വാദപ്രതിവാദം നടത്തുന്നു. 

പണിക്കന്മാരുടെ വാക്ചാതുരിയും, പാണ്ഡിത്യവും മാറ്റുരയ്ക്കുന്ന വാക്യാര്‍ത്ഥ സദസ്സാണിത്. പൂരക്കളി കാണാന്‍ ഗ്രാമമൊന്നാകെ പൂരക്കളി പന്തലിലേക്ക് ഒഴുകിയെത്തും. ഒന്നാം നിറം മുതല്‍ 18 വരെയുള്ള പൂരമാല കഴിക്കുകയെന്ന ചടങ്ങാണ് പൂരക്കളിയുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ടത്. അതോടൊപ്പം പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും ഏടുകള്‍ അടര്‍ത്തിയെടുത്ത് അതിനെക്കുറിച്ച് ചര്‍ച്ച ചെയ്ത്, ചോദിച്ചും പറഞ്ഞും പണിക്കന്മാര്‍ പരസ്പരം കൊമ്പുകോര്‍ക്കുന്ന വാക്യാര്‍ഥ സദസ്സാണ് മറത്തുകളി. തിയ്യ സമുദായങ്ങളുടെ പൂമാലക്കാവുകളിലും മറ്റു ദേവസ്ഥാനങ്ങളിലുമാണ് പൂരക്കളിയും മറത്തുകളിയും പ്രധാനമായും ആഘോഷമായി കൊണ്ടാടുന്നത്.

ഇതര സമുദായങ്ങളായ മുകയ, യാദവ തുടങ്ങിയവരുടെ ക്ഷേത്രങ്ങളിലും പൂരക്കളി നടന്നു വരുന്നുണ്ട്. അര നൂറ്റാണ്ടിലേറെ കാലമായി മറത്തുകളി രംഗത്തെ മഹാമേരുവെന്ന് വിശേഷിപ്പിക്കാവുന്ന കരിവെള്ളൂര്‍ വി.പി.ദാമോദരന്‍ പണിക്കര്‍ ഇത്തവണ ഈ രംഗത്ത് ഇല്ലായെന്നത് ആസ്വാദകരില്‍ നിരാശയുണ്ടാക്കിയിട്ടുണ്ട്. കക്കുന്നം പത്മനാഭന്‍, ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് എടാട്ടുമ്മലിലെ പി.ഭാസ്‌കരന്‍ പണിക്കര്‍, കാഞ്ഞങ്ങാട് ദാമോദരന്‍ പണിക്കര്‍, കെ.വി.കൃഷ്ണന്‍, പി.രാജന്‍ പണിക്കര്‍, പി.പി.മാധവന്‍ പണിക്കര്‍ എന്നിവരാണ് മറത്തുകളി രംഗത്തെ പ്രഗത്ഭര്‍.

വേദാന്തം, വ്യാകരണം, നാട്യം, പുരാണം, കാവ്യം, നാടകം, ശില്പകല, അലങ്കാരം, മീംമാംസ തുടങ്ങി ഗ്രാമീണ ജനതയ്ക്ക് അന്യമായ നിരവധി വിജ്ഞാനശാഖകളാണ് പൂരക്കളിയിലെ മറത്തുകളിയിലൂടെ ഗ്രാമീണര്‍ക്കിടയിലേക്ക് പകര്‍ന്ന് നല്‍കുന്നത്. പൂരക്കളിക്കായി കച്ചയും ചോപ്പും മുറുക്കി അരങ്ങിലെത്തുന്നവരില്‍ പണ്ഡിത-പാമര, ധനിക-ദരിദ്ര വ്യത്യാസങ്ങളില്ല എന്നതും ഈ കലാരൂപത്തിന്റെ മാത്രം പ്രത്യേകതയാണ്.

പൂരംകുളിയാണ് പൂരോത്സവത്തിലെ മറ്റൊരു പ്രധാന ചടങ്ങ്. പൂരം കുളി ദിവസം വിഗ്രഹങ്ങളും, തിരുവായുധങ്ങളും കുളക്കടവിലേക്ക് എഴുന്നള്ളിച്ച് കുളിപ്പിച്ച് ശുദ്ധിവരുത്തുന്നതാണ് പൂരംകുളി. എല്ലാം കൊണ്ടും മനോഹരമായ കാഴ്ചകളാണ് ഓരോ പൂരക്കാലത്തും വടക്കന്‍ കേരളത്തില്‍ നിറയുന്നത്. ഈ മാസം 22 നാണ് പൂരോത്സവങ്ങള്‍ക്ക് തുടക്കമായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.